ലണ്ടൻ: വൻ വിവാദങ്ങൾക്ക് വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കുന്ന ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ ജനുവരി 10 ന് പ്രകാശനം ചെയ്യപ്പെടാൻ ഇരിക്കുകയാണ്. മുൻകാലാനുഭ്വങ്ങളുടെ പേരിൽ, ഇത്തവണയും കടുത്ത ആരോപണങ്ങളുമായിട്ടായിരിക്കും ഹാരി എത്തുക എന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. ആ പ്രതീക്ഷ തെറ്റിയില്ല എന്ന് തന്നെയാണ്ഗാർഡിയനിൽ വന്ന്, ആ പുസ്തകത്തിലെ ചില ഭാഗങ്ങൾ പറയുന്നത്. പ്രകാശനം ചെയ്യുന്നതിനു മുൻപേ അത് ഗാർഡിയൻ പത്രത്തിനു ചോർന്ന് കിട്ടുകയായിരുന്നു.

ആദ്യ വിരുന്നിൽ തന്നെ കല്ലുകടി

തന്റെ സഹോദരനുമായുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നിടത്താണ് ഹാരി ഈ അനുഭവം പറയുന്നത്. 2018- മേയിൽ നടന്ന ഹാരിയുടെയും മേഗന്റെയും വിവാഹത്തിനിടയിൽ ഉണ്ടായ തെറ്റിദ്ധാരണകളും മറ്റും മാറ്റുന്നതിനായി വില്യം, ഹാരിയേയും മേഗനേയും ഒരു അനൗപചാരിക ചായ സത്ക്കാരത്തിനു വിളിച്ചിരുന്നു. വിവാഹസമയത്ത് ബ്രൈഡ്സ് മെയ്ഡ് ആയിരുന്ന ഷർലറ്റ് രാജകുമാരിയുടെ വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു ചില തർക്കങ്ങൾ ഉയർന്നത്.

പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി വിളിച്ചു വരുത്തിയിട്ട് വില്യം തങ്ങൾക്ക് നേരെ കയർക്കുകയായിരുന്നു എന്ന് ഹാരി പറയുന്നു. മേഗൻ കെയ്റ്റിനോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുവത്രെ. മാത്രമല്ല, ഇതിനു മുൻപ് ഒരു അവസരത്തിൽ, ഒന്നും ഓർക്കാൻ കഴിയാത്തതു പോലെ ഒരു കുഞ്ഞിന്റെ ബുദ്ധിയാണ് കെയ്റ്റിനെന്ന് മേഗൻ പരാമർശിച്ചിരുന്നു. അതും സംസാരവിഷയമായി.

അക്കാര്യത്തിൽ മേഗൻ ക്ഷമാപണം നടത്തി എന്ന് ഹാരി പറയുന്നു. വളരെ അടുപ്പമുള്ളവരെ കുറിച്ച് പരാമർശിക്കുമ്പോൾ മാത്രം താൻ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണതെന്നും മേഗൻ സൂചിപ്പിച്ചു. എന്നാൽ, തങ്ങൾ തമ്മിൽ അത്തരത്തിൽ സംസാരിക്കാനുള്ള അടുപ്പമൊന്നും ഇല്ല്ല്ലോ എന്നായിരുന്നുവത്രെ കെയ്റ്റിന്റെ പ്രതികരണം. മേഗന്റെ ക്ഷമാപണത്തിനു ചെവി കൊടുക്കാൻ കെയ്റ്റ് തയ്യാറായില്ല എന്നു മാത്രമല്ല, മേഗനെ പരുക്കൻ സ്വഭാവമുള്ള സ്ത്രീ എന്ന് വിളിക്കുകയും ചെയ്തുവത്രെ

നാസി വേഷം കെട്ടിച്ചത് വില്യം കെയ്റ്റും

2005-ൽ ഏറേ വിവാദമുയർത്തിയ ഒന്നായിരുന്നു കൊസ്റ്റ്യും പാർട്ടിയിൽ ഹാരി നാസി യൂണിഫോം ധരിച്ചെത്തിയത്. നാസിസത്തിനെതിരെ കടുത്ത പോരാട്ടം കാഴ്‌ച്ച വെച്ച ബ്രിട്ടണിലെ രാജകുടുംബാംഗം തന്നെ നാസിസത്തിന് പുതിയ പ്രതിച്ഛായ നൽകാൻ ശ്രമിക്കുകയാണ് എന്ന തരത്തിൽ വരെ പ്രചാരണങ്ങൾ ഉണ്ടായി. എന്നാൽ, അന്ന് തന്നെ വിവാദത്തിൽ പെടുത്തിയത് സഹോദരൻ വില്യമും പത്നി കെയ്റ്റുമാണെന്ന് ഹാരി പറയുന്നു

നാസി യൂണിഫോം ധരിക്കണമോ അതോ ഒരു പൈലറ്റിന്റെ യൂണിഫോം ധരിക്കണമോ എന്നതായിരുന്നു തന്റെ സംശയം എന്ന് ഹാരി പറയുന്നു. പ്രാദേശികവും സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട് തീമുകളായിരുന്നു കോസ്റ്റ്യും പാർട്ടിയിൽ ഉദ്ദേശിച്ചിരുന്നത്. എന്നത്തേയും പോലെ ഒരു ഉപദേശത്തിനായി സമീപിച്ചത് വില്യമിനേയും കെയ്റ്റിനേയുമായിരുന്നു. അവരായിരുന്നു നാസി യൂണിഫോം നിർദ്ദേശിച്ചത് എന്ന് ഹാരി പറയുന്നു.

2005-ൽ അന്ന് 20 വയസ്സുകാരനായ ഹാരി നാസി യൂണിഫോമിൽ നിൽക്കുന്നചിത്രം സൺ ന്യുസ് പേപ്പറിൽ അച്ചടിച്ചു വന്നതോടെയായിരുന്നു വിവാദങ്ങൾ പൊട്ടിമുളച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ബ്രിട്ടീഷ് പടയാളികളോടുള്ള അവഹേളനം പോലുമായി അത് വ്യാഖ്യാനിക്കപ്പെട്ടു. തുടർന്ന് ഹാരിക്ക് ഖേദപ്രകടനം നടത്തേണ്ടതായും വന്നിരുന്നു. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണ് നാസി യൂണിഫോം ധരിച്ചതെന്ന് ഹാരി നെറ്റ്ഫ്ളിക്സ് സീരീസിൽ പറയുകയും ചെയ്തിട്ടുണ്ട്.

പിതൃത്വം ചോദ്യം ചെയ്തത് സ്വന്തം പിതാവ്

''ആർക്കറിയാം, ഞാൻ തന്നെയാണോ നിന്റെ തന്ത?'' ആധുനിക സംസ്‌കാരത്തിന്റെ ഔപചാരികതകൾ വശമില്ലാത്ത സാധാരണക്കാരുടെ കുടുംബ വഴക്കുകൾക്കിടയിൽ ഇടക്കെങ്കിലും ഉയർന്ന് കേൾക്കാറുള്ള ഒരു ചോദ്യമാണിത്. കുഗ്രാമങ്ങളിൽ ചെറുവീടുകളിൽ നിന്നും ഈ ചോദ്യം അങ്ങ് ബ്രിട്ടീഷ് രാജകൊട്ടാരത്തിൽ വരെ അലയടിച്ചുവത്രെ! ഡയാനയുടെയും അവരുടെ മുൻ കാമുകൻ മേജർ ജെയിംസ് ഹ്യൂവിറ്റിന്റെയും മകനാണ് ഹാരി എന്ന ഊഹോപോഹങ്ങൾ പ്രചരിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു.

മഞ്ഞപ്പത്രങ്ങളിൽ രാജകുമാരിയുടെ കഥകൾ കടും നിറക്കൂട്ടുകളോടെ വന്നിരുന്ന ഒരു കാലം. അന്ന് അതൊക്കെ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന കുഞ്ഞ് ഹാരിയോട് പിതാവ് ചാൾസ് തന്നെ കളിയായി ചോദിക്കുമായിരുന്നത്രെ, ഞാൻ തന്നെയാണ് നിന്റെ അച്ഛൻ നഎന്ന് ആർക്കറിയാം?

രാജകൊട്ടാരത്തിലെ കുതിര പരിശീലകനായിരുന്ന കാലത്ത് 1986 മുതൽ 1991 വരെ ഡയാനയും മേഹർ ഹ്യുവിറ്റും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഇപ്പോൾ കുപ്രസിദ്ധമായിരിക്കുന്ന പനോരമ അഭിമുഖത്തിലൂടെ ഡയാന സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ ബന്ധത്തിലാണ് ഹാരി പിറന്നത് എന്നായിരുന്നു അക്കാലത്ത് ചില ടാബ്ലോയ്ഡുകൾ എഴുതിയത്. ഹാരി ജനിക്കുന്ന കാലത്ത് ഡയാന ഹ്യുവിറ്റിനെ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം. ഹാരിക്ക് രണ്ട് വയസ്സു കഴിഞ്ഞതിനു ശേഷമാണ് ഹ്യൂവിറ്റ് കൊട്ടാരത്തിൽ എത്തുന്നതും ഇവർ പരിചയപ്പെടുന്നതും.

രണ്ടാം വിവാഹം അരുതെന്ന് പറഞ്ഞ് ഹാരി

പുസ്തകത്തിൽ വന്ന മറ്റൊരു വെളിപ്പെടുത്ത, തന്റെ പിതാവ് ചാൾസിനോട് കാമിലയെ വിവാഹം കഴിക്കരുതെന്ന് ഹാരിയും വില്യമും അപേക്ഷിച്ചിരുന്നു എന്നതാണ്. അന്ന് കാമില പാർക്കർ ബോവൽസ് ആയിരുന്ന ഇന്നത്തെ രാജപത്നിയായിരുന്നു തങ്ങളുടെ പിതാവിന്റെ ജീവിതത്തിലെ ''വനിത'' എന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്ന് ഹാരി പറഞ്ഞു. ചാൾസ് വിവാഹം കഴിക്കുന്നതിനു മുൻപായി തന്നെ ഒന്നു രണ്ട് തവണ അവരെ കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർ വീട്ടിൽ വരുന്നതിനെ താനും സഹോദരനും അനുകൂലിച്ചിരുന്നില്ല.

കഥകളിൽ വായിച്ചു പഠിച്ച ക്രൂരയായ രണ്ടാനമ്മയുടെ മുഖഭാവമായിരുന്നു അപ്പോൾ അവർക്ക് തങ്ങളുടെ മനസ്സിലെന്നും ഹാരി പറയുന്നു. അമ്മയുടെ മരണശേഷം അവരെ വിവാഹം കഴിക്കരുതെന്ന് താൻ കരഞ്ഞ് അപേക്ഷിച്ചു എന്നാണ് ഹാരി പറയുന്നത്. എന്നിരുന്നാലും, അവർക്ക് തന്റെ അച്ഛനെ സന്തോഷവാക്കാൻ കഴിയുമെങ്കിൽ നല്ലത് എന്ന ചിന്തയിൽ പിന്നീട് അവരെ അംഗീകരിക്കുകയായിരുന്നു.

ഹൃദയം നുറുങ്ങി ചാൾസ് രാജാവ്

ഹാരിയുടെ ഓർമ്മക്കുറിപ്പുകളിലെ പ്രസക്ത ഭാഗങ്ങൾ പുറത്തു വന്നതിനു ശേഷം ഇന്നലെ ചാൾസ് മൂന്നാമൻ തികച്ചും അസ്വസ്ഥനായാണ് കാണപ്പെട്ടത്. ഉത്സവകാലത്ത് താമസിച്ചിരുന്ന സാൻഡിങ്ഹാം വീട്ടിൽ നിന്നും പോകുന്ന സമയത്തെ ചാൾസിന്റെ ചിത്രത്തിൽ കാണുന്നത് അസ്വസ്ഥകൾ താളം വെട്ടുന്ന മനസ്സിന്റെ പ്രതിഫലമായ മുഖമായിരുന്നു.

ഹാരി തന്നെ പറയുന്നത്, തന്റെ അവസാനകാല ജീവിതം കണ്ണീരിലാഴ്‌ത്തരുത് എന്ന് അച്ഛൻ തങ്ങളുടെ കൈകളിൽ പിടിച്ച് അപേക്ഷിച്ചു എന്നാണ്. അത്തരത്തിലൊരു പിതൃഹൃദയത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു മകന്റെ ആരോപണങ്ങൾ. രാജപത്നി കാമിലയെ കുറിച്ചുള്ള ആരോപണങ്ങൾ രാജാവിനെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്.