തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശത്തിന് സമീപത്തെ ജനവാസ മേഖലകളിലുള്ളവർ സ്വന്തം കിടപ്പാടവും കൃഷിഭൂമിയും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന സമരങ്ങളുടെ പേരിൽ നിയമനടപടി സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. ബഫർ സോണിൽ സമരം ചെയ്തവർക്കുള്ള സമൺസ് നൽകാൻ ജനകീയ സമരവേദിയിലെത്തിയ പിണറായി പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒടുവിൽ ഉയർത്തിയ പ്രതിരോധം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

സ്വന്തം വിശ്വാസം നിലനിർത്താൻ ശബരിമലയിലും കേരളത്തിൽ ഉടനീളവും പ്രതിഷേധിച്ചതിനും കെ റെയിലിന്റെ പേരിൽ ഉദ്യോഗസ്ഥർ അനധികൃതമായി ഭൂമി പിടിച്ചെടുക്കാൻ എത്തിയപ്പോൾ പ്രതിരോധം തീർത്തതിനും കുറ്റം ചുമത്തി കേസ് എടുത്തതിന് സമാനമായ രീതിയിലാണ് ബഫർ സോൺ വിഷയത്തിലും സംസ്ഥാന സർക്കാർ സാധാരക്കാരുടെ മേൽ നിയമ നടപടി അടിച്ചേൽപ്പിക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്.

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്നും എംഎൽഎമാർക്ക് നിയമ പരിരക്ഷ ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടും കേസിലെ പ്രതികളെ അധികാരത്തിൽ തുടരാൻ വരെ അനുവദിക്കുന്ന സർക്കാരാണ് സാധാരണക്കാരുടെ മേൽ ജനകീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്ത് കോടതി കയറ്റുന്നത്.

ബഫർസോൺ നിർണയത്തിനുള്ള സ്ഥല പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. ഇടുക്കി പോലുള്ള ജില്ലകളിൽ ഫീൽഡ് സർവേ 65 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. സെർവർ തകരാർ നടപടികളെ ബാധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ വിശദീകരിച്ചിരുന്നു. ആശങ്കകൾ നിലനിൽക്കെ ജനകീയ പ്രതിഷേധം ഉയർത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിച്ച് വായടപ്പിക്കാനാണ് സർക്കാർ നീക്കം.

ബഫർ സോൺ വിഷയത്തിൽ സാധാരണക്കാരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ വന്നതോടെയാണ് ജനകീയ സമരവുമായി പ്രദേശവാസികൾ രംഗത്തിറങ്ങിയത്. കെ റെയിൽ വിഷയത്തിലും ശബരിമല വിശ്വാസി സമൂഹത്തിന്റെ സമരത്തിലും കണ്ട അതേ നിലപാടാണ് സർക്കാർ ബഫർ സോൺ ജനകീയ സമരത്തിലും തുടരുന്നത്. സമരത്തിൽ പങ്കെടുക്കുന്നവരുടെ പേരിൽ കുറ്റം ചുമത്തി കോടതി കയറ്റാനാണ് സർക്കാരിന്റെ ശ്രമം.

എരുമേലിയിൽ ബഫർ സോണിൽ സമരം ചെയ്തവർക്കുള്ള സമൺസ് നൽകാൻ ജനകീയ സമരവേദിയിൽ പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം കടുത്തത്. എരുമേലി പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടറാണ് സമൻസുമായി എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം പങ്കെടുത്ത ചടങ്ങിനിടയിലാണ് പൊലീസ് എത്തിയത്.

സമരത്തിൽ പങ്കെടുത്ത എയ്ഞ്ചൽ വാലി സ്വദേശികളായ എബ്രഹാം ജോസഫ്, ബെൻസി ജോസഫ്, പ്രിൻസ് ജേക്കബ് എന്നിവർക്കാണ് എരുമേലി സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന പിഡിപിപി ആക്ട് പ്രകാരമുള്ള കേസിലെ പ്രതിയാണെന്നും സ്റ്റേഷനിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് സമൻസ് നൽകിയത്.

ജീവിക്കാൻ പോരാടുന്ന ജനങ്ങളെ സർക്കാർ വേട്ടയാടാൻ ഇറങ്ങിയാൽ പ്രതിപക്ഷം സംരക്ഷണം തീർക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. 'വേറെ വല്ല പണിക്കും പൊക്കോണം, തോന്ന്യവാസം കാട്ടാതെ, സമൻസ് വീട്ടിൽ കൊണ്ടുപോയി കൊടുക്കണം. ജനകീയ സമര വേദിയിലല്ല സമൻസ് കൊണ്ടുവന്ന് നൽകേണ്ടതെന്നും സതീശൻ പൊലീസിനോട് പ്രതികരിച്ചു.

സമയപരിധി ശനിയാഴ്ച തീരാനിരിക്കെ ബഫർസോൺ നിർണയത്തിനുള്ള സ്ഥല പരിശോധന പൂർത്തിയാക്കാനാവുമോയെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. സംസ്ഥാന റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പർ ആപ്പിലൂടെ 18,496 നിർമ്മിതികളുടെ വിവരങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തി. 30,000 നിർമ്മിതികൾ കൂടി ഭൂപടത്തിൽ ചേർത്തേക്കും.

പരിസ്ഥിതി ലോല പ്രദേശത്തെ ജനവാസ മേഖലകളിൽ വനംറവന്യൂതദ്ദേശ വകുപ്പുകൾ നടത്തിയ പരിശോധനയിൽ പുതുതായി 80,000ൽ അധികം നിർമ്മിതികൾ കണ്ടെത്തി. മുൻപ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ നിർമ്മിതികൾക്ക് പുറമേയാണിത്. പുതിയ നിർമ്മിതികളെക്കുറിച്ചുള്ള വിവരങ്ങൾ വനംവകുപ്പിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തി. പഞ്ചായത്തുകൾക്കു പുറമേ കെഎസ്ആർഇസിയും പുതിയ നിർമ്മിതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്ന് വ്യക്തമല്ല. ബുധനാഴ്ച ഒരു റിപ്പോർട്ട് കോടതിക്ക് നൽകി. ഇവയുടെ പൂർണ വിവരങ്ങൾ കോടതിക്ക് കൈമാറാൻ കൂടുതൽ സമയം വേണ്ടി വരും. പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്‌കിൽ ഇതുവരെ ലഭിച്ചത് 54,607 പരാതികളാണ്.

പരാതികൾ അറിയിക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി ശനിയാഴ്ച അവസാനിക്കും. സർക്കാരിനു ലഭിച്ച 17,054 പരാതികൾ പരിഹരിച്ചു. പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ കേസ് ഈ മാസം പരിഗണിക്കും.