- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഹൂദന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റിനു ശേഷം മനുഷ്യകുലം നേരിട്ട ഏറ്റവും വലിയ കുറ്റകൃത്യം കോവിഡ് വാക്സിൻ; ബ്രിട്ടീഷ് എം പിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് ലോകം; നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: ഹോളോകോസ്റ്റിനു ശേഷം മനുഷ്യകുലത്തിനെതിരെയുണ്ടായ ഏറ്റവും വലിയ അക്രമം കോവിഡ് വാക്സിൻ എന്ന പർട്ടി എം പിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ ശക്തമായ നിലപാടുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. നോർത്ത് വെസ്റ്റ് ലെസ്റ്റർഷയറിലെ എം പി ആൻഡ്രൂ ബ്രിഡ്ജനാണ് ട്വിറ്ററിലൂടെ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായുംഋഷി അറിയിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾ, യഹൂദ സംഘടനകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവർ ഈ പ്രസ്ഥാവനക്കെതിരെ രംഗത്ത് എത്തിയിരുന്നു.
അടുത്ത ഏതാനും ആഴ്‌ച്ചകളിൽ സമൂഹമാധ്യമങ്ങളിലുംജനപ്രതിനിധി സഭയുടെ ചേംബറിലുമായി വാക്സിനെതിരായി നിരവധി പ്രസ്താവനകൾ എം പി നടത്തിയിരുന്നു. എന്നാൽ, ഇന്നലെ ഫൈസർ- മൊഡേണ വാക്സിനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് യു എസ് ഹെൽത്ത് ഏജൻസികളുടേതെന്ന് അവകാശപ്പെടുന്ന ഒരു ലേഖനം ഷെയർ ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ നടപടികൾ ഉണ്ടായത്. മനുഷ്യവംശം ഹോളോകോസ്റ്റിനു ശേഷം കണ്ട ഏറ്റവും വലിയ കുറ്റകൃത്യമാണ് ഇതെന്ന് ഒരു കാർഡിയോളജിസ്റ്റ് തന്നോട് പറഞ്ഞതായി അദ്ദേഹം എഴുതിയിരുന്നു.
പിന്നീട് ഡിലിറ്റ് ചെയ്ത ട്വീറ്റിൽ പരാമർശിച്ച വാക്കുകളുമായി ബന്ധപ്പെട്ട് മുൻ അരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ചോദ്യമുയർത്തിയപ്പോൾ തന്നെ ഋഷി സുനക് , പ്രസ്തുത കമന്റുമായി ബന്ധപ്പെട്ട തന്റെ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. പരിധി ലംഘിച്ചു എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ടോറി ചീഫ് വിപ്പ് സൈമൺ ഹാർട്ട് നടപടികൾക്ക് ഒരുങ്ങിയത്. മറ്റു പല എം പിമാരും ഈ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ആളുകളെ വാക്സിൻ എടുക്കുന്നതിൽ നിന്നും തടഞ്ഞാൽ, കൈകളിൽ ചോര പുരളും എന്നായിരുന്നു ഒരു എം പി പറഞ്ഞത്.
പെയ്ഡ് ലോബീയിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് ഇപ്പോൾ അഞ്ചു ദിവസത്തേക്ക് ജനപ്രതിനിധി സഭയിൽ നിന്നുള്ള് നിരോധനം നേരിടുകയാണ് ഈ എം പി. രണ്ട് മണിക്കൂറിനുള്ളിൽ 1.5 ലക്ഷം പേരാണ് ആ ട്വീറ്റ് കണ്ടത്. നിരവധിപേർ അദ്ദേഹത്തിനെതിരെ കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്. ഹോളോകോസ്റ്റിന്റെ ഓർമ്മ പുതുക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ചിലർ ശ്രമിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് ഹോളോകോസ്റ്റ് മെമോറിയൽ ഡേ ട്രസ്റ്റിന്റെ ചീഫ് എക്സിക്യുട്ടീവ് പറഞ്ഞു.
അറുപത് ലക്ഷത്തോളം പേർ ദാരുണമായി കൊലചെയ്യപ്പെട്ട ഒരു ദുരന്ത സംഭവത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ക്ഷമിക്കാൻ ആകില്ലെന്ന് വിവിധ യഹൂദ സംഘടനാ പ്രതിനിധികൾ പറയുന്നു. വാക്സിൻ ഗൂഢാലോചന സിദ്ധാന്തവും, യഹൂദ വിരുദ്ധ പരാമർശവും തികച്ചും വേദനിപ്പിക്കുന്നതാണെന്ന് പ്രധനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ മുൻ ഹെൽത്ത് സെക്രട്ടറി മറ്റ് ഹാൻകോക്കും പറഞ്ഞു.
ബ്രിഡ്ജന്റെ വ്യക്തിപരമായി പേരെടുത്തു പറയാതെ, ട്വിറ്ററിൽ വന്ന പരാമർശം പ്രതിഷേധാർഹവും തികച്ചും ശസ്ത്രവിരുദ്ധവുമാണെന്നും മുൻ മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. വക്സിൻ പദ്ധതി വിജയിപ്പിച്ചതിലൂടെ രാജ്യം നേടിയെടുത്ത നേട്ടം അഭിനന്ദനീയമായ ഒന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ നിലവിൽ ഉള്ള ഏറ്റവും മെച്ചപ്പെട്ട പ്രതിരോധം വാക്സിൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ