ന്യൂഡൽഹി : വിദേശത്ത് കോവിഡ് പടരുമ്പോൾ സംസ്ഥാനങ്ങൾക്കു കോവിഡ് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ. പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണം. ആൾക്കൂട്ടങ്ങൾ അമിതമാകരുത്, മാസ്‌ക് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ന്യൂഡൽഹി ന്മ ഉത്സവ സീസൺ, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ചാണ് ഇത്.

കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാനാകൂവെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ജാഗ്രതാ നിർദ്ദേശം. പരിശോധന നിരക്ക് വർധിപ്പിക്കണം, ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം, ആശുപത്രിയിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണം പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണം തുടങ്ങിയവയും നിർദേശത്തിലുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീുമാനങ്ങൾ. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇപ്പോഴത്തെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനകൾ പരമാവധി വർധിപ്പിക്കണമെന്നും ഒപ്പം ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഒരിടവേളയ്ക്ക് സംസ്ഥാനം ശേഷം സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണനിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്താനും തീരുമാനിച്ചു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും. വിദേശത്തുനിന്ന് വരുന്ന രണ്ടുശതമാനം പേരുടെ സാമ്പിൾ പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ പ്രവർത്തനങ്ങൾ വിലയിരുത്തി ജാഗ്രതാ നിർദേശങ്ങൾ നൽകി.

മരുന്നുകളുടെയും സുരക്ഷാ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്താൻ മന്ത്രി നിർദ്ദേശം നൽകി. ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്തും. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കും. യാത്രാവേളകളിൽ പ്രത്യേകം ശ്രദ്ധ വേണം. പൊതു ഇടങ്ങളും ഗതാഗതവും ഉപയോഗിക്കുമ്പോൾ മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികൾക്കും പ്രായമായവർക്കും മറ്റു ഗുരുതര രോഗമുള്ളവർക്കും പ്രത്യേകം കരുതൽ വേണം. ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്.

സംസ്ഥാനത്ത് നിലവിൽ കോവിഡ് ബാധിതർ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താൽ ദിവസവും 100ൽ താഴെ മാത്രമാണ് രോഗികൾ. ചികിത്സയിലുള്ളവരും കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് സ്ഥിരീകരിച്ചാൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. പ്രതിരോധ നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി.

ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്‌സിജൻ സിലിണ്ടറുകൾ, പി.എസ്.എ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, മനുഷ്യവിഭവശേഷി എന്നിവയുൾപ്പെടെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനാണ് മോക്ഡ്രിൽ. മൻസുഖ് മാണ്ഡവ്യ മോക്ഡ്രില്ലിന്റെ ഭാഗമാകും.