തിനെയായിരിക്കും പണ്ടുള്ളവർ പറയുന്നത്, കലികാല വൈഭവം എന്ന്. ദൈവത്തിനെ കൈവിട്ട് ആളുകൾ കൂട്ടത്തോടെ സാത്താന്റെ കൂടെ പോകാൻ തുടങ്ങിയിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ വരുന്നു. ഒരു കാലത്ത് ചുരുക്കം ചിലർ തികഞ്ഞ രഹസ്യ സ്വഭാവത്തോടെയായിരുന്നു സാത്താൻ സേവ നടത്തിയിരുന്നതെങ്കിൽ ഇന്ന് സാത്താൻ മതക്കാരനാണെന്ന് തുറന്നുപറയാൻ മടിയില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു.

യു കെയിൽ, സഫോക്കിലെ ഒരു കൊച്ചു പട്ടണം ഇന്ന് സാത്താൻ മതക്കാരുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ബൺഗേ എന്ന ഈ പട്ടണത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. സാത്താനെ ആരാധിക്കുന്നു എന്നു മാത്രമല്ല, അക്കാര്യം അവർ തുറന്നു പറയുകയും ചെയ്യുന്നു.

2021 ലെ സെൻസസിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പറയുന്നത് 8500 പേർ മാത്രമുള്ള ഈ പ്രദേശത്ത് 70 പേർ സാത്താൻ മതക്കാരാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. അതായത്, 120 പേരിൽ ഒരാൾ വീതം സാത്താനെ ആരാധിക്കുന്നു എന്ന് ചുരുക്കം. ദേശീയ ശരാശരിയേക്കാൾ 100 ഇരട്ടി വരും ഇത് എന്നതാണ് ഏറ്റവും അത്ഭുതം ജനിപ്പിക്കുന്ന കാര്യം.

വലിയൊരു വിഭാഗം യുവാക്കൾ പരമ്പരാഗത മതങ്ങളിൽ നിന്നും വിട്ട് സാത്താനിസത്തിലേക്ക് തിരിയുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. മാത്രമല്ല, രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയ കാലം മുതൽ പരിശോധിച്ചാൽ ഇതാദ്യമായി ബ്രിട്ടനിൽ ക്രിസ്തുമതത്തിന് ഭൂരിപക്ഷം ഇല്ലാതായ സാഹചര്യം കൂടിയാണിത്.

ഈ ചെറുപട്ടണത്തിൽ ഇത്രയധികം സാത്താൻ സേവക്കാരുണ്ടെന്ന വിവരം തന്നെ ഞെട്ടിച്ചു എന്നാണ് ബൺഗേ മേയർ ടോണി ഡൗൺസ് പറയുന്നത്. തന്റെ അറിവിൽ ഈ പട്ടണത്തിൽ ഒരു സാത്താൻ ആരാധകനെ പോലും താൻ കണ്ടുമുട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. പട്ടണത്തിലെ പള്ളികൾക്ക് എല്ലാം നല്ല പിന്തുണ ലഭിക്കുന്നുണ്ട് എന്നു പറഞ്ഞ അദ്ദേഹം, ലോക്ക്ഡൗൺ കാലത്ത് വെറുതെയിരുന്ന ജനം വേറെ നല്ലതൊന്നും ചെയ്യാനില്ലാത്തതിനാൽ സെൻസസ് ഫോമിൽ സാത്താൻ മതം എന്ന് എഴുതിയതാവാം എന്നും പറഞ്ഞു.

മറ്റു ചിലർ പറയുന്നത് പ്രാദേശികമായി നിലനിൽക്കുന്ന ഒരു ഐതിഹ്യമാകാം ഇവിടെ സാത്താൻ സേവക്കാർ കൂടുതൽ ഉണ്ടാകാൻ കാരണമെന്നാണ്. സാത്താൻ ഒരുനാൾ, ബ്ലാക്ക് ഷക്ക് എന്ന് പേരുള്ള ഒരു കൂറ്റൻ കറുത്ത നായയുടെ രൂപമെടുത്തു വരും എന്നാണ് ആ ഐതിഹ്യം. 1577-ൽ അത്തരത്തിൽ രൂപം മാറി വന്ന സാത്താൻ ഇവിടെയുള്ള സെയിന്റ് മേരീസ് പള്ളിയിൽ ഭീകരാവസ്ഥ സൃഷ്ടിച്ചതായും ഐതിഹ്യത്തിൽ പറയുന്നു.

എന്നാൽ, പട്ടണത്തിൽ സാത്താൻ സേവക്കാർ ഉണ്ടെന്നുള്ളതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല എന്നാണ് സെയിന്റ് മേരീസ് പള്ളിയിലെ മാർട്ടിൻ ഇവാൻസ് പറയുന്നത്. അത്തരമൊരു കാര്യം എന്തിനാണ് സെൻസസിൽ പരാമർശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗ്ലോബൽ ഓർഡർ ഓഫ് സാത്താൻ യു കെ യുടെ വക്താവ് പറഞ്ഞത് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അവരുടെ ഗ്രൂപ്പിനുണ്ടായത് 200 ശതമാനം വളർച്ചയാണ് എന്നാണ്. പുതിയതായി എത്തുന്നവരിൽ കൂടുതലും യുവാക്കളാണെന്നും വക്താവ് അറിയിച്ചു.