തിരുവനന്തപുരം: വലിയതുറയിലെ സിമന്റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗോഡൗണിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും അരിയും പലവ്യജ്ഞന സാധനങ്ങളും ഉൾപ്പെടെയുള്ള ക്രിസ്മസ് കിറ്റുമായാണ് വി.ഡി സതീശൻ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

വയോധികരും കുട്ടികളും ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ സന്തോഷത്തോടെയാണ് അതിഥിയായി ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചു. ഈ വർഷത്തെ ക്രിസ്മസ് വിരുന്ന് പൂർണമായും ഒഴിവാക്കിയാണ് മത്സ്യത്തൊഴിലാളികൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനും അവരെ സഹായിക്കാനും പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

ഈ വർഷം ജൂലൈയിലാണ് വലിയതുറ സിമെന്റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പ് ആദ്യമായി സന്ദർശിച്ചത്. വായുവും വെളിച്ചവും കടക്കാത്ത ഗോഡൗണിൽ നാല് വർഷമായി കഴിയുന്ന പാവങ്ങളുടെ ദയനീയാവസ്ഥ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

സിമന്റ് ഗോഡൗണിൽ കഴിയുന്ന കുടുംബങ്ങളെ അടിയന്തിരമായി വാടക വീടുകളിലേക്ക് മാറ്റണമെന്നും അവരെ സ്ഥിരമായി പുനരധിവസിപ്പിക്കാൻ വീട് നിർമ്മിച്ച് നൽകണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറായില്ല -അദ്ദേഹം പറഞ്ഞു.

വിഷയം നിരന്തരമായി ഉന്നയിച്ചതിനെ തുടർന്ന് വാടക വീട്ടിലേക്ക് മാറ്റാമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനവും ഇതുവരെ നടപ്പായില്ല. ഗോഡൗണിൽ കഴിയുന്നവരുടെ അവസ്ഥ കണ്ടാൽ ആർക്കും അത് സഹിക്കാൻ കഴിയില്ല. മനസിൽ എപ്പോഴും ആ പാവങ്ങളുടെ ദുരിത ജീവിതമാണ് നിറയുന്നത്. അതുകൊണ്ടാണ് ഇത്തവണത്തെ ക്രിസ്മസ് ഇവിടെ ആഘോഷിക്കാൻ തീരുമാനിച്ചത് -വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി അവർക്ക് നീതി നേടിക്കൊടുക്കുന്നതു വരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. വിൻസെന്റ് എംഎ‍ൽഎ, വി എസ് ശിവകുമാർ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.