- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യ എസ് അയ്യർ മകനെ ഒക്കത്തിരുത്തി ശരണം വിളിച്ചത് പമ്പ ഗണപതി ക്ഷേത്രത്തിൽ; വിമർശനം ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ തെറ്റായ കീഴ്വഴക്കമെന്ന്; വ്യക്തിപരമായ വിശ്വാസത്തിന്റെ ഇടമെന്ന് പ്രതികരിച്ച് ഒരു വിഭാഗം; പത്തനംതിട്ട ജില്ല കളക്ടർ വീണ്ടും ചർച്ചയിൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ല കളക്ടർ ദിവ്യ അയ്യർ പമ്പ ഗണപതി ക്ഷേത്രത്തിൽ ശരണം വിളിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാക്കി ഒരു വിഭാഗം. ഔദ്യോഗിക ചുമതലകൾക്കിടയ്ക്ക് മകനെയും ഒക്കത്തിരുത്തി ശരണം വിളിച്ചത് തെറ്റായ കീഴ് വഴക്കങ്ങളാണ് സൃഷ്ടിക്കുന്നതെന്ന വിമർശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ആരാധനാലയങ്ങൾ അടക്കമുള്ള പൊതുവിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പോകേണ്ടിവരും. അവിടെയെല്ലാം ഒരു മതേതര രാജ്യത്തെ ഭരണസംവിധാനത്തിന്റെ ഭാഗമെന്ന നിലയിലാണവർ പെരുമാറേണ്ടത്. ഇത്തരം ഭക്തിപ്രകടനങ്ങൾക്കും മതബദ്ധ പെരുമാറ്റത്തിനും ഔദ്യോഗിക ചുമതലക്കുള്ളിൽ സ്ഥാനമില്ല.
ജില്ലയുടെ ഉദ്യോഗസ്ഥ ഭരണമേധാവികൾ എന്ന നിലയിൽ തങ്ങളുടെ ഔദ്യോഗിക ചുമതലകളും വ്യക്തിപരമായ മത, രാഷ്ട്രീയ വിശ്വാസങ്ങളും കൂട്ടിക്കുഴക്കാതിരിക്കുക എന്നത് സാമാന്യമായ ചുമതലയാണ് എന്നതാണ് ദേശീയ നേതാക്കളുടെ അടക്കം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉന്നയിക്കുന്നത്.
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഗുജറാത്തിലെ പുതുക്കിപ്പണിത സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പോകുന്നതിൽ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിനോട് (1951 മാർച്ച്) അഭിപ്രായം ചോദിച്ചപ്പോൾ നെഹ്റു പറഞ്ഞത് അതൊരിക്കലും ആശാസ്യമായ സംഗതിയല്ല എന്നാണ്.
ഒരു മതേതര രാജ്യത്തെ ഭരണസംവിധാനം അതിന്റെ ബഹുസ്വരതയോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നത് സവിശേഷമായ അടുപ്പങ്ങളെ അകറ്റിനിർത്തിയാണ്. ഇത് നിങ്ങളുടെ ഉയർന്ന ഭരണചുമതലകളുടെയും വിപുലമായ അധികാരവകാശങ്ങളുടെയും ഭാഗമായി നിങ്ങൾ നൽകേണ്ട ചെറിയ വിലയാണ്.
കഴിഞ്ഞ ദിവസം തൃശൂർ കളക്ടർ തിരുവമ്പാടി അമ്പലത്തിൽ സംഗീതാർച്ചന നടത്തിയെന്നു കണ്ടിരുന്നു. കോടതി വിളക്ക്, പൊലീസ് വിളക്ക് തുടങ്ങിയ വൃത്തികേടുകൾ മതേതര വ്യവസ്ഥയെ കൊഞ്ഞനംകുത്തിക്കൊണ്ടു നടക്കുന്നത് ഗുരുവായൂർ അമ്പലത്തിലാണ്.
വ്യക്തികൾ എന്ന നിലയിൽ തങ്ങളുടെ മതബദ്ധതയുടെ പട്ടുകുപ്പായങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരമല്ല ഔദ്യോഗിക ചുമതല. കളക്ടർമാരും പൊലീസ് മേധാവികളുമൊക്കെ എന്ത് കോമാളിത്തം കാട്ടിയാലും അതൊക്കെ മിടുക്കന്മാരുടെ ലീലാവിലാസങ്ങളാക്കി വാർത്താമൂല്യമുണ്ടാക്കുന്നതാണ് പതിവ്. മികവിനെക്കുറിച്ചുള്ള അത്തരം പരിതാപകരമായ ബോധത്തിന്റെ ആഘോഷത്തിന്റെ ബാക്കികൂടിയാണ് ഈ വക നാടകങ്ങൾ എന്നുകൂടിയുണ്ടെന്നും വിഷയത്തിൽ വിമർശർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ദിവ്യ എസ് അയ്യർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ മതപരമായ പ്രീതിയോ/അപ്രീതിയോ ചെയ്തതായി ആരോപണമില്ല. കലേ്രക്ടറ്റിൽ കെട്ടുനിറയും അയ്യപ്പൻ വിളക്കും സംഘടിപ്പിച്ചിട്ടില്ല. ക്ഷേത്രത്തിലാണ് അവർ ശരണം വിളിച്ചത്. വ്യക്തിപരമായ വിശ്വാസ ഇടമെന്ന വാദമാണ് വിമർശകർക്ക് മറുപടിയായി മറുവിഭാഗം നൽകുന്നത്.
വ്യക്തിസ്വാതന്ത്ര്യം എന്ന് 'നമ്മൾ' പുരോഗമനവാദികൾ വാദിക്കുമ്പോൾ അതിൽ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിശ്വാസിയായി ജീവിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടല്ലോ. അതുകൊണ്ട് കലക്ടറുടെ ശരണം വിളിയെ ട്രോളുന്നത് നിങ്ങൾ തന്നെ മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യ നിലപാടുകൾക്ക് എതിരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രവും ദൈവ വിശ്വാസവും യുക്തിബോധവുമൊക്കെയാണ് പ്രശ്‌നമെങ്കിൽ സാക്ഷാൽ ആൽബർട്ട് ഐൻസ്‌റ്റൈനും കാൾ സാഗനും റോബർട്ട് ഓപ്പൻഹീമറും എല്ലാം ഇന്ത്യയുടെ വിശ്വാസ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും ദിവ്യ എസ് അയ്യരെ വിമർശിച്ചവർക്കുള്ള മറുപടിയായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു
മറുനാടന് മലയാളി ബ്യൂറോ