ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. ഇടുക്കി ഇടമലകുടിയിൽ 15 വയസുകാരിയെ 47 വയസ്സുകാരൻ വിവാഹം ചെയ്തു. ഒരു മാസം മുമ്പ് ഗോത്രാചാരപ്രകാരമായിരുന്നു ഇടമലകുടിയിൽ വിവാഹം നടന്നത്. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാർത്ഥിനിയെയാണ് വിവാഹം ചെയ്ത് നൽകിയത്. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതേക്കുറിച്ച് ജില്ലാ ശിശുസംരക്ഷണ ഓഫിസർക്ക് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണങ്ങൾക്ക് തുടക്കം. ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്നതായും കണ്ടെത്തി.

എന്നാൽ ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. സംഭവം സംബന്ധിച്ച് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ടു നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു.

ഉദ്യോഗസ്ഥർ കുടിയിലെത്തി പരിശോധന നടത്തി ശരിയെന്ന് ഉറപ്പുവരുത്തി. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കൾ മൊഴി നൽകി. സംഭവത്തിൽ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശുസംരക്ഷണ ഓഫിസർ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ സമിപിച്ചു.

ചെൽഡ് വെൽഫയർ കമ്മിറ്റിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 47 കാരനെതിരെയും ഇയാളുടെയും പെൺകുട്ടിയുടെയും മാതാപിതാക്കൾക്കെതിരെയും പൊലിസ് അന്വേഷണം തുടങ്ങി. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വിവാഹം മരവിപ്പിക്കാൻ ചൈൾഡ് വെൽഫയർ കമ്മറ്റി കോടതിയെ സമീപിച്ചു.

ഗോത്രവർഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുൻപും ഇടമലക്കുടിയിൽ ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.