- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്ന്; പുതിയ ലോകത്ത് സമാധാനമാണ് ആവശ്യം; ഇതിനായി സ്ത്രീയും പുരുഷനും പ്രവർത്തിക്കണം; യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർക്കണം; അധികാരത്തോടുള്ള അത്യാഗ്രഹം അയൽക്കാരപ്പോലും വിഴുങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ എന്ന് മാർപ്പാപ്പ; വിഴിഞ്ഞവും ബഫർസോണും ഓർത്ത് കേരളവും; ക്രിസ്മസ് പ്രത്യാശയുടേതാകുമ്പോൾ
തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്. യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർക്കണമെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പ്രാർത്ഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു. നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
ബെത്‌ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകി. യുക്രെയ്‌നിലെ യുദ്ധത്തെയും മറ്റ് സംഘർഷങ്ങളെയും കുറിച്ച് പറഞ്ഞ മാർപ്പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയൽക്കാരപ്പോലും വിഴുങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്ന് കുറ്റപ്പെടുത്തി.
സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. പുതിയ ലോകത്ത് സമാധാനമാണ് ആവശ്യം. ഇതിനായി സ്ത്രീയും പുരുഷനും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കൊതിയും ഉപഭോഗ സംസ്‌കാരവും പാടില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ ഉണർത്തി. ക്രിസ്മസ് ആശംസകൾ നേർന്നു. ദുർബലരെയും കുട്ടികളെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.
സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധ കുർബാനയുടെ പ്രാർത്ഥനാ നിമിഷങ്ങളെ വിശ്വാസികൾ വരവേറ്റു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാൻസിസിന്റെ പത്താമത് ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. നാലായിരത്തിലധികം വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.
ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഐക്യം പുനഃസ്ഥാപിക്കാൻ മനുഷ്യർക്ക് കഴിയണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. പല ഭാഗത്തും അനൈക്യം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നടന്ന പാതിരാ കുർബാനയിൽ സംസാരിക്കുകയായിരുന്നു കർദിനാൾ. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നതിനാൽ കുർബാന നടന്ന മൗണ്ട് സെന്റ് തോമസിലും കർദിനാളിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാത്രി പതിനൊന്നരയോടെയായിരുന്നു കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ പാതിരാ കുർബാന ആരംഭിച്ചത്.
കുർബാനയുമായി ബന്ധപ്പെട്ട നിലവിലുള്ള വിവാദങ്ങൾ സൂചിപ്പിക്കുന്നതിനൊപ്പം വിഴിഞ്ഞം സമരം കൂടി പരാമർശിക്കുന്നതായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസംഗം. ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഐക്യം പുനഃസ്ഥാപിക്കാൻ മനുഷ്യർക്ക് കഴിയണം. എന്നാൽ പല ഭാഗത്തും അനൈക്യം ഉണ്ടാകുന്നു. വിഭാഗീയത കാണിച്ചാൽ നാശത്തിന്റെ വക്കിലേക്ക് പോകുമെന്ന് കർദിനാൾ ഓർമിപ്പിച്ചു. വിഴിഞ്ഞത്തെ ആളുകൾ ഗോഡൗണിൽ കിടക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാവ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അടുത്ത ബന്ധുവിന്റെ മരണം കാരണം ഇത്തവണ ക്ലീമിസ് കത്തോലിക്കാ ബാവ ക്രിസ്മിസ് ദിന സന്ദേശം നൽകിയില്ല. തിരുവനന്തപുരം പാളയം സെന്റ്‌ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുമ്പോൾ വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ പേരിൽ സിമന്റ് ഗോഡൗണിൽ കഴിയുന്നവരെ ഓർമ്മിക്കണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ .നെറ്റോ ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു.
ബഫർ സോണിലൂടെ വാസസ്ഥലം അനുസ്മരിക്കണമെന്നും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ബഫർസോൺ ആശങ്കയിലാണ് മലയോര ജനതയെന്ന് താമരശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. വീണ്ടുമൊരു കുടിയിറക്ക് ഭീഷണിയുണ്ടെന്നും കൂട്ടിച്ചേർത്തു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. രാത്രി 11 മണിയോടെ ആരംഭിച്ച തിരുകർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ദേവാലയങ്ങളിലെ പാതിരാകുർബാനകളിൽ പ്രാർത്ഥനാ നിർഭരമായ മനസ്സുമായി ആയിരങ്ങൾ പങ്കാളികളായി. കോട്ടയം മാർ ഏലിയ കത്തീഡ്രൽ നടന്ന ചടങ്ങിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. ഒമാൻ സലാലയിലെ സെന്റ് സ്റ്റീഫൻ ഓർത്തഡോക്‌സ് പള്ളിയിലെ ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ നേതൃത്വം നൽകി
വൈകിട്ട് ഏഴരയോടെയാണ് എളംകുളം സെന്റ് മേരീസ് യാക്കോബായ സുനോറോ പള്ളിയിൽ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ആരംഭിച്ചത്. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവ കോതമംഗലം മൗണ്ട് സീനായ് അരമന ചാപ്പലിലെ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ