കാലിഫോർണിയ: കാലിഫോർണിയയിൽ മോണ്ടെറി പാർക്കിൽ ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു പുരുഷ ഷൂട്ടറാണ് ആക്രമണത്തിന് പിന്നിലെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റിലെ സെർജന്റ് ബോബ് ബോസ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒരു ഡാൻസ് ക്ലബ്ബിലാണ് വെടിവെപ്പ് ഉണ്ടായത്.

ശനിയാഴ്ച രാത്രി മോണ്ടെറി പാർക്കിൽ നടന്ന വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വെടിവെയ്‌പ്പിനെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പത്ത് പേരുടെ മരണം സ്ഥിരീകരിച്ചതായാണ് ലോസ് ആഞ്ജിലിസ് ടൈംസിന്റെ റിപ്പോർട്ട്. പത്ത് പേർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.22ഓടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. അക്രമകാരി പുരുഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പ് നടന്ന മോണ്ടെറി പാർക്കിലെ ഡാൻസ് ക്ലബ്ബിലേക്ക് മൂന്ന് പേർ അതിക്രമിച്ച് കടന്നെത്തി നിറയൊഴിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മൂന്ന് പേർ അതിക്രമിച്ചെത്തി കടയടക്കാൻ ആവശ്യപ്പെട്ടതായി വെടിവെപ്പ് നടന്നതിന് സമീപത്ത് റെസ്റ്റോറന്റ് നടത്തുന്നയാൾ ലോസ് ആഞ്ജലിസ് ടൈംസിനോട് പറഞ്ഞു.

സെമി ഓട്ടോമാറ്റിക് തോക്കാണ് ആക്രമകാരിയുടെ കൈവശമുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. അനേകംതവണ വെടിവെക്കാനുള്ള വെടിക്കോപ്പ് ഇയാളുടെ കൈവശമുണ്ടായിരുന്നതായാണ് വിവരം. വലിയ തോക്കാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും കണ്ണിൽ കണ്ടവർക്ക് നേരയെല്ലാം ഇയാൾ വെടിയുതിർത്തുവെന്നും റിപ്പോർട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഡാൻസ് ക്ലബിന്റെ ഉടമയും ഉണ്ടായിരുന്നതായി ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ബാറിൽ പോയ താൻ, വെടിവെപ്പ് നടക്കുമ്പോൾ ശുചിമുറിയിലായിരുന്നെന്നും പുറത്ത് വന്നപ്പോൾ ക്ലബിന്റെ ഉടമ അടക്കം മൂന്ന് പേർ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന വോങ് വെയെ ഉദ്ധരിച്ച് ലോസ് ആഞ്ജലിസ് ടൈംസ് റിപ്പോർട്ട് ചെയ്തു.

'രാത്രി പത്തോടെ ഞാൻ വീട്ടിലെത്തി. തുടർന്ന് 4-5 റൗണ്ട് വെടിയൊച്ച കേട്ടു. പിന്നീട് പൊലീസുകാർ ഇരച്ചെത്തുന്ന ശബ്ദമാണ് കേട്ടത്. 11.20-ഓടെ താഴേക്ക് ഇറങ്ങിപ്പോയി. പുതുവർഷാഘോഷം നടക്കുന്നിടത്താണോ വെടിവെപ്പ് ഉണ്ടായത് എന്നായിരുന്നു എന്റെ ആശങ്ക. എന്നാൽ, രാത്രി പത്തോടെ തന്നെ ആഘോഷങ്ങൾ അവസാനിച്ചിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തിയപ്പോൾ സ്ട്രച്ചറിൽ കിടക്കുന്ന ഒരാളേയും കൈക്ക് ചുറ്റും ബാൻഡേജ് കെട്ടിയ മറ്റൊരാളെയുമാണ് കാണാൻ കഴിഞ്ഞത്', പ്രദേശത്ത് താമസിക്കുന്ന ജോൺ എന്നയാൾ പറഞ്ഞു.

വെടിവെയ്പ് ഉണ്ടായ മൊണ്ടേറി പാർക്ക് പ്രദേശത്ത് അറുപതിനായിരത്തോളം പേരാണ് താമസിക്കുന്നത്. ഇതിൽ കൂടുതലും ഏഷ്യൻ വംശജരാണ്. 65 ശതമാനം ഏഷ്യൻ- അമേരിക്കക്കാരാണ് ഇവിടെ താമസിക്കുന്നത്. 27 ശതമാനം ലാറ്റിനോകളും ആറ് ശതമാനം വെള്ളക്കാരുമാണ് താമസക്കാർ. ഇവിടെയാണ് വെടിവെപ്പ് നടന്നിരിക്കുന്നത്.

വർഷങ്ങളായി ആഘോഷങ്ങൾ നടന്നുവരാറുണ്ടെങ്കിലും കാലിഫോർണിയയിൽ ആദ്യമായാണ് ചൈനീസ് പുതുവത്സരം ഒദ്യോഗികമായി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി തെരുവിൽ ഭക്ഷണ സ്റ്റാളുകളും അമ്യൂസ്മെന്റ് റൈഡുകളും ഒരുക്കിയിരുന്നു.

അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏഷ്യൻ വംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശമായതിനാലും ചൈനീസ് പുതുവത്സര ആഘോഷത്തിനിടെയായതിനാലും വംശീയാക്രമണം ആകാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.