- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടികൾ വിലമതിക്കുന്ന ഭൂമി തരം മാറ്റാൻ ആർഡിഒയുടെ ഒത്താശ; പാടം കരഭൂമി ആക്കാനുള്ള മുൻ ആർഡിഒയുടെ ഉത്തരവ് തിരുവല്ല സബ് കളക്ടർ റദ്ദാക്കി; മണ്ണിടിച്ച വസ്തു ഉടമയ്ക്ക് സ്റ്റോപ്പ് മെമോ
തിരുവല്ല: കേരള തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം അട്ടിമറിച്ച് പാടം കരഭൂമിയാക്കി സ്വകാര്യ വ്യക്തിക്ക് നൽകാനുള്ള മുൻ തിരുവല്ല ആർഡിഓ ചന്ദ്രശേഖരൻനായരുടെ ഉത്തരവ് തിരുവല്ല സബ്ബ് കലക്ടർ ക്യാൻസൽ ചെയ്തു. തിരുവല്ല ബൈപ്പാസിന് സമീപം മഴുവങ്ങാട് പാലത്തിനോട് ചേർന്ന് കോടികൾ വിലമതിക്കുന്ന ഒമ്പതര സെന്റ് പാടം കരഭൂമിയാക്കി നൽകാനുള്ള പകൽക്കൊള്ളയാണ് സബ് കലക്ടർ തകർത്തത്.
പാണ്ടനാട് പ്രയാർ തെക്കേതേച്ചേരിൽ ടി കെ ഗോപിനാഥൻനായരാണ് പാടം കരഭൂമിയാക്കി തരംമാറ്റാനുള്ള അപേക്ഷ മുൻ തിരുവല്ല ആർഡിഒക്ക് നൽകിയത്. തിരുവല്ല താലൂക്കിലെ വില്ലേജിൽ ബ്ലോക്ക് 178 റീസർവ്വെ നമ്പർ 3/2ൽപ്പെട്ട ഭൂമി രേഖകളിൽ നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഭൂമിയുടെ സ്വഭാവ വ്യതിയാനം നടത്തി കരമഭൂമിയാക്കി നൽകാനാണ് അപേക്ഷ നൽകിയത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് 2008ന് മുമ്പ് നികത്തിയ സ്ഥലം മാത്രമെ കരഭൂമിയാക്കി തരം മാറ്റാൻ കഴിയുകയുള്ളു.
എന്നാൽ, സ്ഥലം പുരയിട സമാനമായി കിടക്കുന്നതാണെന്നും ഇവിടെ നിൽക്കുന്ന നാൽപ്പത് വർഷം പ്രായമുള്ള പാഴ്മരം അലങ്കാരമായി ഉള്ളതാണെന്നും വസ്തുവിന് തരം മാറ്റം അനുവദിക്കുന്നതുകൊണ്ട് സമീപത്തെ കൃഷിക്കോ നീർച്ചാലുകൾക്കോ തടസ്സം ഉണ്ടാകുന്നില്ലെന്നും തിരുവല്ല വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയെന്ന വ്യാജവിവരം വച്ചാണ് ആർഡിഓ ഭൂമി തരം മാറ്റാനുള്ള ശ്രമം നടത്തിയത്.
എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ വില്ലേജ് ഓഫീസർ ഒരു കാരണവശാലം പാടം കരഭൂമിയാക്കി തരംതിരിച്ച് നൽകാൻ പാടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. 2008ന് മുമ്പ് നികത്തിയതായ സൂചനകളൊന്നും ഇവിടെയില്ലായിരുന്നു. ഇപ്പോൾ കൃഷിയില്ലെങ്കിലും വസ്തുവിന്റെ മൂന്ന് ഭാഗവും വയലാണ്. സമീപത്തായി തണ്ണീർത്തടങ്ങളുമുണ്ട്. സർക്കാർ കണക്ക് പ്രകാരം റീസർവ്വെ നടത്തിയ ഈ ഭൂമിക്ക് 5193600 രൂപയാണ് ന്യായവില കണക്കാക്കിയിട്ടുള്ളത്.
ഭൂമിയുടെ വിസ്തീർണ്ണം ഒരേക്കറിൽ കുറവായതിനാൽ തുകയുടെ പത്ത് ശതമാനം ആയ 591360 രൂപ കഴിഞ്ഞ നവംബർ നാലിന് അപേക്ഷകനെക്കൊണ്ട് അടപ്പിക്കുകയും ചെയ്തു. 2017 ഡിസംബർ 31ന് മുമ്പ് ഒന്നായി കിടക്കുന്ന 25 സെന്റ് ഭൂമി തരംമാറ്റിക്കാൻ ഫീസ് അടക്കേണ്ടതില്ലായെന്ന ഉത്തരവും ആർഡിഒ ലംഘിച്ചു. എന്നാൽ വില്ലേജ് ഓഫീസറുടെ ശരിക്കുള്ള റിപ്പോർട്ട് ശ്രദ്ധയിൽപ്പെടാതെ ആർഡിഓയുടെ മുൻ ഉത്തരവ് അനുസരിച്ച് സബ് കലക്ടർ ഭൂമി തരം മാറ്റത്തിന് ഉത്തരവ് നൽകുകയായിരുന്നു. പാടം കരഭൂമി ആക്കുമ്പോഴുള്ള നിബന്ധന പ്രകാരമാണ് ഉത്തരവ് നടത്തിയത്.
സബ് കലക്ടർ ഉത്തരവ് നൽകിയെങ്കിലും ബാക്കിയുള്ള അനുബന്ധ നടപടികളൊന്നും പൂർത്തിയായിരുന്നില്ല. എങ്കിലും വസ്തു ഉടമ ഇവിടെ മണ്ണടിക്കുകയും ചെയ്തു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട വില്ലേജ് ഓഫീസർ ഉടൻ തന്നെ സബ് കലക്ടറെ കണ്ട് വിവരം ധരിപ്പിച്ചു. ഉത്തരവിലെ അപാകം കണ്ടെത്തുകയും സത്യാവസ്ഥ മനസിലാക്കിയ സബ് കലക്ടർ നൽകിയ ഉത്തരവ് ക്യാൻസൽ ചെയ്യുകയുമായിരുന്നു. വില്ലേജ് ഓഫീസറുടെ സമയോചിതമായ ഇടപെടീൽ കാരണം വലിയൊരു ഭൂമി തരംമാറ്റമാണ് റദ്ദാക്കപ്പെട്ടത്. നടപടിക്രമങ്ങൾ പാലിക്കാതെ സ്ഥലത്ത് മണ്ണടിക്കാൻ ശ്രമിച്ച ചന്ദ്രശേഖരൻനായർക്ക് സ്റ്റോപ്പ് മെമോ നൽകാനുള്ള നടപടികളും ആരംഭിച്ചു.