ലണ്ടൻ: സമ്പന്ന കുടുംബത്തിലെ തലതെറിച്ച പുതിയ തലമുറക്കാരൻ, അകാലത്തിലെ മാതൃവിയോഗത്തിൽ മനസ്സിന് ചാഞ്ചാട്ടം സംഭവിച്ച കൗമാരക്കാരൻ, ജീവിതത്തിന്റെ എല്ലാ വശങ്ങളും അനുഭവിച്ച് ആഘോഷമാക്കുമ്പോഴും, തന്റെ കടമകൾ നിർവഹിക്കുന്നതിൽ ഏറെ ശ്രദ്ധിച്ച യുവാവ്, എന്നിങ്ങനെ പല മുഖങ്ങളാണ് ഹാരി തന്റേതായി വായനക്കാരുടെ മുൻപിൽ വയ്ക്കുന്നത്. ഹാരിയുടെ ഓർമ്മക്കുറിപ്പുകളിലെ ചോർന്ന് കിട്ടിയ ഭാഗങ്ങളിൽ തന്നെക്കുറിച്ച് തന്നെ ഹാരി എഴുതിയ ചില ഭാഗങ്ങളുമുണ്ട്.

ആദ്യ ലൈംഗിക ബന്ധം 17-ാം വയസ്സിൽ

തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് പേരറിയാത്ത, പ്രായമായ ഒരു സ്ത്രീക്ക് മുൻപിലാണെന്ന് ഓർമ്മക്കുറിപ്പുകളിൽ ഹാരി തുറന്നെഴുതുന്നു. തന്റെ പതിനേഴാം വയസ്സിലായിരുന്നു ഇത് നടന്നതെന്നും ഹാരി പറയുന്നു. ഒരു പക്ഷെ തന്റെ ജീവിതത്തിലെ ആദ്യ കാമുകിഅവരായിരുന്നു. തിരക്കേറിയ ഒരു പബ്ബിനു പിറകിലെ ഒരു തുറസ്സായ സ്ഥലത്തുവച്ചായിരുന്നു ആദ്യ സമാഗമം.

2001 ൽ വിൻഡ്സറിലെ എറ്റൺ കോളേജിൽ വിദ്യാർത്ഥിയായിരുന്നു ഹാരി അന്ന്. കാമലീലകളിലൂടെ ഒരു അദ്ധ്യാപിക വിദ്യാർത്ഥിയെ എന്നവണ്ണം അവർ നയിക്കുകയായിരുന്നു എന്നാണ് ഹാരി പറഞ്ഞത്. എന്നാൽ, അതിൽ തനിക്ക് ഒരു തെറ്റു പറ്റിയതെന്നും ഹാരി പറഞ്ഞു. തിരക്കേറിയ പബ്ബിനു പുറകിലെ തുറന്ന സ്ഥലത്തായതിനാൽ ചിലർ ആ സംഭവത്തിനു ദൃക്സാക്ഷികളായി.

മയക്കുമരുന്നിന്റെ ലഹരിയിൽ

ആദ്യ ലൈംഗിക ബന്ധത്തിനെ കുറിച്ചെഴുതുന്ന സമയത്ത് ഹാരി ലഹരി മരുന്നുകളെ കുറിച്ചും പറയുന്നുണ്ട്. ആദ്യ ലൈംഗിക ബന്ധത്തിനു ശേഷം ഒരു ദിവസം കൊട്ടാരത്തിലെ ഒരു അംഗരക്ഷകൻ ഹാരിയെ കാണാൻ എത്തി. പരസ്യമായി ലൈംഗിക വേഴ്‌ച്ച നടത്തിയതിനാൽ ആരെങ്കിലും കണ്ടിരിക്കുമെന്നും വിവരംകൊട്ടാരത്തിൽ എത്തിയിരിക്കും അതുമായി ബന്ധപ്പെട്ടായിരിക്കാം അംഗരക്ഷകനെ അയച്ചതെന്നും ഹാരി വിചാരിച്ചു.

എന്നാൽ, അയാൾ പറഞ്ഞത്, ഹാരി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തങ്ങളുടെ വശം തെളിവുകൾ ഉണ്ടെന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തകാര്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായിരുന്നു കൊട്ടാരത്തിൽ നിന്നും അയാളെ അയച്ചത്. എന്നാൽ, ഇപ്പോൾ ഹാരി പറയുന്നത് നിയമവിരുദ്ധമായ മയക്കുമരുന്നിന്റെ ലഹരിയിൽ താൻ ആനന്തം കണ്ടെത്തിയിരുന്നു എന്നാണ്.

കൊക്കെയ്ൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഏതെങ്കിലും വാരാന്ത്യങ്ങളിൽ ഏതെങ്കിലും സുഹൃത്തുക്കളുടെ വീടുകളിലായിരിക്കും ഇതിനായി കൂടുക എന്നും ഹാരി പറഞ്ഞു. എന്നാൽ, അതിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ താമസിയാതെ ആ സ്വഭാവം ഉപേക്ഷിക്കുകയായിരുന്നു.

അമ്മയുടെ സ്മരണയിൽ ഒരു കാറോട്ടം

ഡയാന രാജകുമാരിക്ക് അപകടം സംഭവിച്ച പോണ്ട് ഡി അൽമ ടണൽ ഹാരിയുടെ ജീവിതത്തിലെ ഒരു സുപ്രധാന ഇടമാണ്. തനിക്ക് 23 വയസ്സുള്ളപ്പോൾ 2007-ൽ പരീസിൽ നടന്ന് റഗ്‌ബി ലോകകപ്പ് മത്സരവുമായി പാരീസിലെത്തിയപ്പോൾ ഹാരി അവിടം സന്ദർശിച്ചതായി ഓർമ്മക്കുറിപ്പുകളിൽ പറയുന്നു. ലോകകപ്പ് സംഘാടകർ നൽകിയ കാറിൽ തന്നെയായിരുന്നു ഹാരി ടണലിൽ പോയതെന്നും ഹാരി എഴുതുന്നു.

അന്ന് അമിതവേഗത്തിൽ ടണലിലൂടെ പാഞ്ഞ കാർ അപകടത്തിൽ പെട്ട് ഡയാന മരിക്കുമ്പോൾ ഹാരിക്ക് പ്രായം 12 വയസ്സ്. വർഷങ്ങൾക്ക് ഇപ്പുറം അവിടം സന്ദർശിച്ചപ്പോൾ ഹാരി ഡ്രൈവറോട് ആവശ്യപ്പെട്ടത് അമ്മ സഞ്ചരിച്ച അതേവേഗത്തിൽ, മണിക്കൂറിൽ 65 മൈൽ വേഗത്തിൽ കാറോടിക്കുവാനാണ്. അമ്മ അവസാനമായി അത്താഴം കഴിച്ച റിറ്റ്സ് ഹോട്ടലും മറികടന്ന് ടണലിന്റെ മുഖത്ത് എത്തി കാർ നിന്നപ്പോൾ തന്റെ അമ്മയെക്കുറിച്ചോർത്ത് കണ്ണു നിറഞ്ഞു എന്നും ഹാരി എഴുതുന്നു.

അഫ്ഗാനിസ്ഥാനിൽ കൊന്നത് 25 താലിബാനികളെ

രാജകുടുംബാംഗം എന്ന് നിലയിലുള്ള ചുമതലകളുടെ ഭാഗമായി ഹാരി സൈനിക സേവനവും നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ തുറന്ന പോർമുഖത്തായിരുന്നു ഹാരിയുടെ ജോലി. അക്കാലത്തെ യുദ്ധാനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിലാന് താൻ 25 താലിബാനികളെ കൊന്നു എന്ന് ഹാരി പറയുന്നത്. അവരെ മരിച്ച മനുഷ്യരായിട്ടല്ല മറിച്ച് ചതുരംഗ കളത്തിൽ നിന്നും വെട്ടിമാറ്റിയ കരുക്കളായി മാത്രമെ കണ്ടുള്ളു എന്നും ഹാരി പറഞ്ഞു.

2007-2008 കാലത്തും പിന്നീട് 2012 ലും ഹാരി അഫ്ഗാനിൽ സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആറുതവണ വ്യോമാക്രമണങ്ങളിൽ പങ്കെടുത്തു എന്നാണ് ഹാരി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. സാധാരണ യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് എത്ര ശത്രുക്കളെ ഇല്ലാതെയാക്കി എന്ന് അറിയാൻ ആവില്ല, എന്നാൽ അപ്പാഷെകളുടെയും ഹെലികോപ്റ്ററുകളുടെയും കാലത്ത് അത് സാധ്യമാണെന്നും ഹാരി പറയുന്നു.