ന്യൂഡൽഹി: ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളെ ഉപേക്ഷിച്ച് സന്യാസിയായ കൊച്ചു കുട്ടിയുടെ കഥ അന്താരാഷ്ട്ര മാധ്യമങ്ങളിലും. ഗുജറാത്തിലെ വജ്രവ്യാപാരിയുടെ മകൾ തന്റെ സൗഭാഗ്യങ്ങളെല്ലാം ത്യജിച്ച് സന്യാസിയായി. വെറും ഒൻപത് വയസ്സ് മാത്രമാണ് ഈ പെൺകുട്ടിക്ക് ഉള്ളത്. അത്രയും ചെറുപ്പത്തിലാണ് ആ പെൺകുട്ടി സന്ന്യാസ മാർഗം സ്വീകരിച്ചിരിക്കുന്നത്.

വജ്രവ്യാപാരിയായ ധനേഷിന്റെയും, അമി സംഗ്വിയുടെയും മൂത്ത മകളായ ദേവൻഷിയാണ് ഭൗതിക സുഖങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നത്. ശതകോടീശ്വരരാണ് ദേവൻഷിയുടെ മാതാപിതാക്കൾ. ജൈന സന്ന്യാസി ആചാര്യ വിജയ് കിർത്തിയാഷ്സുരിയുടെ സാന്നിധ്യത്തിലാണ് പെൺകുട്ടി സന്ന്യാസം സ്വീകരിച്ചത്. സൂറത്തിലെ വേസു മേഖലയിലാണ് കർമങ്ങൾ നടന്നത്. നൂറുകണക്കിന് ആളുകൾ പെൺകുട്ടി സന്ന്യാസം സ്വീകരിക്കുന്നത് കാണാൻ എത്തിയിരുന്നു. ഈ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും കൗതുകത്തോടെ ചർച്ചയാക്കുന്നത്.

സംഗ്വി ആൻഡ് സൺസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ധനേഷ് സംഗ്വി. മൂന്ന് ദശാബ്ദത്തോളമായി വജ്ര വ്യാപാരം ചെയ്യുന്നവരാണ് ധനേഷിന്റെ കുടുംബം. അതിസമ്പന്നർ. പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് ഭൗതിക സുഖങ്ങളെല്ലാം ത്യജിച്ച് സന്ന്യാസ ജീവിതത്തിലേക്ക് പോകാൻ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാ ആഡംബരങ്ങളും ഉപേക്ഷിക്കാനാണ് തീരുമാനം. വജ്ര വ്യാപാരത്തിലൂടെ ലഭിച്ച എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്ന് വയ്ക്കുകയാണ് പെൺകുട്ടി. എത്രയോ ചെറുപ്പത്തിൽ തന്നെ ദേവൻഷി ആത്മീയതയിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു.

മറ്റ് സന്ന്യാസിമാർക്കൊപ്പം 700 കിലോമീറ്റർ ഈ പെൺകുട്ടി നടന്നിരുന്നു. തുടർന്നാണ് ഇവരുടെ ജീവിതത്തെ സ്വന്തം ജീവിതത്തിൽ പകർത്തിയിരുന്നത്. അതിന് ശേഷമാണ് സന്ന്യാസത്തിലേക്ക് പോകാൻ ദേവൻഷി തീരുമാനിച്ചതെന്ന് കുടുംബ സുഹൃത്തായ നീരവ് ഷാ പറഞ്ഞു. അഞ്ച് ഭാഷകൾ പെൺകുട്ടിക്ക് അറിയാം. ഒരുപാട് കഴിവുകൾ അവൾക്കുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവൻഷിക്ക് ഔദ്യോഗികമായി സന്യാസം സ്വീകരിച്ചതോടെയാണ് വാർത്തയാകുന്നത്. സംഗ്വി കുടുംബത്തിന് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. അതിൽ മൂത്തയാളാണ് ദേവൻഷി.

ഇനിയുള്ള ഒരാൾ നാല് വയസ്സുള്ള പെൺകുട്ടിയാണ്. ചെറുപ്രായത്തിലേ ദേവൻഷിക്ക് ആത്മീയതയോട് താൽപര്യമുണ്ടായിരുന്നുവെന്ന് നീരവ് ഷാ പറഞ്ഞു. ആ സമയത്തേ അവൾക്ക് സന്ന്യാസ ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നു. ആ ജീവിതത്തിലേക്ക് കടക്കും മുമ്പ് ഒരു മതപരമായ ചടങ്ങുണ്ടായിരുന്നു. വലിയ ആഘോഷമായിട്ടാണ് അത് നടന്നത്.