- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
ഇറഖ് ഏകാധിപതി സദ്ദാം ഹുസൈനെ പിടികൂടാൻ അമേരിക്കൻ സൈന്യത്തിന്റെ രഹസ്യ വിഭാഗമായ ഡെൽറ്റ ഫോഴ്സ് 2003-ൽ നടത്തിയ ശ്രമങ്ങളുടെ യഥാർത്ഥ വിവരണം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഡെൽറ്റാ ഫോഴ്സിലെ ഒരു മുൻ അംഗം തന്നെയാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞമാസം ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തുകൊണ്ടാണ് വിരമിച്ച ആർമി മാസ്റ്റർ സർജന്റ് കെവിൻ ഹോളണ്ട് 2003 ഡിസംബർ 13 ലെ സദ്ദാം ഹുസൈന്റെ അറസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ നേവിയുടെ ഉന്നത വിഭാഗമായ സീലിലും അതുപോലെ ഡെൽറ്റാ ഫോഴ്സിലും പ്രവർത്തിക്കാൻ കഴിഞ്ഞ, അറിയപ്പെടുന്ന ഒരേയൊരു സൈനികനാണ് കെവിൻ. മുൻ നേവി ഉദ്യോഗസ്ഥനായ ജാക്ക് കാർ നടത്തുന്ന ഡെയിഞ്ചർ ക്ലോസ് എന്ന പരിപാടിയിലാണ് കെവിൻ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ സൈനിക ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവം വിവരിക്കാൻ പറഞ്ഞപ്പോഴാണ് താനും സഹപ്രവർത്തകരും കൂടി എട്ടടി വലിപ്പമുള്ള തുരങ്കം കണ്ടെത്തിയതും സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തതുമൊക്കെ വിവരിച്ചത്.
സീൽസിൽ 20 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കെവിൻ 1999-ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷമായിരുന്നു കരസൈന്യത്തിൽ ചേർന്നത്. ഇറാഖ് ഏകാധിപതിയുടെ അറസ്റ്റിനു ശേഷം ഏതാണ്ട് രണ്ട് പതിറ്റാണ്ട് തികയുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്. താൻ നേവിയിൽ ചേരാനുണ്ടായ സാഹചര്യവും പിന്നീട് 2003-ൽ ഇറാഖ് യുദ്ധം ആരംഭിച്ചപ്പോൾ ഡെൽറ്റ ഫോഴ്സിൽ എത്തിയ കാര്യവുമൊക്കെ ഇയാൾ വിശദമായി പറയുന്നുണ്ട്.
പിന്നീടാണ് സദ്ദാം ഹുസൈന്റെ കാര്യത്തിലേക്ക് വരുന്നത്. അദ്-ദ്വാർ എന്ന കാർഷിക പട്ടണത്തിലായിരുന്നു സദ്ദാം ഹുസൈൻ ഒളിവിൽ കഴിഞ്ഞിരുന്നത്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ പട്ടണത്തിലെത്തിയ, കെവിൻ അടങ്ങുന്ന ഡെൽറ്റ ഫോഴ്സ് സംഘം ഒരു പാടത്തിനടുത്ത് സദ്ദാം ഹുസൈൻ ഒളിച്ചിരുന്ന ചെറിയ തുരങ്കം കണ്ടെത്തുകയായിരുന്നു. വളരെ വിസ്തൃതമായ ആ പാടശേഖരത്തിലേക്ക് ഒരു റോഡ് മാത്രമെ ഉണ്ടായിരുന്നുള്ളു. അവിടെ ഹുസൈന്റെ അനുയായികൾ നിരീക്ഷണം കർശനമാക്കുകയും ചെയ്തിരുന്നു.
പതിവില്ലാത്ത വിധം കുറ്റിച്ചെടികൾ തിങ്ങിയ ഒരിടത്തായിരുന്നു ഈ തുരങ്കത്തിന്റെ ഗുഹാമുഖം. ഈ വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. ഗുഹാമുഖം പോളിസ്റ്ററിന്റെ മറ്റൊരു വകഭേദമായ സ്‌റ്റൈറോഫോം കൊണ്ട് മൂടി അതിനു മുകളിൽ ഇലകളും മറ്റു മാലിന്യങ്ങളും നിക്ഷേപിച്ചിരുന്നു. അതേസമയം, അകത്തേക്ക് വായു പ്രവഹിക്കുവാൻ ഒരു പൈപ്പും ഘടിപ്പിച്ചിരുന്നു. ഈ പൈപ്പായിരുന്നു തങ്ങളെ സ്ഥലം എളുപ്പത്തിൽ കണ്ടെത്താൻ സഹായിച്ചതെന്ന് കെവിൻ പറയുന്നു.
ഗ്രനേഡ് സ്ഫോടനത്തിലൂടെയായിരുന്നു ഗുഹാമുഖം തുറന്നത്. പൊടിപടലങ്ങൾ ഒഴിഞ്ഞപ്പോൾ അവിടെ തെളിഞ്ഞു കണ്ടത് ഇഷ്ടിക കൊന്റ് നിർമ്മിച്ച ഒരു തുരങ്കമായിരുന്നു. കനത്ത ഇരുട്ടു മൂടിനിന്ന തുരങ്കത്തിനകത്ത് ഒന്നും തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല. തോക്കിൽ ഘടിപ്പിച്ച വിളക്കുകളായിരുന്നു ഇഷ്ടികച്ചുമരുകൾക്കിടയിലൂടെ മുൻപോട്ട് നീങ്ങാൻ സഹായകമായത്. അതിനകത്ത് എന്തായിരിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതിനാൽ തന്നെ ഒരു പട്ടിയെ ആദ്യം അതിനകത്തേക്ക് കടത്തിവിടാൻ ശ്രമിച്ചെങ്കിലും പട്ടി ഭയന്ന് പിന്മാറുകയായിരുന്നു.
അപ്പോഴായിരുന്നു അകത്ത് നിന്നും അറബി ഭാഷയിലുള്ള സംസാരം കേട്ടത്. സൈന്യത്തിലെ ദ്വിഭാഷി അതിനു മറുപടിയും നൽകി. പിന്നീടാണ് സദ്ദാം ഹുസൈൻ ഗുഹാമുഖത്തിനടുത്ത് എത്തിയത്. ഉടൻ തന്നെ സദ്ദാം ഹുസൈനെ തുരങ്കത്തിൽ നിന്നും പുറത്തെത്തിച്ചു. കൈയിൽ ഒരു ഹാൻഡ് ഗണുമായി ആയിരുന്നു ഹുസൈൻ പുറത്തെത്തിയത്. സ്വേച്ഛാധിപതിയുടെ കൈകളിൽ തോക്ക് ഇരുന്നാലുള്ള അപകടം മനസ്സിലാക്കിയ സൈനികരിൽ ഒരാൾ ഉടൻ തന്നെ സദ്ദാം ഹുസൈനെ ഇടിച്ചു താഴെയിടുകയായിരുന്നു.
ഫുള്ളി ഓട്ടോമാറ്റിക് ഗ്ലോക്ക് -15 തോക്ക് ആയിരുന്നു സദ്ദാം ഹുസ്സൈന്റെ കൈയിൽ ഉണ്ടായിരുന്നത്. അത് ഇപ്പോൾ മുൻ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യൂം ബുഷിന്റെ കൈവശമാണെന്നും കെവിൻ പറഞ്ഞു. അടികൊണ്ട് വീണ ഉടൻ തന്നെ താൻ ഇറാഖിന്റെ പ്രസിഡണ്ടായിരുന്നു എന്നും ചർച്ചകൾക്ക് തയ്യാറാണെന്നും സദ്ദാം ഹുസൈൻ പറഞ്ഞതായി കെവിൻ ഹോളണ്ട് പറയുന്നു. അതിനു ശേഷം താൻ തുരങ്കത്തിലിറങ്ങി പരിശോധിച്ച വിവരവും കെവിൻ പറയുന്നുണ്ട്.
കഷ്ടിച്ച് ഒരാൾക്ക് എഴുന്നേറ്റ് നിൽക്കാൻ മാത്രം ഉയരമുള്ള തുരങ്കത്തിനകത്ത് ഒരു ചെറിയ ബെഞ്ച് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സദ്ദാം ഹുസൈന്റെ അനുയായികൾസദ്ദാമിന് സുരക്ഷ ഒരുക്കിയിരുന്നു. പാചകക്കാർ എന്ന പേരിൽ അടുത്തുള്ള രണ്ടു കുടിലുകളിലായി താമസിച്ചിരുന്ന രണ്ട് സുരക്ഷാ സൈനികരെയും അന്നേ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ