സൈക്ലോൺ ബോംബ് അമേരിക്കയിലെ താപനില മൈൻസ് 50 വരെ എത്തിച്ചതോടെ മരണമടഞ്ഞവരുടെ യു എസ്സിലും കാനഡയിലുമായി എണ്ണം 55 ആയി. പലയിടങ്ങളിലും ആറടി കനത്തിൽ വരെ മഞ്ഞുവീഴ്‌ച്ച ഉണ്ടായിട്ടുണ്ട്.ക്രിസ്ത്മസ് തലേന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഒരു ബസ്സ് മഞ്ഞുമൂടിയ റോഡിൽ തെന്നി നീങ്ങി ഉണ്ടായ അപകടത്തിൽ നാലു പേർ മരണപ്പെട്ടതോടെയാണ് ഇത് സംഭവിച്ചത് എന്ന് സ്‌കൈ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. കടുത്ത തണുപ്പിലാണ് ന്യുയോർക്ക് സംസ്ഥാനത്ത് 25 പേർ മരണമടഞ്ഞത്. ഇവരിൽ ഏറിയപങ്കും ബഫലൊ നഗരത്തിൽ നിന്നുള്ളവരാണ്.

മഞ്ഞുമൂടീയ ബഫലോ നഗരത്തിൽ കൊള്ളക്കാർ കടകൾ കൊള്ളയടിച്ച് സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ന്യുയോർക്ക് ഗവർണർ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ കൂടുതൽ ദുരിതത്തിലായതോടെ ഫെഡറൽ സഹായം വേണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ഒരു യുദ്ധകാല സാഹചര്യം നിൽക്കുകയാണെന്നാണ് ഗവർണർ പറഞ്ഞത്. അതിനിടയിൽ മഞ്ഞിൽ കുരുങ്ങി ചിലർക്ക് രണ്ടു ദിവസം വരെ കാറിനുള്ളിൽ കഴിയേണ്ടി വന്നതായ റിപ്പോർട്ടുകളും പുറത്തു വരുന്നു.

മൊണ്ടാനയിലും ഡെസ് മോണിസിലും അന്തരീക്ഷ താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നപ്പോൾ ലോവയിൽ അത് മൈനസ് 38 ഡിഗ്രി സെൽഷ്യസ് ആയി. ആളുകൾ വീടുകൾക്കുള്ളിൽ കുരുങ്ങിയ സാഹചര്യത്തിൽ ഹിമകൊടുങ്കാറ്റിന്റെ പ്രഭാവത്താൽ വൈദ്യൂതി വിതരണം തടസ്സപ്പെടുന്നത് കനത്ത ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇത് കൂടുതൽ മരണങ്ങളിലേക്ക് വഴിതുറക്കാൻ ഇടയുണ്ട്.

പലയിടങ്ങളിലും 30 ഇഞ്ച് കനത്തിൽ വരെ മഞ്ഞുവീണപ്പോൾ ഏകദേശം 55 ദ്ശലക്ഷം പേർ ക്രിസ്ത്മസ്സ് ദിനത്തിലും വെതർ വാർണിങ് നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് ദിവസം കഴിച്ചുകൂട്ടിയത്. ഭയാനകമായ കൊടുങ്കാറ്റുകളുടെ ചരിത്രത്തിലെ ഏറ്റവും അധികം ഭയപ്പാട് ഉളവാക്കുന്ന ഏട് എന്നാണ് ഇപ്പോഴത്തെ കാറ്റിനെ ന്യുയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്. യുദ്ധകാല സാഹചര്യമാണ് ബഫലൊ നഗരത്തിൽ നിലനിൽക്കുന്നതെന്ന് പറഞ്ഞ അവർ മരണമടഞ്ഞവരിൽ ചിലരെ കാറുകൾക്കുള്ളിൽ മരവിച്ചു മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും പറഞ്ഞു മറ്റു ചിലരെ തെരുവിൽ മരിച്ച നിലയിലും കണ്ടെത്തി.

പല കിഴക്കൻ സംസ്ഥാനങ്ങളിലും ക്രിസ്ത്മസ് ദിനത്തിൽ വൈദ്യൂതി ഉണ്ടായിരുന്നില്ല. പലരുടെയും ഒഴിവുകാല യാത്രകളും താറുമാറായി. ഞായറാഴ്‌ച്ച മാത്രം അമേരിക്കയിൽ നിന്നുള്ള 3000 വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. അതിനു പുറമെ ശനിയാഴ്‌ച്ച 3500 വിമാന സർവ്വീസുകളും വെള്ളിയാഴ്‌ച്ച 6000 വിമാന സർവീസുകളും റദ്ദ് ചെയ്തിരുന്നു. തിങ്കളാഴ്‌ച്ചയിലേക്കുള്ള 1000 ഓളം വിമാനസർവ്വീസുകൾ ഇതിനോടകം തന്നെ റദ്ദാക്കി കഴിഞ്ഞു.

തദ്ദേശ ഭരണകൂടങ്ങളുടെ കണക്കുകൾ പ്രകാരം പടിഞ്ഞാറൻ ന്യുയോർക്കിൽ മാത്രം 13 പേരാണ് കൊടുംശൈത്യത്തിൽ കൊല്ലപ്പെട്ടത്. അതിൽ ആറുപേർ ബഫലോയിൽ ഉള്ളവരാണ് ആംഹെസ്റ്റിൽ ഒരാളും ഷീക്ടൊവാഗയിൽ മൂന്നുപേരും ഒരാൾ ലോക്ക്പോർട്ടിലും കൊല്ലപ്പെട്ടു. വീടിലെ ഫർണസ് മഞ്ഞു മൂടിയതിനെ തുടർന്നുണ്ടായ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് ലോക്ക്പോർട്ടിൽ ഒരാൾ മരണമടഞ്ഞത്. മഞ്ഞു നീക്കം ചെയ്യുന്നതിനിടയിലും സ്നോ ബൗളിങ് കളിക്കുന്നതിനിടയിലുമായി മൂന്ന് പേർ ഹൃദയാഘാതം വന്നതിനെ തുടർന്നായിരുന്നു മരണമടഞ്ഞത്.

നാഷണൽ വെതർ സർവീസിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ബഫലോയിൽ ചൊവ്വാഴ്‌ച്ച് വരെ 36 ഇഞ്ച് കനത്തിൽ മഞ്ഞുവീഴ്‌ച്ചയുണ്ടാകും. അതേസമയം കൊടുങ്കാറ്റിന്റെ ഭീതി ഒഴിഞ്ഞുപോയതായി അധികൃതർ സ്ഥിരീകരിച്ചു. ഞായറാഴ്‌ച്ച ഉച്ചവരെ ന്യുയോർക്ക് പൊലീസ് ഏകദേശം അഞ്ഞൂറോളം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി ഗവർണർ അറിയിച്ചു.