- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുപാളികൾ മുറിഞ്ഞു മുങ്ങി പോയത് സിൽഹള്ളിലെ ഐസായ തടാകത്തിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ; 10 വയസ്സുകാരൻ മരിച്ചത് കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കവെ; മൂന്നു കുട്ടികളുടെ മരണം സ്ഥിരീകരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം; ബ്രിട്ടണിലെ ശൈത്യ ദുരന്തം ഇങ്ങനെ
ലണ്ടൻ: ശൈത്യകാലത്തിന്റെ ക്രൂരത മുഴുവൻ പ്രതിഫലിച്ച ഒരു സംഭവമായിരുന്നു അത്. ബ്രിട്ടനെ തീരാകണ്ണീരിലാഴ്‌ത്തിക്കൊണ്ടായിരുന്നു ആ മൂന്ന് കുരുന്നുകളെ ശൈത്യകാലം മരണത്തിന് ഇരയാക്കിയത്. കടുത്ത തണുപ്പിൽ വെള്ളം ഉറഞ്ഞ് ഐസായി മാറിയ തടാകത്തിൽ കളിച്ചുകൊണ്ടിരിക്കെ ഐസ് പാളികൾ പൊട്ടി വെള്ളത്തിനടിയിലായ കുട്ടികളിൽ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരണം ലഭിച്ചു. നാലു കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു, അതിൽ ഒരു കുട്ടിയാണ് ഇന്നലെ മരണമടഞ്ഞത്.
ജാക്ക് ജോൺസൺ എന്ന ഈ കുട്ടി, അപകടത്തിൽ പെട്ട, തനിക്ക് തീർത്തും അപരിചിതരായ കുട്ടികളെ രക്ഷിക്കുവാനായിരുന്നു ഐസ്പാളികളിലേക്ക് ഓടിയടുത്തത്. രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം നടന്ന സോളിഹള്ളിൽ ഹൃദയവേദനയോടെ സമീപ വാസികൾ ബാബ്സ് മിൽ പാർക്കിൽ ഒത്തുകൂടി. മരണമടഞ്ഞ കുരുന്നുകളുടെ ഓർമ്മക്ക് മുൻപിൽ അശ്രുകണങ്ങൾ പൊഴിച്ച് അവർ നിശബ്ദരായി നിന്നു.
വെസ്റ്റ് മിഡ്ലാൻഡ്സിലുള്ള സോളിഹള്ളിലെ ബാബ്ബ്സ് മില്ല് തടാകത്തിലായിരുന്നു ഈ ദുരന്തം ഉണ്ടായത്. വെള്ളം തണുത്തുറഞ്ഞ് ഐസായ തടാകത്തിന്റെ പ്രതലത്തിൽ കളിക്കാൻ എത്തിയതായിരുന്നു ഈ കുട്ടികൾ. അതിനിടയിൽ, ഐസ് പാളിയിൽ ഒരു വിള്ളലുണ്ടാവുകയും ഒരു കുട്ടിയുടെ കാൽ അതിനിടയിൽ പെടുകയും ചെയ്തു. ആ കുട്ടിയെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലായിരുന്നു മറ്റു കുട്ടികൾ എല്ലാം അപകടത്തിൽ പെട്ടത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
രക്ഷാ പ്രവർത്തകർ നാല് കുട്ടികളെ രക്ഷപ്പെടുത്തുകയുണ്ടായി. അവർക്കെല്ലാം ഹൃദയാഘാതം ഉണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനു മുൻപ് തന്നെ അവർക്ക് പ്രഥമശുശ്രൂഷ നൽകിയിരുന്നു. ആറു കുട്ടികൾ തടാകത്തിൽ വീണു എന്നായിരുന്നു അദ്യ റിപ്പോർട്ട്. എന്നാൽ, നാല് കുട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളെ കാണാതായതായ റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിക്കാത്തതിനാലാണ് ഈ നിഗമനത്തിൽ പൊലീസ് എത്തിയത്.
ഇന്നലെ സംഭവസ്ഥലത്തിനു സമീപം മെഴുകുതിരി കൊളുത്തി കുരുന്നുകളുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കാൻ മുന്നൂറോളം പേർ ഒത്തുകൂടി. പുഷ്പ ചക്രം അർപ്പിച്ച് അവർ ആ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥനയിൽ ഏർപ്പെട്ടു അവിടെ എത്തിയ വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസിലെ എട്ട് ഉദ്യോഗസ്ഥരെ ജനം കൈയടികളോടെയാണ് സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ