ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മരിച്ച ശബരിമല തീർത്ഥാടകരുടെ എണ്ണം ഏഴായി. ആദ്യം നാലു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ പിന്നീട് ഏഴുപേരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പത്തു പേരിൽ ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. വാഹനത്തിൽ കുടുങ്ങി കിടന്ന മൂന്ന്‌പേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തമിഴ്‌നാട് തേനി സ്വദേശികളാണ് മരിച്ചവരെല്ലാം. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ തേക്കടി കമ്പം ദേശീയപാതയിലാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് തീർത്ഥാടകർ സഞ്ചരിച്ച ടവേര കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഒരു കുട്ടിയുൾപ്പെടെ പത്ത് പേരാണ് ഉണ്ടായിരുന്നത്. കുട്ടി കുമളിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിലുള്ളത്. ശബരിമല ദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

വാഹനം കുമളിയിൽനിന്നും തമിഴ്‌നാട്ടിലേക്കു പോകുന്നവഴിയിൽ ചുരം റോഡിൽ ആദ്യത്തെ പാലത്തിൽ വാഹനം കയറിയപ്പോഴായിരുന്നു അപകടം. പാലത്തിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിൽനിന്നും കുട്ടി തെറിച്ച് റോഡിലേക്ക് വീണു. ഈ സമയം ഇതുവഴി വന്ന പച്ചക്കറി വാഹനത്തിലെ ആളുകളാണ് കുട്ടിയെ രക്ഷപെടുത്തിയത്. ഇവർ സംഭവം പൊലീസിൽ അറിയിച്ച ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിസംബർ മാസങ്ങളിൽ മഞ്ഞ് കൂടുതലായി ഇറങ്ങിയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. കുമളി പൊലീസും പ്രദേശവാസികളും തമിഴ്‌നാട് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലത്തിൽ ഇടിച്ച ശേഷം വാഹനം തലകീഴായി കൊക്കയിലേക്ക് മറിയുകയായിരുന്നു. മുല്ലപ്പെരിയാറിൽനിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളംകൊണ്ടുപോകുന്ന പെൻസ്റ്റോക് പൈപ്പുകൾക്ക് മുകളിലേക്കാണ് വാഹനം വീണത്. തലകീഴായി മറിഞ്ഞ വാഹനം വെട്ടിപ്പൊളിച്ചാണ് അയ്യപ്പന്മാരെ പുറത്തെടുത്തത്.

കുമളി - കമ്പം റൂട്ടിൽ തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ആദ്യ പെൻസ്റ്റോക്ക് പൈപ്പിന് സമീപമാണ് അപകടം. 40 അടി താഴ്ചയിൽ പൈപ്പിനു മുകളിലേക്കാണു വാഹനം മറിഞ്ഞത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. കമ്പത്തുനിന്നുള്ള പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ കമ്പത്തെ ആശുപത്രിയിൽ.

പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന പാലമായതിനാൽ സാധാരണ റോഡിനെക്കാൾ വീതി കുറവാണ്. വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ് പറഞ്ഞു. ഹെയർപിൻ വളവു കയറിവന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പെൻസ്റ്റോക്ക് പൈപ്പുകൾക്കു മേൽ പതിച്ച വാഹനം പൂർണമായും തകർന്നു.