വാഷിങ്ടൺ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫേസ്‌ബുക്കിൽ തിരിച്ചെത്തുന്നു. വിലക്ക് നീങ്ങിയതോടെയാണ് ട്രംപിന് വീണ്ടും ഫേസ്‌ബുക്കിലേക്ക് തിരികെ വരാൻ അവസരം ഒരുങ്ങിയത്. 2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്നാണ് ട്രംപിനെ ഫേസ്‌ബുക്ക് വിലക്കിയത്. ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

മെറ്റയുടെ മറ്റൊരു സ്ഥാപനമായ ഇൻസ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചെത്തും. എന്നാൽ, ഫേസ്‌ബുക്കിലേക്ക് തിരിച്ചെത്തുമെന്ന് ട്രംപ് സ്ഥിരീകരിച്ചിട്ടില്ല. വിലക്കിന് പിന്നാലെ ഫേസ്‌ബുക്കിനെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. തന്റെ അഭാവത്തിൽ ഫേസ്‌ബുക്കിന് 'കോടിക്കണക്കിന് ഡോളർ' നഷ്ടം വന്നുവെന്നും ട്രംപ് പരിഹസിച്ചിരുന്നു. അതേസമയം, മെറ്റയുടെ നയങ്ങളും നിയമങ്ങളും ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുമെന്നും നിക് ക്ലെഗ് വ്യക്തമാക്കി. മറ്റൊരു സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും ട്രംപിനെ വിലക്കിയിരുന്നു. ടെസ്ല ഉടമ ഇലോൺ മസ്‌ക് ഉടമയായതിന് ശേഷമാണ് ട്രംപിന് ട്വിറ്റർ വീണ്ടും അക്കൗണ്ട് തിരിച്ചുനൽകിയത്. എന്നാൽ ട്വിറ്ററിൽ തുടരാൻ ആഗ്രഹമില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

2021 ജനുവരി ആറിനാണ് ലോകത്തെ ഞെട്ടിച്ച് യുഎസ് കാപിറ്റോൾ കലാപമുണ്ടായത്. കലാപത്തിനു പിറ്റേദിവസം ട്രംപിനെ ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി. ട്രംപിന്റെ യുഎസ് പ്രസിഡന്റ് തോൽവിക്ക് പിന്നാലെയാണ് അനുകൂലികൾ കലാപമുണ്ടാക്കിയത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനായി ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. കലാപത്തിന് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ഒന്നടങ്കം ട്രംപിന് വിലക്കേർപ്പെടുത്തിയത്.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും മത്സരിച്ചേക്കാം, പക്ഷേ അദ്ദേഹത്തിന് ഇനി ഫേസ്‌ബുക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നായിരുന്നു ആദ്യം ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിരുന്നത്. വൈറ്റ് ഹൗസിൽ രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് കമ്പനി അറിയിച്ചത്. എന്നാൽ വൈകാതെ നിലപാടിൽ മാറ്റം വരുത്തിയ കമ്പനി തീരുമാനം പുനപരിശോധിക്കുമെന്നും അറിയിച്ചു.