നെയ്‌റോബി: ജീവിതം സന്തോഷപൂർണ്ണമാകുന്നത് പലർക്കും പല വിധത്തിലാണ്. ചിലർക്ക് കൈനിറയെ പണം വന്നാൽ ജീവിതം ഖുശിയായി. മറ്റു ചിലർക്ക് സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷങ്ങളായിരിക്കും ജീവിതത്തിൽ ഏറ്റവും അധികം വിലപ്പെട്ടത്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഉഗാണ്ടയിലെ കർഷകനായ മുസ ഹസഹ്യ. തന്റെ കുടുംബം വിപുലപ്പെടുത്തുന്നതിലാണ് ഈ കർഷകൻ ആത്മസന്തോഷം കണ്ടെത്തുന്നത്.

കുടുംബം എന്ന് പറഞ്ഞാൽ ചില്ലറ കുടുംബമൊന്നുമല്ല ഇയാളുടേത്. 12 ഭാര്യമാരിൽ നിന്നായി ഇയാൾക്കുള്ളത് 102 മക്കളാണ്. തെറ്റിദ്ധരിക്കണ്ട, ആ അർത്ഥത്തിൽ അല്ല ഇയാൾ കൃഷിക്കാരനാണെന്ന് പറയുന്നത്,ഇയാൾ യഥാർത്ഥത്തിൽ ഒരു കൃഷിക്കാരൻ തന്നെയാണ്. 12 ഭര്യമാരും 102 മക്കളും കൂടിയാൽ ഇയാളുടെ കുടുംബമായി എന്നും വിചാരിക്കണ്ട. 568 പേരക്കുട്ടികളും ഇയാൾക്കുണ്ട്.

വർഷങ്ങാൾ കൊഴിഞ്ഞുപോകുമ്പോൾ ജീവിത ചെലവ് വർദ്ധിക്കുകയും തന്റെ കുടുംബം വലുതാവുകയും ചെയ്യുന്നതിനാൽ തന്റെ വരുമാനം തികയാതെ വരികയാണെന്ന് ഈ 67 കാരൻ പരിതപിക്കുന്നു. താൻ ഒന്നിനു പിറകെ ഒന്നായി സ്ത്രീകളെ വിവാഹം കഴിക്കുകയായിരുന്നു എന്ന് പറയുന്ന ഇയാൾ ലോകത്തിനോടായി വലിയൊരു ചോദ്യം ഉന്നയിക്കുന്നുമുണ്ട്, എങ്ങനെ ഒരു പുരുഷന് ഒരു സ്ത്രീയെക്കൊണ്ട് മാത്രം സംതൃപ്തനാകാൻ കഴിയും?

ബഹുഭാര്യത്വം നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ഉഗാണ്ടയിൽ, ലുസാക എന്ന സ്ഥലത്താണ് ഇയാളുടെ അസാധാരണമായ കുടുംബം ഇപ്പോഴുള്ളത്. തന്റെ ഭാര്യമാരെല്ലാം ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് അയാൾ പറയുന്നു. മാത്രമല്ല, താൻ അവരെയെല്ലാം ശരിയായി നിരീക്ഷിക്കുന്നുണ്ട് എന്നും അതിനാൽ മറ്റു പുരുഷന്മാരുമായി ബന്ധപ്പെടാൻ അവർക്കാകില്ല എന്നും അയാൾ പറയുന്നു.

ഇയാളുടെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യ സുലൈകക്ക് 11 മക്കളാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കുന്നതിനാൽ ഇനിയും കുട്ടികളെ ജനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇവർ പറയുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾജനനനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

ഇയാളുടെ മക്കളിൽ മൂന്നിലൊരു ഭാഗം ഇയാൾക്കൊപ്പം ഫാം ഹൗസിൽ തന്നെയാണ് ജീവിക്കുന്നത്. ആറ് വയസ്സ് മുതൽ 51 വയസ്സുവരെയുള്ള മക്കളാണ് ഇതിലുള്ളത്. ഇയാളുടെ മൂത്തമകൻ, ഇയാളുടെ ഇളയ ഭാര്യയേക്കാൾ 21 വയസ്സിന് മൂത്തതാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം.