തിരുവനന്തപുരം: ഗവർണർ ബുധനാഴ്ച രാജ്ഭവനിൽ നടത്തുന്ന ക്രിസ്മസ് വിരുന്നിന് പോകാൻ തയ്യാറെടുത്ത സ്പീക്കർ എ.എൻ.ഷംസീറിനെ പാർട്ടി വിലക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും പോവാത്ത വിരുന്നിൽ സ്പീക്കറും പോവേണ്ടെന്ന് നിർദ്ദേശമെത്തിയതോടെ, വിരുന്നിന് വരാനാവില്ലെന്ന് ചൊവ്വാഴ്ച വൈകിട്ടോടെ ഷംസീർ രാജ്ഭവനെ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ വിരുന്നിന് എത്താനാവില്ലെന്നാണ് സ്പീക്കർ അറിയിച്ചത്. ഗവർണർക്ക് ക്രിസ്മസ് ആശംസയും അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയും വിരുന്നിന് പങ്കെടുക്കാനാവുമെന്നാണ് സ്പീക്കർ നിലപാടെടുത്തിരുന്നത്. സ്പീക്കർ പദവിയിലെത്തിയതോടെ കക്ഷി രാഷ്ട്രീയത്തിന് അതീതനായെന്നും സംസ്ഥാനത്തിന്റെ തലവനായ ഗവർണർ സംഘടിപ്പിക്കുന്ന വിരുന്നിൽ സ്പീക്കർ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു സ്പീക്കറുടെ പക്ഷം. ഗവർണറുമായി ശത്രുത പുലർത്തേണ്ട പദവിയല്ല സ്പീക്കറുടേതെന്നും ഷംസീർ നിലപാടെടുത്തിരുന്നു. എന്നാൽ പൊടുന്നനേയാണ് വിരുന്നിൽ പങ്കെടുക്കേണ്ടെന്ന് പാർട്ടി നിർദ്ദേശമെത്തിയത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബാധകമായതെല്ലാം ഷംസീറിനും ബാധകമാണെന്ന് പാർട്ടി സെന്റർ അറിയിച്ചു. മാത്രമല്ല, സ്പീക്കർ കൂടി ക്ഷണം നിരസിച്ചാൽ ഗവർണർക്ക് അത് ശക്തമായ തിരിച്ചടിയായി മാറുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. സർക്കാരുമായി ശത്രുതാമനോഭാവം തുടരുന്ന ഗവർണറുടെ ക്ഷണം സ്വീകരിക്കേണ്ടതില്ലെന്നാണ് പൊതു തീരുമാനമെന്നും പാർട്ടി ഷംസീറിനെ അറിയിച്ചു. ഇതോടെ ഷംസീറിന് വിരുന്നിൽ നിന്ന് പിന്മാറുകയല്ലാതെ വേറെ വഴിയില്ലാതായി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗവർണറുടെ സത്കാരത്തിൽ നിന്ന് നേരത്തേ ഒഴിവായിരുന്നു. ഇവരെല്ലാം ഗവർണറുടെ ക്ഷണം നിരസിക്കുകയായിരുന്നു.

അതേസമയം, ഗവർണർ രാജ്ഭവനിൽ നടത്തുന്ന ക്രിസ്മസ് വിരുന്നിൽ എല്ലാ വകുപ്പ് സെക്രട്ടറിമാരെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെങ്കിലും, പങ്കെടുക്കുന്നതിനോട് സർക്കാരിന് അനുകൂല നിലപാടല്ല. എന്നാൽ സംസ്ഥാന തലവനായ ഗവർണർ വിളിച്ച വിരുന്നിൽ പങ്കെടുക്കാതിരിക്കുന്നതും ക്ഷണം നിരസിക്കുന്നതും ശരിയല്ലെന്ന നിലപാടിലാണ് ഐ.എ.എസ് ഉദ്യോഗസഥർ. തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥരെല്ലാം പങ്കെടുക്കണമെന്ന് ഐ.എ.എസ് അസോസിയേഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും ഗവർണറുടെ ക്ഷണം നിരസിച്ചെങ്കിലും വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ, എല്ലാ സഭാദ്ധ്യക്ഷന്മാർ എന്നിവർ പങ്കെടുക്കും. മാധ്യമങ്ങളിലെ പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്. രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിച്ച് കേക്ക് മുറിക്കൽ, വിഭവസമൃദ്ധമായ ഭക്ഷണം അടക്കമുള്ളവയാണ് ഗവർണർ നിശ്ചയിച്ചിരിക്കുന്നത്. 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കുന്നുമുണ്ട്.

ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത്. നേരത്തേ സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഗവർണർ ഉപേക്ഷിച്ചിരുന്നു. ഗവർണറുടെ വിരുന്നിന് ബദലായി 20ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ മന്ത്രിമാരും നേതാക്കളും എംഎ‍ൽഎമാരും മതമേലദ്ധ്യക്ഷന്മാരും ജനപ്രതിനിധികളും സഭാനേതാക്കളുമടക്കം പങ്കെടുക്കും. ഈ വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ പരിപാടികളുള്ളതിനാൽ 20ന് ഗവർണർ സംസ്ഥാനത്തുണ്ടാവില്ല.