- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോഗയോഗ്യമായ കേക്ക് ബേസ് വസ്തുക്കൾ പ്രദർശിപ്പിച്ച് തെറ്റായ പ്രചാരണം നടത്തി; ആരോഗ്യവിഭാഗത്തിന് എതിരെ കണ്ണൂർ മേയർക്ക് പരാതി നൽകി എം ആർ എ ബേക്കറി; കണ്ണൂരിലും തളിപ്പറമ്പിലും വ്യാപക റെയ്ഡ്; പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി; ദ്രോഹിക്കുന്നുവെന്ന് ഹോട്ടലുടമകൾ
തളിപ്പറമ്പ്: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡു തുടരുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന വ്യാപക പരിശോധനയുടെ ഭാഗമായി തളിപ്പറമ്പിൽ നിന്നും നഗരസഭാ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണപദാർതഥങ്ങൾ കണ്ടെടുത്തു.
തളിപ്പറമ്പ് ടൗൺ, മന്ന, കുപ്പം ഭാഗങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി. തളിപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ 18ഓളം ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ റെയ്ഡിൽ കാക്കാത്തോട് ബസ്റ്റാന്റിന് സമീപത്തെ കരീംസ് ഹോട്ടലിൽ നിന്നാണ് ഫ്രിഡ്ജിൽ സൂക്ഷിച്ച പഴകിയ 15 കിലോ കോഴിയിറച്ചി പിടിച്ചെടുത്തത്. കൂടാതെ അനുഷ ടീ സ്റ്റാൾ, കുപ്പത്തെ ഒരു തട്ടുകട എന്നിവിടങ്ങളിൽ നിന്നും 2 കിലോ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി. റെയ്ഡിൽ ജെ എച്ച് ഐമാരായ ബിജോ പി ജോസഫ്, അർച്ചന മൂർക്കോത്ത്, ദീപവല്ലി എം ജി, റെയ്ഹ എം വി എന്നിവർ പങ്കെടുത്തു.
ഇതിനിടെ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ തങ്ങളുടെ സ്ഥാപനത്തിനെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എം.ആർ.എ മാനേജ്മെന്റ് രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ണൂർ ചെട്ടിപ്പീടികയിലെ എം.ആർ.എ ബേക്കറി നിർമ്മാണ യൂണിറ്റിൽ നിന്നും ഉപയോഗയോഗ്യമായ കേക്ക് ബേസ് വസ്തുക്കൾ എടുത്തു കൊണ്ട് പോകുകയും തുടർന്ന് മറ്റുള്ള സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കളോടൊപ്പം ഇവ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് എം.ആർ.എ മാനേജ്മെന്റ് മേയർക്ക് പരാതി നൽകിയത്.
എഫ്.എസ്.എസ്.എ ഐ യുടെ ഫൈവ് സ്റ്റാർ പദവി ലഭിച്ച കണ്ണൂർ ജില്ലയിലെ ഏക ബേക്കറി നിർമ്മാണ യൂണിറ്റാണ് ചെട്ടിപ്പീടികയിലേതെന്നും . പരിശോധനയിൽ ഇവിടെ നിന്നും എടുത്തുകൊണ്ടുപോയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സത്യാവസ്ഥ ഉപഭോക്താക്കളെ ബോധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മേയർക്ക് നൽകിയ കത്തിൽ എം.ആർ.എ മാനേജ്മെന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം 58 ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന ഹോട്ടൽ, ബേക്കറി , കൂൾ ബാർ എന്നിവടങ്ങളിലാണ് കോർപറേഷൻ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തിയത്. പുഴാതി , പള്ളിക്കുന്ന് സോണലുകൾ, തയ്യിൽ, മരക്കാർ കണ്ടി, കണ്ണൂർ ടൗൺ എന്നിവടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.
കണ്ണൂർകോർപറേഷൻ പരിധിയിൽ പഴകിയ ഭക്ഷ്യവസ്തുക്കളുടെ വിൽപന യാതൊരു കാരണവശാലും അനുവദിക്കുന്നില്ലെന്നും ഇനിയുള്ള ദിവസങ്ങളിലും റെയ്ഡു തുടരുമെന്നും മേയർ ടി.ഒമോഹനൻ പ്രതികരിച്ചു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇനിയും കരകയറാനാവാത്ത ഹോട്ടൽമേഖലയെ അധികൃതർ അനാവശ്യമായി ദ്രോഹിക്കുകയാണെന്നാണ് ഹോട്ടൽ വ്യാപാരികളുടെ ആരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്