ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ബ്രോക്കർമാർക്കുമായി 'ഒരു രാജ്യം, ഒറ്റ ലൈസൻസ്' രീതി നടപ്പിൽ വന്നേക്കും. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി (റെറ) നിയമത്തിൽ ഭേദഗതി കൊണ്ടു വരാനാണ് കേന്ദ്ര സർക്കാർ നീക്കം. ഭേദഗതി കൊണ്ടു വരുന്നതിന്റെ നിയമവശം പരിശോധിക്കുകയാണ് കേന്ദ്ര നഗരവികസന മന്ത്രാലയം.

ഒരു സംസ്ഥാനത്തു നിന്നു നേടുന്ന ലൈസൻസ് ഇന്ത്യയിലെവിടെയും ബാധകമാക്കുക, ലൈസൻസ് ഫീസ് ഏകീകരിക്കുക എന്നീ ആവശ്യങ്ങളുടെ നിയമവശമാണു പരിശോധിക്കുന്നത്. ഇതോടെ നിയമമായാൽ 'ഒരു രാജ്യം, ഒറ്റ ലൈസൻസ്' രീതി നടപ്പിൽ വരും. കഴിഞ്ഞദിവസം ചേർന്ന, ദേശീയ ഉപദേശക സമിതി യോഗം വിഷയം ചർച്ച ചെയ്തു. തുടർന്നാണ് ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ നഗരവികസന മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി നിർദേശിച്ചത്.

ലൈസൻസിങ് ദേശീയ തലത്തിൽ ഏകീകരിക്കണമെന്ന വിഷയം റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രധാന ആവശ്യമാണ്. ലൈസൻസ് നേടിയ അരലക്ഷത്തോളം പേരാണുള്ളതെങ്കിലും ഇതില്ലാതെ 20 ലക്ഷത്തോളം പേർ റിയൽ എസ്റ്റേറ്റ് രംഗത്തുണ്ട്. ഇടപാടു നടത്താൻ ലൈസൻസ് നിർബന്ധമാക്കാനാണ് നീക്കം.

നിയമപ്രകാരം, ഓരോ സംസ്ഥാനത്തും റജിസ്‌ട്രേഷൻ നടത്തി ലൈസൻസ് എടുത്ത ശേഷമേ ഏജന്റുമാർക്കും ബ്രോക്കർമാർക്കും ഇടപാടു നടത്താൻ അനുവാദമുള്ളൂ. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യങ്ങളിലും ബ്രോഷറുകളിലുമെല്ലാം റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്ത നമ്പർ പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. റജിസ്‌ട്രേഷൻ ഇല്ലാതെ പരസ്യം നൽകുകയോ ഇടപാടു നടത്തുകയോ ചെയ്താൽ പിഴയുണ്ട്.

ഒന്നിലധികം സംസ്ഥാനത്തു റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തുന്നവർക്ക് ഓരോ സംസ്ഥാനത്തും പ്രത്യേകം ലൈസൻസ് നേടേണ്ട അവസ്ഥയുണ്ട്. അതുകൊണ്ടാണ് ഏകീകൃത ലൈസൻസിംഗിനെ കുറിച്ച് ആലോചിക്കുന്നത്. പല സംസ്ഥാനങ്ങളിലും ലൈസൻസ് നേടാൻ വലിയ ഫീസും നൽകണം. 10,000 മുതൽ 2.5 ലക്ഷം രൂപ വരെയാണു ലൈസൻസ് ഫീസ്. ഭേദഗതി വന്നാൽ ലൈസൻസ് കൊടുക്കുക എന്നത് കേന്ദ്ര ഉത്തരവാദിത്തമായി മാറും.