വടക്കഞ്ചേരി: കിഴക്കഞ്ചേരി തിരുവറ ക്ഷേത്രത്തിൽ നിറമാല ഉത്സവത്തിനിടെ ആനയിടഞ്ഞ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. നിറമാല മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന സ്വാമി എഴുന്നെള്ളത്തിനിടെയാണ് മൂന്ന് ആനകളിൽ ഒരെണ്ണം ഇടഞ്ഞത്. കുണ്ടുകാട്ടിൽ നിന്നും ആരംഭിച്ച എഴുന്നെള്ളത്ത് ക്ഷേത്രത്തിന് മുൻപിൽ എത്തിയപ്പോൾ പുത്തൂർ ദേവിനന്ദൻ എന്ന ആന ഇടയുകയായിരുന്നു. ഈ ആന അവിടെയുണ്ടായിരുന്ന മറ്റൊരു ആനയെ ആക്രമിച്ചു. കുത്തിമറിക്കാൻ ശ്രമിക്കുകയും ചെയ്തു. മൂന്ന് മിനിറ്റോളം രണ്ടാനകളും പരസ്പരം ഏറ്റുമുട്ടി.

രാവിലെ പത്ത് മണിയോടു കൂടിയാണ് സംഭവം. ആന ഇടഞ്ഞതോടെ ആനപ്പുറത്ത് നിന്നും ചാടിയ ആലത്തൂർ കാട്ടുശ്ശേരി ഗിരീഷ് (35) നാണ് പരിക്കേറ്റത്.ഇയാളെ വടക്കഞ്ചേരി നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടഞ്ഞ ആന സമീപത്തെ രണ്ട് ആനകളെയും ഇടിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി ചിതറിയോടി. ഇതിന് ശേഷമാണ് അതിലൊരു ആനയുമായി കൊമ്പു കോർക്കലുണ്ടായത്. ഇതിന്റെ വീഡിയോ വൈറലാണ്. ഒരാന മറ്റൊന്നിനെ കുത്തി വീഴ്‌ത്താൻ ശ്രമിച്ചത് പരിഭ്രാന്തിയായി. വൈറലാകുന്ന വീഡിയോയിലും ഇത് വ്യക്തമാണ്.

ഗോപുരത്തിന്റെ മൂലയ്ക്കായിരുന്നു ആനകൾ കൊമ്പു കോർത്തത്. മിനിറ്റുകൾ നീണ്ട അടി നിയന്ത്രിക്കാൻ പാപ്പന്മാർ പാടുപെട്ടു. രണ്ടാനകളേയും അടിയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നതുമില്ല. അവസാനം ഒരു കൊമ്പൻ മറ്റൊന്നിനെ കുത്തി മുന്നോട്ട് വിടുകയായിരുന്നു. അതിന് ശേഷം തിരിച്ചെത്തി ആളുകളുടെ മുമ്പിലും ഛിന്നം വിളിച്ചു. പകൽ 12 മണിയോടു കൂടിയാണ് ആനയെ തളച്ചത്. ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകളും, ക്ഷേത്രത്തിന് പുറത്തെ നാഗ പ്രതിഷ്ഠയുടെ മേൽക്കൂരയും ആന തകർത്തു.

ഇടഞ്ഞ ആനയുടെ പാപ്പാന്മാരായ വാസവും, പ്രസാദും മറ്റ് ആനയുടെ പാപ്പാന്മാരും ചേർന്നാണ് ആനയെ ക്ഷേത്രത്തിന് സമീപം തളച്ചത്. സംഭവമറിഞ്ഞ് വടക്കഞ്ചേരി എസ് ഐ കെ വി സുധീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, എലിഫന്റ് സ്‌ക്വാഡും സ്ഥലതെത്തി. സംഭവത്തെ ഉച്ചക്ക് ശേഷം നടന്ന ശീവേലി എഴുന്നെള്ളത്തിന് ആനകളെ ഒഴിവാക്കി. കഴിഞ്ഞ ശനിയാഴ്ച വണ്ടാഴി ചന്ദനാം പറമ്പിലും ആനയിടഞ്ഞ് 5 പേർക്ക് പരിക്കേറ്റിരുന്നു

പറവെപ്പിനിടെ ആന അസ്വസ്ഥതകൾ പ്രകടമാക്കുകയായിരുന്നു. ഇതോടെ ചുറ്റും നിന്നിരുന്നവർ ഓടി രക്ഷപ്പെട്ടു. ആറോളം ബൈക്കുകൾ ആണ് ആന തകർത്തത്. നിലവിൽ പാലക്കാട് ജില്ലയിൽ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ഇതാണ് ആന ഇടയാൻ കാരണം എന്നാണ് കരുതുന്നത്.

കഴിഞ്ഞ 24 -ാം തിയതിയും പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞിരുന്നു. അന്ന് 5 പേർക്കാണ് പരിക്കേറ്റത്. പാലക്കാട് വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത്, ഇളവംപാടം സ്വദേശി വൈശാഖ്, എരിക്കിൻചിറ ജിത്തു, വണ്ടാഴി സ്വദേശിനി തങ്കമണി, ആനയുടെ പാപ്പാൻ എന്നിവർക്കാണ് അന്ന് പരിക്കേറ്റത്.