ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം ശക്തമായതോടെ, അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധ ഫോം തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് കേന്ദ്ര സർക്കാർ. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ ആർ ടി- പി സി ആർ ടെസ്റ്റിന്റെ വിശദാംശങ്ങളും, സമ്പൂർണ്ണമായി വാക്സിനേഷൻ എടുത്തതിന്റെ തെളിവും യാത്രക്കാർക്ക് ഹാജരാക്കേണ്ടി വരും. അടുത്ത ഏതാനും ആഴ്‌ച്ചകളിൽ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുക.

ചൈനയിലും മറ്റു ചില രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത്. വിദേശത്തു നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാരിൽനിന്നും ക്രമരഹിതമായി 2 ശതമാനം ആളുകൾക്ക് കോവിഡ് പരിശോധന നടത്തുന്ന പദ്ധതി ഇന്ത്യ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശ നിരീക്ഷണ സംവിധാനങ്ങളും പലയിടങ്ങളിലും ശക്തമാക്കിയിട്ടുണ്ട്.

ചൈന ഉൾപ്പടെ നിലവിൽ കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് എയർ സുവിധ ഫോം നിർബന്ധമാക്കുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. എന്നാൽ അടുത്ത ഏതാനും ആഴ്‌ച്ചകൾ രാജ്യത്തെ കോവിഡ് സ്ഥിതിവിശേഷം വിലയിരുത്തിയതിനു ശേഷം മാത്രമെ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാകൂ എന്നും അവർ പറയുന്നു.

ഇതിനു മുൻപ് നടന്ന ഒരു യോഗത്തിൽ തുടർച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നു. കോവിഡ് ഇനിയും പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെന്നതാണ് അതിന് കാരണമായി പറഞ്ഞത്. ജിനോം സ്വീക്വൻസിംഗിനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ ദൈനംദിനാടിസ്ഥാനത്തിൽ ഇതിനായി ലബോറട്ടറികളിലേക്ക് അയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു.

അതേസമയം, ഇന്ത്യയിൽ പൊതുവെ കോവിഡ് വ്യാപനം കുറയുന്നതായാണ് കാണുന്നത്. ഡിസംബർ 19 ന് അവസാനിച്ച ആഴ്‌ച്ചയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 158 പേരാണ് കോവിഡ് ബാധിതരായിരുന്നത്.

അതേസമയം, ഇന്ത്യൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്കുള്ള പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി. സമയാസമയങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന ഈ മാനദണ്ഡങ്ങളിൽ ഇപ്പോൾ മാറ്റം വരുത്താൻ ഉണ്ടായ കാരണം ലോകത്തിന്റെ പലഭാഗങ്ങളിലും വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപനം തന്നെയാണ്.ആകാശ, ജല, കരമാർഗ്ഗം അതിർത്തി കടക്കുന്ന എല്ലാ യാത്രക്കാർക്കും ഈ പുതിയ മാനദണ്ഡങ്ങൾ 2022 ഡിസംബർ 24 മുതൽ ബാധകമാകും.

ഇതനുസരിച്ച് എല്ലാ യാത്രക്കാരും പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിരിക്കണം. അവർ വരുന്ന രാജ്യത്തിന്റെ കോവിഡ്-19 വാക്സിനേഷൻ ഷെഡ്യുൾ പ്രകാരമുള്ള സമ്പൂർണ്ണ വാക്സിനേഷൻ വേണമെന്നാണ് താത്പര്യപ്പെടുന്നത്. വിമാന യാത്രക്കിടയിൽ കോവിഡിനായി എടുക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചുള്ള അറിയിപ്പുണ്ടാകും. യാത്രക്കിടയിൽ ആരെങ്കിലും കോവിഡ് ലക്ഷണങ്ങൾ പ്രദർശിപ്പിച്ചാൽ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് അവരെ ഐസൊലേറ്റ് ചെയ്യും.

ഇതനുസരിച്ച്, ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന യാത്രക്കാരൻ നിർബന്ധമായും മാസ്‌ക് ധരിക്കുകയും, മറ്റു യാത്രക്കാരിൽ നിന്നും അകലം പാലിക്കുകയും വേണം. ഇന്ത്യയിൽ എത്തിയാൽ സാമൂഹിക അകലം പാലിക്കണം. മാത്രമല്ല, ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ തെർമൽ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. ഈ പരിശോധനയിൽ രോഗമുണ്ടെന്ന് തെളിഞ്ഞാൽ ആ രോഗിയേയും പ്രോട്ടോക്കോൾ അനുസരിച്ച് ഐസൊലേറ്റ് ചെയ്യും.