ദോഹ: തങ്ങളുടെ ഇമേജ് വർധിപ്പിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളെ പണം കൊടുത്ത് സ്വാധീനിക്കുന്നതിന്റെ പേരിൽ നേരത്തെ തന്നെ ആരോപിതരായ രാജ്യമാണ് ഖത്തർ. ഇവിടേക്ക് ലോകകപ്പ് എത്തിയതുതന്നെ പഴയ ഫിഫ പ്രസിൻഡ് സെപ്ബ്ലാറ്ററിനും
, മൂൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സർക്കോസിക്കുമൊക്കെ കോടികൾ കൈക്കൂലി കൊടുത്താണെന്ന് വിദേശമാധ്യമങ്ങളിൽ മുമ്പ് വാർത്ത വന്നിരുന്നു. ഫിഫ തന്നെ ഇതുസംബന്ധിച്ച് അന്വേഷണവും നടത്തിയിരുന്നു. പക്ഷേ കാര്യമായ തെളിവുകൾ ഒന്നും കിട്ടാത്തതിനെ തുടർന്ന് ആ വിഷയം അണഞ്ഞുപോവുകയായിരുന്നു. പക്ഷേ അപ്പോഴും, കാര്യമായ ഫുട്ബോൾ പാരമ്പര്യമൊന്നുമില്ലാത്ത, ലിംഗനീതിയും, ട്രാൻസ് ജെൻഡർ പോളിസിയും ഒന്നും അംഗീകരിക്കാത്ത ഒരു രാജ്യത്തിന് 2010ൽ ഫിഫ പൊടുന്നനേ ലോകകപ്പ് അനുവദിച്ചതിന്റെ കാരണം ഇന്നും ദുരൂഹമാണെന്ന് വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടാറുണ്ട്.

പക്ഷേ ഇപ്പോഴിതാ യൂറോപ്പൻ രാജ്യങ്ങളെ വിലയ്‌ക്കെടുക്കാൻ ശ്രമിച്ച് ഖത്തർ കൈയയോടെ പിടിക്കപ്പെട്ടിരിക്കയാണ്. കഴിഞ്ഞ ദിവസം നാല് ഖത്തർ സീനിയർ ഉദ്യോഗസ്ഥന്മാരെയാണ് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തതത്, യുകെ ഡെയിലി ന്യൂസ് തൊട്ട് പാക്കിസ്ഥാനിലെ ഡോൺ പത്രംവരെ വാർത്തയാക്കിയിട്ടുണ്ട്.

യൂറോപ്യൻ പാർലമെന്റിൽ അംഗമായ ഇറ്റലിയിൽ നിന്നുള്ള ഒരു സോഷ്യലിസ്റ്റ് നേതാവിനെ പണം കൊടുത്ത് സ്വാധീനിക്കുവാൻ ശ്രമിച്ചതിനാണ് അറസ്റ്റ് നടന്നത് എന്നാണ് ബ്രിട്ടീഷ്- ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നത്. ബ്രസൽസിന്റെ 16 വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയാണ് ഈ സംഘത്തെ പിടികൂടിയത്.  യൂറോപ്പ്യൻ യൂണിയനിൽ സാമ്പത്തിക രാഷ്ട്രീയ നയ രൂപീകരണത്തിൽ ഖത്തറിന്റെ പല ആവശ്യങ്ങളും ഉയർത്തിക്കൊണ്ടു വരുവാനും, അത് യൂറോപ്യൻ പാർലമെന്റിൽ അംഗീകരിക്കുവാനും വേണ്ടിയാണ്, പണം കൈമാറ്റം നടന്നത് എന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ബെൽജിയം പൊലീസ് ഒരു രാജ്യത്തിന്റെയും പേര് എടുത്തു പറഞ്ഞിട്ടില്ല. ഒരു ഗൾഫ് രാഷ്ട്രം എന്നാണ് പൊലീസിന്റെ ഔദ്യോഗിക വാർത്താകുറിപ്പിൽ പറയുന്നത്. പക്ഷേ അത് ഖത്തർ ആണെന്ന് മാധ്യമങ്ങൾ ഉറപ്പിക്കുകയാണ്.

ഇവരുടെ കൂട്ടത്തിൽ ഇറ്റലിയിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗത്തെതിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പണത്തിനൊപ്പം വിലകൂടിയ സ്വർണ്ണ വാച്ചുകൾ അടക്കമുള്ള സമ്മാനങ്ങളും, പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പല മനുഷ്യാവകാശ ലംഘനങ്ങളുടെയും മുനയൊടിക്കുവാനും യൂറോപ്യൻ രാജ്യങ്ങളെ കൊണ്ട് ഖത്തറിന്റെ ഇമേജ് വർധിപ്പിക്കുവാനുമാണ് ഈ പണം മുടക്കുന്നത് എന്നാണ് പറയുന്നത്.

ഖത്തർ തന്നെയെന്ന് വിദേശ മാധ്യമങ്ങൾ

ബെൽജിയൻ ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് നൽകിയ വിശദീകരണത്തിൽ രാജ്യത്തിന്റെ പേര് നൽകിയിട്ടില്ല. പക്ഷേ 2004 മുതൽ 2019 വരെ എംപി ആയിരുന്ന തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ സോഷ്യലിസ്റ്റിന് കൈക്കൂലി നൽകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന രാജ്യം ഖത്തറാണെന്ന് ബെൽജിയൻ ദിനപത്രമായ ദി ഈവനിങ് റിപ്പോർട്ട് ചെയ്യുന്നു. ഖത്തറാണ് ഈ രാജ്യമെന്നും, അറസ്റ്റിലായവർ ഇറ്റലിക്കാരോ ഇറ്റാലിയൻ വംശജരോ ആണെന്നും, പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സോഴ്സിനെ ഉദ്ധരിച്ച് എഎഫ്‌പി പ്രസും റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് ദിനപത്രമായ ദി ഈവനിംഗും ഫ്ലെമിഷ് വാരികയും സംയുക്തമായി അന്വേഷണം നടത്തിയതനുസരിച്ച്, 2004 മുതൽ 2019 വരെ യൂറോപ്യൻ പാർലമെന്റ് അംഗമായിരുന്ന, ഇറ്റാലിയൻ സോഷ്യലിസ്റ്റ് പിയർ-അന്റോണിയോ പാൻസേരിയാണ് അറസ്റ്റിലായ മുൻ എംപി എന്ന് വ്യക്തമായിട്ടുണ്ട്. ഈ 67 കാരൻ ഇന്ന് തലപ്പത്ത് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പോരാട്ടത്തിനായുള്ള ഒരു പ്രധാന സംഘടനയുടെ ഭാഗമാണ്.

സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇവർ പണം നൽകി സ്വാധീനം ചെലുത്തുന്നതായി സംശയിക്കുന്നു. തീവ്രവാദത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന ബെൽജിയൻ ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസാണ് കേസ് അന്വേഷിക്കുന്നത്. ഇവരുടെ കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഒരു ആശയത്തിനുവേണ്ടി ആളുകളെ ലോബിയിങ്ങ് നടത്തുന്നത് ബ്രിട്ടൻ അടക്കമുള്ള ചില രാജ്യങ്ങളിൽ നിയമവിധേയം ആണെങ്കിലും ബെൽജിയത്തിൽ അങ്ങനെയല്ല. മാത്രമല്ല, ലോബീയിങ്ങും ബ്രൈബിങ്ങ് അഥവാ കൈക്കൂലിയും രണ്ടും രണ്ടാണ്. ഈ വാർത്ത പൂർണ്ണമായും ശരിയാണെങ്കിൽ ലോകകപ്പ് വിജയകരമായി നടത്തിക്കൊണ്ടുവരുന്ന ഖത്തറിന് അത് വലിയ തിരിച്ചടിയാവും. നേരത്തെയും തീവ്രവാദഫണ്ടിങ്ങിന്റെ പേരിൽ വിവാദത്തിലായ രാജ്യമാണ് ഖത്തർ. അൽഖായിദ തൊട്ട് ഐസിസ് വരെയുള്ള സംഘടനകൾക്ക് നേരത്തെ ഫണ്ട് എത്തിയിരുന്നത് ഖത്തറിൽനിന്നാണെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതേ തുടർന്ന് സൗദി അറേബ്യപോലും ഖത്തറിനെ ഉപരോധിച്ചിരുന്നു. എന്നാൽ 2017 മുതൽ ഖത്തർ ഇത്തരം ഫണ്ടിംങ്ങ് പൂർണ്ണമായും നിർത്തിയിരുന്നു. ഇസ്ലാമിക പ്രബോധനത്തിന് എന്നപേരിൽ കേരളത്തിൽവരെ ഖത്തർ പണം എത്തിയിരുന്നുവെന്നും, അത് നിന്നുപോയതാണ് തേജസും, മാധ്യമവും അടക്കമുള്ള ഇസ്ലാമിക പത്രങ്ങളെ പ്രതിസന്ധിയിൽ ആക്കിയതെന്നും ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സാമൂഹിക നിരീക്ഷകർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.