- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാൻ കാട്ടിലെത്തി; വഴിതെറ്റിപ്പോയതോടെ രണ്ട് രാത്രിയും ഒരു പകലും ഉൾക്കാട്ടിൽ: മരത്തിലുറങ്ങിയും പുഴയിലെ വെള്ളം കുടിച്ചും ജീവൻ നിലനിർത്തി: നാൽപ്പത് മണിക്കൂറത്തെ ഉദ്യോഗ നിമിഷങ്ങൾക്ക് ശേഷം ജോമോൻ നാടണഞ്ഞു
ചെറുതോണി: ഉൾക്കാട്ടിൽ ഒറ്റയ്ക്ക് അകപ്പെട്ടു പോയ യുവാവ് രണ്ട് രാത്രിക്കും ഒരു പകലിനും ശേഷം നാട്ടിൽ തിരിച്ചെത്തി. ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയിൽ ജോമോൻ ജോസഫ് (34) ആണ് വനത്തിൽ വഴിതെറ്റി അലഞ്ഞത്. കാട്ടാനകൾ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടിൽ അകപ്പെട്ട ജോമോൻ 40 മണിക്കൂറത്തെ ദുരിത പർവ്വം താണ്ടിയാണ് നാടണഞ്ഞത്. ജോമോനായി കാടടച്ച് തിരച്ചിൽ നടക്കുന്നതിനിടെ ഇന്നലെ രാവിലെയാണു യുവാവ് ജനവാസമേഖലയിലെത്തിയത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ജോമോനെ കാണാതാവുന്നത്. സുഹൃത്ത് വെള്ളക്കല്ലുങ്കൽ അനീഷ് ദാസും (30) ഒന്നിച്ച് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയതായിരുന്നു ജോമോൻ. ഇവിടെനിന്ന് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു. പിന്നീടു ജോമോനെ കാണാതാവുകയായിരുന്നു. പിന്നാലെ ജോമോന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫായി. തിരികെയെത്തിയ അനീഷ് അറിയിച്ചതനുസരിച്ച് നാട്ടുകാരും ബന്ധുക്കളും പൊലീസും വെള്ളിയാഴ്ച വൈകിട്ടു മുതൽ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരാശയായിരുന്നു ഫലം. ഇതിനിടെയാണ് ജോമോൻ ജനവാസ മേഖലയിൽ തിരികെ എത്തിയത്.
അനീഷുമായി പിരിഞ്ഞ് വ്യൂ പോയിന്റിൽ നിന്നു താഴേക്കിറങ്ങുന്നതിനിടെ താൻ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടതായി ജോമോൻ പറയുന്നു. ഒരു കൊമ്പനും നാലു പിടിയാനകളും ജോമോനെ കണ്ടതോടെ പിന്നാലെയെത്തി. കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽനിന്ന് ഓടി രക്ഷപ്പെട്ട് ഒരു അരുവിയിലെത്തി. ഇവിടെ വച്ചു മൊബൈലിന്റെ ചാർജ് പോയി. ഇരുട്ടായതോടെ ഒരു മരത്തിൽ കയറി ഇരുന്നു. നേരം വെളുത്തപ്പോൾ പുഴയോരത്തു കൂടി താഴേക്കു നടന്നു.
ആനപ്പേടിയിൽ എല്ലാം മറന്നു നടന്നു. നടന്നു മടുത്തപ്പോൾ പുഴയിൽനിന്നു വെള്ളം കോരിക്കുടിച്ചു. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തിൽ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടർന്നു. ഒടുവിൽ രാവിലെ ഏഴരയോടെ മലയിഞ്ചിയിൽ എത്തിയെന്നും ജോമോൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ