ആലപ്പുഴ: ഓണക്കിറ്റ് വിതരണം ചെയ്ത ഉദ്യോഗസ്ഥർക്കു സ്വർണം സമ്മാനമായി നൽകാനുള്ള തീരുമാനം സപ്ലൈകോ പിൻവലിച്ചത് വിവാദം ഒഴിവാക്കാൻ. റേഷൻ വ്യാപാരികളും ഒരുവിഭാഗം സപ്ലൈകോ ജീവനക്കാരും സർക്കാരിനെ പ്രതിഷേധമറിയിച്ചതിനെത്തുടർന്നാണിത്. കോവിഡുകാലത്ത് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷൻതുക നൽകാതെ ഉദ്യോഗസ്ഥർക്കു സ്വർണം സമ്മാനം നൽകുന്നതിനെതിരേ ഇടതുയൂണിയനിൽപ്പെട്ട റേഷൻ സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. ഇതാണ് ആ സ്വർണം നഷ്ടമാകാനുള്ള കാരണം.

റേഷൻ വ്യാപാരികളുടെ കമ്മിഷൻ നൽകാതെ സപ്ലൈകോ ഉദ്യോഗസ്ഥർക്കു സ്വർണം സമ്മാനമായി നൽകുന്നതിനെതിരേ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐ.ടി.യു.) മുഖ്യമന്ത്രിക്കു നൽകിയ കത്തിലെ ചോദ്യവും നിർണ്ണായകമായി. കിറ്റുവിതരണ കമ്മിഷൻ നൽകുന്ന കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധി പറയുന്ന സർക്കാരിന് സ്വർണപ്പതക്കം കൊടുക്കാൻ പ്രതിസന്ധിയില്ലേ എന്നായിരുന്നു ചോദ്യം. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ധൂർത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു.

സപ്ലൈകോ മേഖല, അസിസ്റ്റന്റ് മേഖലാ മാനേജർക്ക് ഒരുഗ്രാം വീതവും ഡിപ്പോ മാനേജർമാർക്ക് അര ഗ്രാമും സ്വർണമാണു വെള്ളിയാഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. സപ്ലൈകോയുടെ ഓണം സമ്മാനമഴ വിജയികൾക്കുള്ള സ്വർണം വിതരണത്തോടൊപ്പമാണ് ഉദ്യോഗസ്ഥർക്കും സമ്മാനം പ്രഖ്യാപിച്ചിരുന്നത്. സിഐ.ടി.യു. മുഖ്യമന്ത്രിക്കു പരാതി നൽകിയപ്പോൾ എ.ഐ.ടി.യു.സി. കരിദിനമാചരിച്ചു. തുടർന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സമ്മാനവിതരണം ഒഴിവാക്കാൻ നിർദേശിക്കുകയായിരുന്നു.

ഭക്ഷ്യധാന്യക്കിറ്റ് വിതരണംചെയ്തവകയിൽ 55 കോടിരൂപയാണു റേഷൻവ്യാപാരികൾക്കു കമ്മിഷനായി സർക്കാർ നൽകാനുള്ളത്. ആദ്യം കമ്മിഷൻ നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും സാമ്പത്തികപ്രതിസന്ധിയുടെ കാരണത്താൽ പിന്മാറി. റേഷൻവ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെങ്കിലും കമ്മിഷൻ നൽകിയില്ല. ഇതാണ് ഉദ്യോഗസ്ഥർക്കു സ്വർണം നൽകുന്നതിനെ റേഷൻവ്യാപാരികൾ എതിർക്കാൻ കാരണം.

കിറ്റുവിതരണത്തിനായി ഏറെ പ്രയത്‌നിച്ച താത്കാലിക തൊഴിലാളികൾ, താഴേത്തട്ടിലെ ജീവനക്കാർ എന്നിവരെ അവഗണിച്ചതാണു സപ്ലൈകോ ജീവനക്കാരുടെ പ്രതിഷേധത്തിനുകാരണമായത്.വിവാദ സംഭവങ്ങൾക്കു പിന്നാലെ റേഷൻ വ്യാപാരികളുടെ ഡിസംബറിലെ സാധാരണ റേഷൻ വിതരണം ചെയ്തതിനുള്ള കമ്മിഷൻ തുക അനുവദിച്ചു. ഈ മാസം 15-ന് മുമ്പ് കിട്ടേണ്ട തുകയാണിപ്പോൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഭക്ഷ്യധാന്യക്കിറ്റിന്റെ കമ്മിഷനെക്കുറിച്ച് മൗനത്തിലാണ് സർക്കാർ.