- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിറ്റ്ലറെ കുറിച്ചും വേൾഡ് ട്രേഡ് ആക്രമണത്തെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചും വരെ പ്രവചിച്ച നോസ്റ്റർഡാമസ് 2023-നെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത്? വമ്പൻ സാമ്പത്തിക തകർച്ചയും പ്രകൃതിനാശവും യുദ്ധവും
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, പ്രശസ്ത ജ്യോതിഷി നോസ്റ്റർഡാമസിന്റെ പ്രവചനം യാഥാർത്ഥ്യമാവുകയാണെങ്കിൽ 2023 നമുക്കായി കരുതി വെച്ചിരിക്കുന്നത് കടുത്ത ദുരന്തങ്ങളാണ്. വൻ യുദ്ധവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെല്ലാം നമ്മളെ ഈ വർഷം കാത്തിരിക്കുന്നു.
1555-ൽ പ്രസിദ്ധീകരിച്ച ''ലെസ് പ്രോഫെറ്റിസ്'' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ കുറിച്ചിരിക്കുന്നത്. നാലു വരി ശ്ലോകങ്ങളായി 942 പ്രവചനങ്ങളാണ് അതിലുള്ളത്. അമേരിക്ക വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആക്രമണത്തെ കുറിച്ചും അതുപോലെ ഹിറ്റലറുടെ ഉയർച്ച, ആഗോള താപനം, നിർമ്മിത ബുദ്ധി എന്നിവയെ കുറിച്ചും അദ്ദേഹം പ്രവചിച്ചിരുന്നു എന്നാണ് നോസ്റ്റർഡാമസ് ആരാധകർ അവകാശപ്പെടുന്നത്.
നാലുവരി പദ്യ ശകലങ്ങളായി എഴുതിയ അദ്ദേഹത്തിന്റെ വരികൾ പല വിധത്തിലും വ്യാഖ്യാനിക്കാവുന്നതാണ് എന്നതുകൊണ്ടു തന്നെ, ഈ പ്രവചനങ്ങളിലൂടെ അദ്ദേഹം എന്താണ് കൃത്യമായി ഉദ്ദേശിച്ചതെന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ടു തന്നെ പ്രസിദ്ധീകരിച്ച് 400 വർഷങ്ങൾക്ക് ഇപ്പുറവും ഈ പുസ്തകം ഇന്നും ഒരു തർക്ക വിഷയമായി തുടരുകയാണ്.
ദുഷ്ട ശക്തികൾ ആരംഭിക്കുന്ന മഹായുദ്ധം ഉണ്ടാകുമെന്നാണ് അദ്ദേഹം 2023 നെ കുറിച്ച് പ്രവചിച്ചിരിക്കുന്നത്. ഏഴു മാസം നീണ്ടു നിൽക്കുന്ന യുദ്ധത്തിൽ നിരവധി പേർ മരണമടയുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ വൻശക്തികൾക്കിടയിലെ സംഘർഷം കൂടുതൽ മൂർച്ഛിച്ചു വരുന്ന ഒരു കാലഘട്ടം കൂടിയാണ് ഇതെന്നുള്ളത് ഒരുപക്ഷെ തികച്ചും യാദൃശ്ചികമായിരിക്കാം.
യുക്രെയിൻ യുദ്ധത്തിലെ പരാജയ ശ്രേണികൾ പുടിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഗതികെട്ട പുടിൻ ആണവയുദ്ധത്തിന് ഒരുങ്ങുമോ എന്ന ആശങ്ക ഇപ്പോൾ തന്നെ ശക്തമാണ്. അതല്ലെങ്കിൽ, യുക്രെയിനെ സഹായിക്കുന്ന നാറ്റോ സഖ്യത്തിനെതിരെ പുടിൻ തിരിയുമോ എന്ന ഭയവും ഉണ്ട്. അങ്ങനെഒന്നുണ്ടായാൽ അത് കലാശിക്കുക മൂന്നാം ലോക മഹായുദ്ധത്തിലായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.
അതല്ലെങ്കിൽ തെക്കൻ ചൈന കടലിൽ ഉരുണ്ടു കൂടുന്ന അമേരിക്ക-ചൈന സംഘർഷവും ഒരു യുദ്ധത്തിലേക്ക് എത്തിയേക്കാം എന്ന ആശങ്ക നിലവിലുണ്ട്. രണ്ട് ആണവ ശക്തികളായ ഇന്ത്യയ്യ്ക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷം തലപൊക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. ഏതായാലും യുദ്ധം ഏഴ് മാസം മാത്രമെ നീണ്ടു നിൽക്കുകയുള്ളു എന്ന പ്രവചനം നോസ്റ്റർഡാമസ് ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്.
ചൊവ്വയിലെ പ്രകാശം അണഞ്ഞുപോകും എന്ന് നോസ്റ്റർഡാമസ് പറഞ്ഞിരിക്കുന്നത് പക്ഷെ ആ ചുവന്ന ഗ്രഹത്തിന് ഏതെങ്കിലും നാശനഷ്ടങ്ങൾ സംഭവിക്കും എന്നതുകൊണ്ടല്ലെന്നാണ് ആരാധകർ പറയുന്നത്. മനുഷ്യന്റെ ചൊവാ ഗ്രഹം കേന്ദ്രീകരിച്ചു നടത്തുന്ന പല പദ്ധതികളും പരാജയപ്പെടാനുള്ള സാധ്യതയാണ് അത് സൂചിപ്പിക്കുന്നത് എന്ന് അവർ പറയുന്നു. നാസയുടെ ചൊവ്വാ പര്യവേഷണവും, എലൻ മസ്‌കിന്റെ 2026 മുതൽ മനുഷ്യരെ ചൊവ്വയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പദ്ധതിയുമെല്ലാം ഇതിൽ ഉൾപ്പെടും.
''ഗോതമ്പു കതിരുകൾ വൻ കുറ്റിച്ചെടികളായി വളർന്ന് പൊന്തും; മനുഷ്യൻ തന്റെ സഹജീവികളെ ഭക്ഷിച്ച് വിശപ്പടക്കും''
ലോകത്തിലെ ഭക്ഷ്യവിതരണ ശൃംഖലയിൽ ഈ വർഷം ഉണ്ടാകാൻ പോകുന്ന വൻ തകർച്ചയേയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നോസ്റ്റർഡാമസ് ആരാധകർ പറയുന്നു. ചില മനുഷ്യരെങ്കിലും നരഭോജികളായി മാറുകയും ചെയ്യുമത്രെ. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ചരക്ക് നീക്കം തടസ്സ്പ്പെടുന്നതോടെ ഇത്തരം ഒരു അവസ്ഥ വന്നു ചേർന്നേക്കാം എന്നും ആശങ്കയുയരുന്നുണ്ട്.
ചരക്ക് നീക്കം തടസ്സപ്പെട്ടതിനെ തുടർന്ന് ആഗോളാടിസ്ഥാനത്തിൽ തന്നെ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നിട്ടുണ്ട്. പല വസ്തുക്കളും ആവശ്യത്തിന് ലഭിക്കാതെയായിട്ടുമുണ്ട്. അതോടൊപ്പം വൻ സാമ്പത്തിക തകർച്ചയും പ്രവചിക്കപ്പെടുന്നു. ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഇത് വരും വർഷം രൂക്ഷമായേക്കും എന്ന ആശങ്കയും ഉന്റ്.
''നാല് പതിറ്റാണ്ട് മഴവില്ല് കാണാൻ കഴിയില്ല' നാല് പതിറ്റാണ്ട് നിത്യേന മഴവില്ല് കാണാം.''
''വരണ്ട ഭൂമിക കൂടുതൽ വിണ്ടു കീറും; നോക്കി നിൽക്കെ വൻ പ്രളയവുമെത്തും'' 2023-ൽ കാത്തിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളേയും കാലാവസ്ഥാ വ്യതിയാനങ്ങളേയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ വർഷം, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർൾച്ചക്ക് യൂറോപ്പ് സാക്ഷ്യം വഹിച്ചിരുന്നു. അതുപോലെ 1700 ഓളം പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കം പാക്കിസ്ഥാനെ വിറപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ച ഈ വർഷവും സംഭവിച്ചേക്കാം.
ഈ ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും ഒപ്പം ലോകത്തിന്റെ പലയിടങ്ങളിലായി ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെടുമെന്നും നോസ്റ്റർഡാമസ് പ്രവചിക്കുന്നു. പ്രവചനം എന്തായാലും, വർത്തമാനകാല സാഹചര്യം വിലയിരുത്തിയാൽ, സമീപഭാവി ഏറെ കഷ്ട്തകൾ നിറഞ്ഞതായിരിക്കും എന്നു തന്നെവേണം കരുതാൻ.
മറുനാടന് മലയാളി ബ്യൂറോ