ലണ്ടൻ: ഇന്ത്യ-പാക് ക്രിക്കറ്റ് ടൂർണമെന്റിനെ തുടർന്നുണ്ടായ സംഘർഷം ഹിന്ദു - മുസ്ലിം ലഹളയായി ബ്രിട്ടണിലെ നഗരത്തിൽ വളർന്നത് അതിവേഗമായിരുന്നു. സെപ്റ്റംബറിൽ ലെസ്റ്ററിൽ നടന്ന കലാപം ഇരു വിഭാഗങ്ങൾക്കും ഏറേ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. കലാപത്തെ ശക്തമായി നേരിട്ട ലെസ്റ്റർ പൊലീസ് അന്ന് ഇരു വിഭാഗങ്ങളിൽ നിന്നുമായി തീവ്രാവാദികളായ മുപ്പത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജീവിതം പച്ച പിടിപ്പിക്കാൻ, സ്വന്തം നാടും വീടും വിട്ട് അന്യനാട്ടിൽ ചേക്കേറിയവർ, സ്വന്തം ജീവിതത്തേക്കാൾ അധികമായി വിശ്വാസ പ്രമാണങ്ങളെ മുറുകെ പിടിക്കുന്നതായിരുന്നു ലെസ്റ്ററിൽ കണ്ടത്. എന്നാൽ, അതുകൊണ്ട് നഷ്ടം സംഭവിക്കുന്നതും തങ്ങൾക്ക് മാത്രമായിരിക്കും എന്ന് മനസ്സിലാകാതെ കലാപത്തിന് ഇറങ്ങിപ്പുറപ്പെട്ടവർ പലരും ഇപ്പോഴും കസ്റ്റഡിയിലാണ്.

അതിനിടയിലാണ് ഈ കലാപവുമായി ബന്ധപ്പെട്ട കൂടുതൽ പേരെ തിരിച്ചറിഞ്ഞതായി ലെസ്റ്റർ പൊലീസ് ഈയാഴ്‌ച്ച അറിയിച്ചത്. കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളിലായി 12 പേരെ കൂടി ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിൽ മൂന്ന് പേർക്കെതിരെ ക്രമസമാധാനം തകർത്തതിന് ഗുരുതര വകുപ്പുകൾ ചേർത്ത് കേസ്സെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇതയും നാൾ അന്വേഷണം തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു എന്നും ലഹളക്കാരെ നിയന്ത്രിക്കാൻ നിയുക്തരായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ശരീരത്തിൽ ധരിച്ച ക്യാമറകൾ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്നും കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഡിടക്റ്റീവ് ഇൻസ്പെക്ടർ റോബ് ആർതർ ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.

ഇത്തരത്തിലുള്ള അന്വേഷണമാണ് കൂറ്റുതൽ പേരെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്. ഈ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ എല്ലാം തന്നെ 25 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. മാത്രമല്ല, ഇവർ മിക്കവരും ലെസ്റ്റർ നിവാസികൾ തന്നെയാണ്. അക്രമം, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കുക, ഗൂഢാലോചന തുടങ്ങി വ്യത്യസ്ത കുറ്റങ്ങളാണ് ഇവർക്ക് മേൽ ചാർത്തിയിരിക്കുന്നത്. ഇരു വിഭാഗങ്ങളിലും പെട്ടവർ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ക്രമസമാധാനം തകർത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ജാഡ്വേദ് പട്ടേൽ, സക്കിർ ഉമർജി, ഹസ്സൻ ചുനറ എന്നിവരെ അടുത്ത മാസം വ്യത്യസ്ത തീയതികളിലായി ലെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ദുബായിൽ നടന്ന ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ മത്സരത്തിനോട് അനുബന്ധിച്ചായിരുന്നു ലഹള പൊട്ടിപ്പുറപ്പെട്ടത്.