- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ നിന്നും ഇറ്റലിയിൽ എത്തിയ ഒരു വിമാനത്തിലെ പാതിപേർക്കും കോവിഡ് ബാധ; ഉടനടി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറ്റലി; ഇന്ത്യ ആദ്യം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അമേരിക്കയും നടപ്പിലാക്കുന്നു; ലോകം പിടിമുറുക്കിയതോടെ എല്ലാ നിയന്ത്രണങ്ങളും നീക്കി ചൈനയും
മറ്റൊരു കോവിഡ് സുനാമിക്ക് ആരംഭമൊരുക്കുകയാണോ ചൈന? ആശങ്ക ശരിവയ്ക്കുന്ന സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചൈനയിൽ നിന്നും ഇറ്റലിയിലെ മിലാനിലെത്തിയ രണ്ട് വിമാനങ്ങളിലേയും പകുതിയോളം യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് പുതിയ കോവിഡ് തരംഗത്തെ കുറിച്ചുള്ള ആശങ്കയുയരാൻ കാരണമായിരിക്കുന്നത്. ലോകം മുഴുവൻ കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറായപ്പോഴും, ജനങ്ങളെ അടച്ചുപൂട്ടിയിട്ടിരുന്ന സീറോ കോവിഡ് നയം അടുത്തിടെയാണ് ചൈന ഉപേക്ഷിച്ചത്.
അതോടെ ചൈനയിൽ കോവിഡ് വ്യാപനതോത് കുതിച്ചൂയരുകയായിരുന്നു. എന്നാൽ, കൂടുതൽ നിയന്ത്രണങ്ങൾ നീക്കം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ചൈന. വിദേശത്തുനിന്നും ചൈനയിലെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്റൈൻ ജനുവരി 8 മുതൽ നിർത്തലാക്കുകയാണ്. ഇത് ചൈനീസ് ജനത ആവേശ പൂർവ്വമാണ് സ്വീകരിച്ചിരിക്കുന്നത്. വിദേശ യാത്രകൾക്ക് തിരക്ക് കൂട്ടുകയാണ് ഇന്ന് ചൈനാക്കാർ. ആവശ്യക്കാർ ഏറിയതോടെ അന്താരാഷ്ട്ര വിമാനടിക്കറ്റുകളുടെ നിരക്കുകളും കുതിച്ചുയരുകയാണ്.
ചൈനയിൽ നിന്നും മിലാനിലേക്കുള്ള രണ്ടു വിമാനങ്ങളിലെ പകുതിയിലേറെ യാത്രക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ നിർബന്ധിത രോഗ പരിശോധന ഇറ്റലി തിരികെ കൊണ്ടുവരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 62 യാത്രക്കാരുണ്ടായിരുന്ന ആദ്യ വിമാനത്തിലെ 35 പേരും 120 യാത്രക്കാരുണ്ടായിരുന്ന രണ്ടാമത്തെ വിമാനത്തിലെ 62 പേരും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ചൈനയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് -19 ആന്റിജെനിക് സ്വാബുകളും അതുമായി ബന്ധപ്പെട്ട വൈറസ് ശ്രേണീകരണവും നിർബന്ധമാക്കിയതായി ഇറ്റാലിയൻ ആരോഗ്യകാര്യമന്ത്രി ഒറാസിയോ ഷിലാസി പ്രഖ്യാപിച്ചു. ചൈനയിലെ വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപനവും ഒപ്പം ചൈനയിൽ നിന്നുള്ള സുതാര്യമായ വിവരങ്ങളുടെ അഭാവവും ലോക രാഷ്ട്രങ്ങളെ കടുത്ത ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
ഏതായാലും ചൈന നിയന്ത്രണങ്ങളിൽ നിന്നും പുറത്തു വന്നതോടെ മറ്റു രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ അടയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ചൈനക്ക് പുറമെ ജപ്പാൻ മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും കോവിഡ് പരിശോധന അമേരിക്ക നിർബന്ധമാക്കും. അതുപോലെ തായ്വാനും ചൈനീസ് മെയിൻ ലാൻഡിൽ നിന്നുമെത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
ചൈനയിൽ കോവിഡ് നിയന്ത്രണാധീനമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞു കവിയുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട ആരോഗ്യ പ്രവർത്തകർ പോലും പലപ്പോഴും ജോലി ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനയിൽ നിന്നും പുതിയ വകഭേദം വീണ്ടും ലോകത്തെ കീഴടക്കാൻ എത്തിയേക്കും എന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ