- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മൻ റയട്ട് പൊലീസ് ഗ്രെറ്റ് തുംബർഗിനെ അറസ്റ്റ് ചെയ്തത് ക്യാമറകൾക്ക് വേണ്ടിയോ? അറസ്റ്റിനു തൊട്ടു മുൻപ് പൊലീസിനൊപ്പം ചിരിച്ചുല്ലസിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്; കാലാവസ്ഥ സമരക്കാരിയുടേത് കാപട്യമെന്ന് മാധ്യമങ്ങൾ
കൽക്കരി ഖനിക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിനെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തത് നാടകമാണ് എന്ന ആരോപണം ശക്തമാകുന്നു. അറസ്റ്റ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജർമ്മൻ റയട്ട് പൊലീസുമായി തമാശകൾ പറഞ്ഞ് ചിരിച്ചു നിൽക്കുന്ന ഗ്രെറ്റയുടെ ചിത്രം പുറത്തു വന്നതോടെയാണ് ഈ ആരോപണം ശക്തമായ്ത്.
ജർമ്മനിയിൽ നോർത്ത് റൈൻ- വെസ്റ്റ്ഫലിയ മേഖലയിലെ ലുറ്റ്സെർത് ഗ്രാമത്തിലായിരുന്നു ഗ്രെറ്റ ഉൾപ്പടെയുള്ള നിരവധി പരിസ്ഥിതി പ്രവർത്തകർ ഖനിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയത്. പ്രതിഷേധക്കാരെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, ഗ്രെറ്റയെ അറസ്റ്റ് ചെയ്തത് ക്യാമറകൾക്ക് വേണ്ടിയായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. എന്നാൽ, ജർമ്മൻ ഭരണകൂടം ഇത് നിഷേധിക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ, തനിക്കൊപ്പം അറസ്റ്റിലായ ഒരു സഹപ്രവർത്തകനോട് ചിരിച്ചും തമാശകൾ പറഞ്ഞും നടന്നു നീങ്ങുന്ന ഗ്രെറ്റയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റയട്ട് പൊലീസിന്റെ യൂണിഫോം ധരിച്ച രണ്ടുപേർ ഗ്രെറ്റയുടെ ഇരുവശത്തുമായി നിൽക്കുന്നുമുണ്ട്. അതിൽ ഒരാൾ ഗ്രെറ്റയുടെ കൈയിൽ പിടിച്ചിട്ടുണ്ട്. മൂന്നാമതൊരാൾ അല്പം മാറിനിന്ന് ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പിന്നീട് ഒരു ഫോട്ടോഗ്രാഫർ ചിത്രങ്ങൾ എടുക്കാൻ വരുമ്പോൾ ഗ്രെറ്റ മുഖത്തെ ചിരി മറച്ച് ഗൗരവം വരുത്തുന്നതും വീഡിയോയിൽ കാണാം. പുറകിലായി ഒരു നിര പൊലീസിനെയും കാണാം. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയെ പൊലീസ് പാർക്കിങ് സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോകുമ്പോൾ നിരവധി ഫോട്ടോഗ്രഫർമാർ ചിത്രങ്ങൾ എടുക്കുവാനായി എത്തുന്നുമുണ്ട്.
അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തകരെ പൊലീസ് ട്രെയിലർ പാർക്കിലേക്ക് കൊണ്ടുപോയി അവരുടെ വിശദാംശങ്ങൾ എടുക്കുകയായിരുന്നു എന്നാണ് ജർമ്മൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ തിരക്ക് അധികമായതിനാൽ, ഗ്രെറ്റയെ തിരികെ കൊണ്ടു വന്നു. ഗ്രെറ്റയുടെ വിവരങ്ങൾ അറിയുമായിരുന്നതിനാൽ അവരെ പിന്നീട് ഒരു ബസ്സിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു എന്നും റിപ്പോർട്ടിൽ ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ