ലണ്ടൻ: പരസ്പരം കലഹിക്കുന്ന മക്കൾ ഏതൊരു പിതാവിന്റെയും തീരാദുഃഖമാണ്. ആ മഹാദുഃഖം അനുഭവിക്കുകയാണ് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ഹൃദയം പൊട്ടി ആ പിതാവ് ഇക്കാര്യം മക്കളോട് യാചിക്കുകയും ചെയ്തുവത്രെ, തന്റെ അവസാന നാളുകൾ കണ്ണുനീരിലാക്കരുതേ എന്ന്. ഹാരിയുടെ പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പെയർ എന്ന ഹാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ചോർന്നു കിട്ടിയ ചില ഭാഗങ്ങളിൽ ഒന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുഹ്നത്. മുത്തച്ഛൻ ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകൾ അവസാനിച്ചതിനു ശേഷമായിരുന്നു ചാൾസ് മൂന്നാമൻ മക്കളെ രണ്ടുപേരെയും വിളിച്ച് ഇക്കാര്യം അപേക്ഷിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.

അടുത്തയാഴ്‌ച്ച പ്രസാധനം ചെയ്യാൻ പോകുന്ന പുസ്തകത്തിൽ ഹാരി എഴുതുന്നത്, തങ്ങൾക്ക് രണ്ടു പേർക്കും ഇടയിലായി നിന്ന് തങ്ങളുടെ മുഖങ്ങളിലേക്ക് മാറിമാറി നോക്കിക്കൊണ്ടായിരുന്നു, തന്റെ അന്ത്യകാല ജീവിതം ദുരിതപൂർണ്ണമാക്കരുതെന്ന് രാജാവ് അപേക്ഷിച്ചത് എന്നാണ്. ഗാർഡിയനിലാണ് ചോർന്ന് കിട്ടിയ ഈ ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവർക്ക് ഇത് എങ്ങനെ കിട്ടി എന്നത് വ്യക്തമല്ല.

ഹാരിയുമായി തല്ലുകൂടിയതും മറ്റുമായി നിരവധി സംഭവങ്ങൾ പുസ്തകത്തിൽ നിന്നും ചോർന്ന് പുറത്തായതോടെ പുസ്തകത്തിന് ആവശ്യക്കാർ ഏറെയായി. അടുത്തയാഴ്‌ച്ച പുറത്തിറങ്ങാൻ ഇരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രീ-ഓർഡർ ഇതിനോടകം തന്നെ റെക്കോർഡുകൾ ഭേദിച്ചു കഴിഞ്ഞു. പ്രീ-സെയിൽ വിഭാഗത്തിൽ ആമസോൺ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇപ്പോൾ ഈ പുസ്തകം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ജനുവരി 10 ന് വില്പനക്കെത്തുന്ന പുസ്തകത്തിന്റെ ഹാർഡ്ബാക്ക് എഡിഷന് ബ്രിട്ടനിൽ 14 പൗണ്ടും അമേരിക്കയിൽ 22.40 ഡോളറുമാണ് വില നിശ്ചയിച്ചിരിക്കുന്ന്ത്. ഏകദേശം 20 മില്യൺ ഡോളറിന്റെ പദ്ധതിയുടെ ഭാഗമായി ഈ പുസ്തകം ലോകമെമ്പാടും ഒരേ സമയം പ്രസിദ്ധീകരിക്കും. പുലിറ്റ്സർ പുരസ്‌കാര വിജയിയായ ജെ ആർ മോർംഗർ ആണ് ഇത്എഴുതിയിരിക്കുന്നത് എന്നൊരു റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. ഇതിനായി അവർക്ക് 8,28,590 പൗണ്ട് പ്രതിഫലം നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, പുസ്തക പ്രസാധകർക്ക് ഇത് അത്ര അനായാസമായ ഒരു കാര്യമല്ല. 20 മില്യൺ ഡോളറിന്റെ ഈ പുസ്തക പ്രസാധനത്തിൽ നിന്നും ലാഭം ലഭിക്കണമെങ്കിൽ കുറഞ്ഞത് 17 ലക്ഷം പുസ്തകങ്ങൾ എങ്കിലും വിറ്റുപോകണം. ഇതിനായി, ഈ പുസ്തകത്തിന്റെ പ്രിന്റ്, എ-ബുക്ക് വിഭാഗങ്ങൾ അമേരിക്കയിൽ 15 ബെസ്റ്റ് സെല്ലർ ലിസ്റ്റിലും ബ്രിട്ടനിലെ ബെസ്റ്റ് സെല്ലർ ലിസ്റ്റിലും ഉൾപ്പെടേണ്ടതുണ്ട്. ഹാരിയുടെയും മേഗന്റെയും തുടർച്ചയായ വിഴുപ്പലക്കലുകൾ ജനങ്ങൾക്ക് മടുത്തു തുടങ്ങി എന്ന് ചില നിരീക്ഷകർ പറയുന്നു. അതുകൊണ്ടു തന്നെ പ്രതീക്ഷിച്ച രീതിയിലുള്ള വിൽപന നടക്കുമോ എന്ന കാര്യത്തിലും അവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.