വയനാട്: ബത്തേരി നഗരത്തെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കാട്ടാനയെ പിടികൂടി മുത്തങ്ങ ആന പന്തിയിലേക്ക് മാറ്റും. അതേസമയം അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാട്ടുകൊമ്പൻ ഇറങ്ങിയത്. നാട്ടുകാരും വനം വകുപ്പും ചേർന്ന് ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്തി. എന്നാൽ കാട് കയറാതെ നിൽക്കുന്ന ആന വീണ്ടും ജനവാസ മേഖലയിലേക്ക് തിരുച്ചുവരുമോ എന്ന് ആശങ്കയുണ്ട്.

ഇന്നലെയാണ്് സുൽത്താൻ ബത്തേരി നഗരമധ്യത്തിൽ കാട്ടാനയിറങ്ങിയത്. കാട്ടാനയാക്രമണത്തിൽനിന്നു വഴിയാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേർന്ന കൃഷിയിടങ്ങളിൽ തമ്പടിച്ചിരുന്ന കാട്ടാന ഇന്നലെ പുലർച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിൻ റോഡിലൂടെ ഓടി നടന്ന കാട്ടാന നടപ്പാതയിൽ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ ചീറിയടുത്തു. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാൻ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരുക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം കടകൾക്കും ഹോട്ടലുകൾക്കുമിടയിലൂടെ ഓടിനടന്നു. നഗരസഭാ ഓഫിസിനു മുന്നിലും കാട്ടാന ഓടിനടന്നു. കാട്ടാന ഇപ്പോൾ വനത്തോടു ചേർന്നു മുള്ളൻകുന്ന് ഭാഗത്തുണ്ടെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ പ്രശ്നക്കാരനായ ഐ.ഡി കോളർ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരിൽ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകർത്തിരുന്നു.

കട്ടയാട് വനത്തിൽ നിന്നും വിനായക ആശുപത്രിക്ക് മുൻവശത്ത് കൂടിയുള്ള ഇടറോഡിലൂടെയാണ് ആന ടൗണിലെത്തിയതെന്നാണ് കരുതുന്നത്. കാട്ടാനയെ കണ്ട് നഗരത്തിൽ ഉറങ്ങിക്കിടന്നിരുന്നവരും മറ്റും ബഹളം വച്ചതിനെ തുടർന്ന് ആന മുള്ളൻകുന്ന് ഭാഗത്തേക്ക് നീങ്ങി. ആളുകൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളിൽ തമ്പടിച്ചിരുന്ന ആന പുലർച്ചെ നഗരത്തിലേക്കെത്തിയത്.

അതേസമയം കാട്ടാന ഇറങ്ങിയ ബത്തേരി ടൗൺ ഉൾപ്പെടെ നഗരസഭയിലെ 10 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെങ്ങൂർ നോർത്ത്, വെങ്ങൂർ സൗത്ത്, അർമാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂർ, കെവട്ടമൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയുടെ ഭാഗമായി മാനന്തവാടി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാട്ടാനഭീതി ഒഴിയുന്നതുവരെ നിരോധനാജ്ഞ തുടരും. ഈ സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. പകൽസമയത്തും രാത്രിയും പൊതുജനം ജാഗ്രത പുലർത്തണമെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.