പാലക്കാട്: വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണു കുങ്കിയാനകൾ. നേരത്തെ നാടുവിറപ്പിച്ച കാട്ടാനകളെ പ്രത്യേക പരിശീലനം നൽകിയാണു കുങ്കികളാക്കും. കാട്ടാനകളുടെ എല്ലാ ബലവും ബലഹീനതയും അറിയുന്നവർ. പരിശീലനം കൂടി ലഭിക്കുന്നതോടെ ആനകളെ തുരത്താൻ കഴിവുള്ളവരാകും. കുങ്കി എന്നത് ഉറുദു വാക്കാണ്. അങ്ങനെയുള്ള മൂന്ന് കുങ്കിയാനകളാണ് സുരേന്ദ്രനും വിക്രമും ഭരതനും. കാട്ടിനെ വിറപ്പിച്ചിരുന്ന നാട്ടുകാരുടെ പ്രയിയപ്പെട്ടവർ. വനംവകുപ്പിന്റെ കുങ്കിയാനകളായ സുരേന്ദ്രനും ഭരതനും വിക്രമും നാട്ടാനകളെപ്പോലെ ആരാധകരെ നേടുകയാണ് ഇപ്പോൾ. ധോണിയെന്ന് പേരു കിട്ടിയ പിടി 7ഉം ഭാവിയിൽ കുങ്കിയാനയാകും.

ധോണി മേഖലയെ വിറപ്പിച്ച പി.ടി7 കൊമ്പൻ പിടിയിലായപ്പോൾ വനംമന്ത്രി എ.കെ.ശശീന്ദ്രൻ 'ധോണി' എന്നാണു പേരിട്ടത്. ഇതിനെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനാണു തീരുമാനം. പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചു നാട്ടുകാർക്കു പേടിസ്വപ്നമായിരുന്നു പി.ടി7. പിടി 7നെ പിടിച്ചിട്ടും ധോണിയുടെ ഭീതി ഒഴിയുന്നില്ല. മറ്റൊരു കൊമ്പൻ ധോണിയെ വിറപ്പിക്കുന്നുണ്ട്. ധോണിയിലെ രണ്ടാമന് വേണ്ടിയും കുങ്കിയാനാ ഓപ്പറേഷൻ വേണ്ടി വരുമോ എന്ന് പരിശോധിക്കുന്നുണ്ട്. വനംവകുപ്പിലെ വെറ്റിനറി സർജൻ അരുൺ സക്കറിയുടെ കരുത്താണ് കുങ്കിയാനകൾ. കുങ്കിയാനകളാണ് അരുൺ സക്കറിയുടെ ഓപ്പറേഷനെ വിജയത്തിലെത്തിക്കുന്നത്.

മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നിൽക്കാൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിർത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു. വാരിക്കുഴിയിലോ പൊട്ടക്കുളത്തിലോ ചതുപ്പിലോ അകപ്പെട്ടുപോയ ആനകളുടെ രക്ഷകനായും കുങ്കിയാനകൾ വരും. മയക്കുവെടി വച്ചു വീഴ്‌ത്തുന്ന കാട്ടാനകളെ വാഹനത്തിലേക്കു കയറ്റുന്നത് ശ്രമകരമാണ്. വനംവകുപ്പിലെ ഷാർപ്പ് ഷൂട്ടർമാരുടെ വെടിയേറ്റ് വീഴുന്ന കാട്ടുകൊമ്പന്മാരെ തളയ്ക്കാൻ കുങ്കിയാനകൾക്കേ കഴിയൂ. ഇവരും വനം വകുപ്പിന്റെ ജോലിക്കാരാണ്. അറുപതാം വയസ്സിൽ വിരമിക്കുന്നവർ.

ആദ്യ ഓപ്പറേഷനിൽ ബത്തേരിയിൽ പി.എം 2 (പന്തലൂർ മഖ്‌ന 2) എന്ന ആനയെ പിടികൂടി വിജയത്തുടക്കമിട്ടു സുരേന്ദ്രൻ എന്ന കുങ്കിയാന. പി.ടി ഏഴാമനെ പിടികൂടാനുള്ള ഓപ്പറേഷനിലും നെടുംതൂണായി സുരേന്ദ്രൻ എന്ന കുങ്കി. ഒപ്പം കട്ടയ്ക്കുനിന്നു വിക്രമും ഭരതനും. നേരത്തെ കോന്നി ആനത്താവളത്തിലുണ്ടായിരുന്ന സുരേന്ദ്രൻ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനുള്ള പ്രത്യേക പരിശീലനം തമിഴ്‌നാട്ടിൽനിന്നു നേടിയിട്ടുണ്ട്. 23 വർഷം മുൻപു പത്തനംതിട്ട റാന്നി വനത്തിലെ രാജാമ്പാറ വനത്തിൽ പിടിയാന ചരിഞ്ഞതിനെത്തുടർന്ന് എത്തിയ വനം ഉദ്യോഗസ്ഥർക്ക് ഒരു കുട്ടിക്കൊമ്പനെ കിട്ടി. അന്നു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായിരുന്ന സുരേന്ദ്രനാഥൻ ആചാരിയുടെ പേര് ആ കുട്ടിയാനയ്ക്കു നൽകി.

കോന്നി ആനക്കൂട്ടിലായിരുന്നു സുരേന്ദ്രനു തുടക്കത്തിൽ പരിചരണം. പിന്നീടു പരിശീലനം നൽകി കുങ്കിയാനയാക്കി 7 വർഷം മുൻപു മുത്തങ്ങയിലേക്കു കൊണ്ടുപോയി. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയോടു ചേർന്ന മേഖലകളെ വിറപ്പിച്ച കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് ഭരതനും വിക്രമും. 2016ൽ വയനാട് കല്ലൂരിലെ കൃഷിയിടങ്ങളിൽ സ്ഥിരം പ്രശ്‌നക്കാരനെ നാട്ടുകാർ കല്ലൂർ കൊമ്പനെന്നു വിളിച്ചു. ഒന്നു കയറിയും മറ്റൊന്ന് ഇറങ്ങിയും കൊമ്പുള്ളവൻ.

2016 നവംബർ 22നു മയക്കുവെടി വച്ചു പിടികൂടി കൂട്ടിലാക്കുകയായിരുന്നു. കാഴ്ചയിൽ വീരശൂരനെങ്കിലും കൂട്ടിലായതോടെ പാവമായ ആനയ്ക്കു ഭരതനെന്ന പേരു വീണു. ആറാം തമ്പുരാൻ സിനിമയിൽ ഇന്നസന്റ് അവതരിപ്പിച്ച ഭരതൻ എസ്‌ഐ എന്ന കഥാപാത്രമാണ് അതിനു കാരണമായത്. 2017 നവംബർ മുതൽ മുത്തങ്ങയ്ക്കടുത്ത വടക്കനാട് മേഖലയെ വിറപ്പിച്ചവനാണു വടക്കനാട് കൊമ്പൻ. മയക്കുവെടി വച്ചു പിടികൂടി കൊമ്പനെ മെരുക്കിയെടുക്കാൻ ഏറെക്കാലമെടുത്തു. വിക്രം എന്ന പേരാണ് വടക്കനാട് കൊമ്പന് വനംവകുപ്പ് നൽകിയത്.

പിടികൂടുന്ന കാട്ടാനകൾക്കു ഘട്ടംഘട്ടമായി ദീർഘകാലം പരിശീലനം നൽകിയാണു കുങ്കിയാക്കുന്നത്. കുങ്കി പദവി ലഭിക്കുന്നതോടെ വനംവകുപ്പിന്റെ ഭാഗമാകും. 60 വയസ്സിൽ കുങ്കി ജോലിയിൽനിന്നു വിരമിക്കും. പരിശീലനത്തിന്റെ അവസാനപടിയായി ഇവയെ രാത്രികാലങ്ങളിൽ ഒറ്റയ്ക്കു കാട്ടിലേക്ക് അയയ്ക്കും. മര്യാദക്കാരനായി തിരിച്ചു വന്നാലാണ് ലക്ഷണമൊത്ത കുങ്കിയായി എന്നു വനപാലകർ വിധിയെഴുതുന്നത്.

ഭരതനും വിക്രനും സുരേന്ദ്രനും മികവ് കാട്ടുമ്പോൾ പാപ്പാന്മാർക്കും കയ്യടി കൊടുക്കണം. ആനപ്പുറത്ത് ഇരുന്ന് നിയന്ത്രിക്കുന്നത് ഇവരാണ്. വൈശാഖും വിഷ്ണുപ്രഭയുമാണ് സുരേന്ദ്രന്റെ പാപ്പാന്മാർ. മണികണ്ഠനും കുമാറും വിക്രമിന്റെയും മണികണ്ഠനും രഘുവും ഭരതന്റെയും പാപ്പാന്മാരാണ്. സുരേന്ദ്രന്റെ പുറത്തിരുന്നത് വൈശാഖ് ആയിരുന്നു.