ന്യൂയോർക്ക്: ന്യുയോർക്ക് സംസ്ഥാനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബഫലോ കടുത്ത ദുരന്തങ്ങൾക്ക് സാക്ഷിയാവുകയാണ് ഈ ശീതകാലത്ത്. ആഞ്ഞടിച്ച് ശൈത്യക്കൊടുങ്കാറ്റ് നിരവധി പേരുടെ ജീവനുകളാണ് എടുക്കുന്നത്. കാറിനുള്ളിൽ കുടുങ്ങിപ്പോയ 22 കാരി അതിനകത്തിരുന്നു തന്നെ മരവിച്ചു മരിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വെള്ളിയാഴ്‌ച്ച ഉച്ചക്ക് അവരുടെ കാർ മഞ്ഞിൽ കുടുങ്ങിപ്പോവുകയായിരുന്നു.

ശൈത്യക്കൊടുങ്കാറ്റിൽ ബഫലൊ നഗരം ഉൾപ്പെടുന്ന ഏറീകൗണ്ടിയിൽ മാത്രം ഇതുവരെ ശൈത്യക്കൊടുങ്കാറ്റിൽ മരനമടഞ്ഞത് 35 പേരാണ്. അതിൽ ഏറ്റവും അവസാനത്തെയാളാണ് ആൻഡേൽ ടെയ്ലർ എന്ന ഈ 22 കാരി. തിങ്കളാഴ്‌ച്ച മരണ സംഖ്യ പുറത്തു വിട്ട ഔദ്യോഗിക വൃത്തങ്ങൾ തന്നെയാണ് കാറിനുള്ളിൽ മരവിച്ച് മരണമടഞ്ഞ രീതിയിൽ കണ്ടെത്തിയ മൂന്നുപേരിൽ ഒരാളാണ് ടെയ്ലർ എന്ന് പ്രഖ്യാപിച്ചത്. മരിക്കുന്നതിനു തൊട്ടു മുൻപായി ടെയ്ലർ തന്റെ ഒരു വീഡിയോ കുടുംബാംഗങ്ങൾക്ക് അയച്ചിരുന്നു. ഏകദേശം 50 അടിയോളം കനത്തിലായിരുന്നു മഞ്ഞുപാളികൽ അവരുടെ കാറിനു ചുറ്റും ഉണ്ടായിരുന്നത്.

അമേരിക്കയുടെ ദുരന്തങ്ങൾ പക്ഷെ അവസാനിക്കുന്നില്ല. ചുരുങ്ങിയത് 70 പേരുടെ മരണത്തിനെങ്കിലും കാരണമായ അതിശക്തമായ ശീതക്കൊടുങ്കാറ്റിൽ വീണ്ടും കനത്ത മഞ്ഞുവീഴ്‌ച്ച തുടരുകയാണ്. ഇന്നലെരാജ്യത്തിന്റെ പല ഭാഗങ്ങളിലും 12 ഇഞ്ച് കനത്തിൽ വരെ മഞ്ഞുവീഴുകയുണ്ടായി. ബഫലോ നഗരത്തിൽ 50 ഇഞ്ച് കനത്തിൽ വരെ മഞ്ഞുവീഴ്‌ച്ചയുണ്ടായതോടെ, കുടുങ്ങിപ്പോയ കാറുകളിൽ ആളുകൾ ഉണ്ടോ എന്ന തിരച്ചിലിലാണ് അടിയന്തര സേവന വിഭാഗം.

കടുത്ത കാലാവസ്ഥയിൽ പല കാരണങ്ങളാലാണ് ആളുകൾ കൊല്ലപ്പെടുന്നത്. ന്യുയോർക്കിലെ നയാഗ്ര കൗണ്ടിയിലൊരു 27 കാരൻ കാർബൺ മോണോക്സൈഡ് വിഷബധയേറ്റാണ് മരണമടഞ്ഞത്. ഫർണസ്സ് മഞ്ഞുവീണ് ബ്ലോക്ക് ആയതിനെ തുടർന്നായിരുന്നു ഈ വിഷവാതകം മുറിയിൽ പരന്നത്. വിസ്‌കോസിനിൽ ഒരു സ്ത്രീ, മഞ്ഞു നദിയിൽ വീണു മരിച്ചപ്പോൾ ഓഹിയോയിൽ ഒരു യൂട്ടിലിറ്റി വർക്കർ വൈദ്യൂതാഘാതം ഏറ്റാണ് മരണമടഞ്ഞത്. മരം കടപുഴകിവീണ്ട് വെർമോണ്ടിൽ ഒരാൾ മരണമടഞ്ഞപ്പോൾ വ്യത്യസ്ത അപകടങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം ആറായി.

റോഡുകളിലെല്ലാം വാഹനങ്ങൾ കൂട്ടം കൂടി കിടക്കുകയാണ്. മഞ്ഞുകുന്നുകൾ മാറ്റി അവയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിങ്കളാഴ്‌ച്ച നിരത്തുകളിൽ വ്യക്തിഗത ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ ഉത്തരവ് കാര്യമാക്കാതെ യാത്ര തിരിച്ച നിരവധിപേരെയാണ് കുടുങ്ങിപ്പോയ വാഹനങ്ങളിൽ നിന്നും പൊലീസും രക്ഷാപ്രവത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവമായിരിക്കും ഈ കൊടുങ്കാറ്റിന് ഇത്രയേറെ ശക്തി നൽകിയത് എന്നാണ് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.