- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്യാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം, നല്ല സാമർഥ്യം!'; വി.മുരളീധരനെ പരിഹസിച്ച് ടി.ജി.മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കമന്റ് ബോക്‌സിൽ ഗ്രൂപ്പ് തിരിഞ്ഞ് പോരടിച്ച് ബിജെപി പ്രവർത്തകർ; ജാതിവാൽ ഇല്ലാത്തതാണ് അസൂയക്ക് കാരണമെന്ന് കടുത്ത അനുയായികൾ
കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് ബിജെപി മുൻ വക്താവും രാഷ്ട്രീയ നിരീക്ഷകനുമായ ടി.ജി.മോഹൻദാസിന്റെ ഫേസ്‌ബുക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം മുരളീധരൻ യാദൃച്ഛികമെന്നതുപോലെ പിന്നിൽ ഏതെങ്കിലും വശത്ത് കയറിയിരിക്കുമെന്നാണ് മോഹൻദാസിന്റെ പോസ്റ്റിൽ പറയുന്നത്. മുരളീധരന്റെ പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്നു കരുതരുതെന്നു പോസ്റ്റിട്ടത്.
'ക്യാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം, നല്ല സാമർഥ്യം!' എന്നായിരുന്നു മോഹൻദാസിന്റെ വിമർശനം. പോസ്റ്റിനുതാഴെ കമന്റ് ബോക്‌സിൽ ബിജെപി പ്രവർത്തകർ ഗ്രൂപ്പുതിരിഞ്ഞു പോരാടുകയാണ്. രാജ്യസഭാ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയുടെ പിന്നിലിരിക്കുന്നതിൽ കേരളത്തിലെ നേതാക്കൾക്ക് അസഹിഷ്ണുത എന്തിനാണെന്നാണു മുരളീധരന്റെ അനുയായികളുടെ ചോദ്യം. എന്നാൽ, കേരളത്തിൽ ബിജെപി വളരാതിരിക്കാനുള്ള കാരണം മുരളീധരനെപ്പോലുള്ളവർ ഗ്രൂപ്പിസത്തിനും അധികാരത്തിനും പിറകെ പോവുന്നതാണെന്ന് എതിർപക്ഷവും പറയുന്നു.
ടി.ജി.മോഹൻദാസിന്റെ കുറിപ്പ്:
പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി.മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും! കാമറ ഏതാങ്കിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർഥ്യം! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്നു കരുതരുത് കേട്ടോ..
ടി.ജി. മോഹൻദാസിന്റെ പരാമർശം സൈബർ ഇടത്തിൽ ചുടേറിയ ചർച്ചയാകുകയാണ്. ഇതിലൂടെ ബിജെപിക്കുള്ളിലെ രൂക്ഷമായ വിഭാഗീയതയും മറനീക്കുന്നു. പ്രധാനമന്ത്രി രാജ്യസഭയിൽ എത്തുമ്പോൾ കാമറയിൽ വരത്തക്കവണ്ണം മുരളീധരൻ ഇടംപിടിക്കുമെന്നാണ് ടി.ജി. മോഹൻദാസ് കുറിച്ചത്.
ഇതിനെതിരെ മുരളീധര അനുയായികളായ സംസ്ഥാന സെക്രട്ടറിയും ദക്ഷിണ മേഖല സെക്രട്ടറിയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വാലുള്ള നേതാവല്ലാത്തതാണ് അദ്ദേഹത്തോടുള്ള എതിർപ്പിന് കാരണമെന്നാണ് ഇവരുടെ അഭിപ്രായം. 200-ാം പേർ പങ്കുവെച്ച പോസ്റ്റിൽ ആയിരത്തോളം പേരാണ് അഭിപ്രായങ്ങൾ എഴുതിയത്. അയ്യായിരത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കമന്റുകളിലൂടെ ബിജെപിക്കുള്ളിൽ നടക്കുന്ന തർക്കങ്ങളും ജാതിയ വേർതിരിവുകളുമാണ് മറനീക്കുന്നത്.
പരാമർശത്തിന് താഴെ തീരേ തരം താഴരുതെ.. മോഹൻ ദാസ് ജി, ഇത്തരം പോസ്റ്റുകൾ താങ്കളുടെ വില കുറക്കുന്നു, കഷ്ടം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കരമന ജയന്റെ പ്രതികരണം. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരുന്ന കാലയളവിൽ ബൂത്ത്തലം മുതൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റത്തിന് കാരണം. കേന്ദ്ര മന്ത്രിയായി പ്രവർത്തിക്കുമ്പോഴും സാധാരണ പ്രവർത്തകരുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് കരുതലായി നിൽക്കുന്ന ഒരു നാഥനായിട്ടാണ് പ്രവർത്തിക്കുന്നത്. ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിലെ അസൂയിലാണ് ചില ടി.ജിമാർ പോസ്റ്റുകൾ ഇട്ട് അദ്ദേഹത്തെ തരം താഴ്‌ത്താൻ ശ്രമിക്കുന്നതെന്നും ജയൻ കുറിക്കുന്നു.
ബിജെപിക്ക് നേരെയുണ്ടായ വോട്ടുകച്ചവടം എന്ന പേരുദോഷം മാറിയത് മുരളീധരൻ പാർട്ടിയെ നയിച്ച കാലത്താണെന്ന് ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാറും കുറിച്ചു. എന്നാൽ അദ്ദേഹം വാലുള്ള പ്രസിഡന്റ് അല്ലായിരുന്നു. ഇതാണ് ചിലർക്ക് ദഹിക്കാൻ പ്രയാസം. മുരളീധരൻ ഓട് പൊളിച്ച് വന്നതല്ലെന്നും എംപിയും മന്ത്രിയും ആയത് മുതലുള്ള ചൊറിച്ചിലാണ് പലരും പ്രകടിപ്പിക്കുന്നത്. യേട്ടൻ ഫാൻസ് എന്ന നിലയിൽ തങ്ങളെ ആക്ഷേപിക്കാൻ ആരും വരേണ്ടതില്ലെന്നും കൃഷ്ണകുമാർ എഴുതുന്നു. അങ്ങനെ വന്നാൽ രണ്ട് 'ഉണ്ടംപൊരിയാണ്' എന്ന പരിഹാസവുമുണ്ട്.
അതേസമയം, മോഹൻദാസിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തുള്ളത്. 'താങ്കൾ മുരളീധരനെ ശരിക്കും മനസിലാക്കിയല്ലോ, കേരളത്തിൽ ബിജെപി വളരാതിരിക്കാനുള്ള പ്രധാന കാരണക്കാരനും ഗ്രൂപ്പിസത്തിന്റെയും അധികാരത്തിന്റെയും പിന്നാലെ പോകുന്നയാൾ, ബിജെപിയെ കെ.ജെ.പിയാക്കിയ ആൾ തുടങ്ങിയ തരത്തിലാണ് സംഘ്പരിവാറുകാരിൽ നിന്നുതന്നെയുള്ള പ്രതികരണം.
അതേസമയം, പാർലമെന്ററി കാര്യമന്ത്രി എന്ന നിലയിൽ നിശ്ചയിക്കപ്പെട്ട സ്ഥലത്താണ് അദ്ദേഹം ഇരിക്കുന്നതെന്നും അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന തരത്തിലുള്ള പ്രതിരോധവുമായി മുരളീധര പക്ഷവും സജീവമാണ്. മറ്റുള്ളവർക്ക് ചെളി വാരിയെറിയാൻ സ്വന്തം മണ്ണ് തന്നെ കൊടുക്കണം. സ്വയം ബുദ്ധിജീവി എന്നൊരു തൂവൽ തലയിൽ കയറ്റരുതെന്ന തരത്തിലുള്ള വിമർശനവും മുരളീധര പക്ഷം അനുയായികൾ ഉയർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ