ലണ്ടൻ: സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ഒരു വ്യാജ പരാതി എത്തിനിന്നത് ഒരു കലാപത്തിലായിരുന്നു. കംബ്രിയയിലെ പട്ടണമായ ബാരോയിൽ നിരവധി നാശനഷ്ടങ്ങൾക്ക് വഴിതെളിച്ച കലാപത്തിനു പിന്നിൽ എലിനോർ വില്യംസ് എന്ന യുവതിയുടെ ഒരു വ്യാജ പോസ്റ്റ് ആയിരുന്നു. ഒരു പറ്റം ഏഷ്യാക്കാർ, 2020 മെയ്‌ മാസത്തിൽ തന്നെ പിടിച്ചു കൊണ്ടുപോവുകയും മർദ്ദിച്ച് അവശയാക്കി ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു ഇവർ പോസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ ശരീരത്തിന്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്.

ഇതോടെ മുൻ ഇ ഡി എൽ നേതാവ് ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിച്ചു. വംശീയ വെറിപൂണ്ട മുദ്രവാക്യങ്ങളായിരുന്നു പ്രതിഷേധത്തിൽ ഉടനീളം ഉയർന്ന് വന്നത്. കറി ഹൗസുകളുടെ ജനലുകളെല്ലാം തകർത്തു. ഒരു മുസ്ലിം ടേക്ക് എവേയുടെ ഉടമസ്ഥന് തന്റെ ജീവൻ രക്ഷിക്കാൻ തെരുവിലേക്കിറങ്ങി ഓടേണ്ടി വന്നു. പുറകെയെത്തിയ അക്രമികൾ അയാളുടെ തലയിൽ കൂടി പെട്രോൾ ഒഴിക്കുകയും ചെയ്തു. നിരവധി ഏഷ്യാക്കാർക്ക് വീടും കടകളും ഉപേക്ഷിച്ച് പട്ടണത്തിൽ നിന്നും പലായനം ചെയ്യേണ്ടതായും വന്നു.

സമൂഹമാധ്യമങ്ങളിൽ കാള പെറ്റാൽ ഉടൻ നാട്ടിൽ കയറുമായി ഇറങ്ങുന്നവർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള കണ്ടെത്തലുകൾ. വിശദമായി അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് എലിനോർ വില്യംസ് എന്ന 22 കാരി സമൂഹമാധ്യമത്തിലൂടെ പറഞ്ഞതു മുഴുവൻ കള്ളമായിരുന്നു എന്നായിരുന്നു. സ്വയം ഒരു ചുറ്റിക കൊണ്ടടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യുഷൻ കോടതിയിൽ പറഞ്ഞത്.

സാമാന്യ നീതി നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിച്ചതിന് എട്ട് കൗണ്ടുകൾ ആണ് ഇവരുടെ മേൽ ചാർജ്ജ് ചെയ്തിരിക്കുന്നത്. നുണ പ്രചാരണം, നുണ പ്രചരിപ്പിച്ചതു വഴി നിഷ്‌കളങ്കരായ കുറേപേരുടെ ജീവിതം ദുരിതത്തിലാക്കി എന്നിവയടക്കം എട്ട് കുറ്റങ്ങൾക്കാണ് ഇവർ വിചാരണ നേരിടുന്നത്. കൗമാരക്കാരായ ഒരു സംഘം ഏഷ്യാക്കാർ തന്നെ തട്ടിക്കൊണ്ടു പോയി എന്നും കൂട്ടബലാത്സംഗം ചെയ്തു എന്നും കൂടാതെ ഇബിസിയ, ആംസ്റ്റർഡാം തുടങ്ങിയ പ്രദേശങ്ങളിലേക്ക് തന്നെ എത്തിച്ച് മറ്റുള്ളവർക്ക് നൽകി പണം വാങ്ങി എന്നുമൊക്കെയായിരുന്നു ഇവർ സമൂഹമാധ്യമത്തിൽ ആരോപിച്ചിരുന്നത്.

ഏതായാലും 11 ആഴ്‌ച്ച നീണ്ടു നിന്ന വിചാരണക്കൊടുവിൽ പ്രെസ്റ്റൺ ക്രൗൺ കോടതി ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.ആംസ്റ്റർഡാമിൽ കൊണ്ടുപോയി എന്ന് പറയുന്ന സമയത്ത് ഇവർ ഇവരുടെ സഹോദരിക്കും കാമുകനും ഒപ്പമായിരുന്നു എന്നത് തെളിഞ്ഞു. മറ്റൊരു മനുഷ്യൻ തന്നെ ബ്ലാക്ക്പൂളിൽ വെച്ച് പിടിച്ചതായും എട്ടുപേരുമായി ലൈംഗിക വേഴ്‌ച്ചയിൽ ഏർപ്പെട്ടില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞിരുന്നു. എന്നാൽ, കുറ്റം ആരോപിക്കപ്പെട്ട വ്യക്തി ഈ സമയത്ത് ഒരു ഹോട്ടൽ മുറിയിൽ ഒറ്റക്കായിരുന്നു എന്നതിന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ലഭിച്ചു.

പേരെടുത്ത് പറഞ്ഞ് കുറ്റം ആരോപിക്കപ്പെട്ട പലർക്കും അവരുടെ കുടുംബ ജീവിതം തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. ഏഷ്യൻ വംശജരെ കോടതി കുറ്റവിമുക്തരാക്കിയെങ്കിലും, സമൂഹമാധ്യമങ്ങളിൽ നടന്ന മാധ്യമ വിചാരണ പെട്ടെന്നൊന്നും മറക്കാൻ കഴിഞ്ഞില്ല. ഒരു ജീവിതകാലത്തെ സമ്പാദ്യം തന്നെ നഷ്ടപ്പെട്ടവർ ഏറെയാണ്. കേവലം ഒരു വ്യാജ പ്രചാരണം വരുത്തി വെച്ച ദുരന്തം അത്ര ചെറുതൊന്നുമല്ലെന്ന് ചുരുക്കം.