- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടമകൾ സെസിനെ കുറിച്ച് അറിയുന്നത് വീട് വച്ച് വർഷങ്ങൾ കഴിഞ്ഞ് പിഴപ്പലിശ സഹിതം സെസ് അടയ്ക്കണമെന്ന് തൊഴിൽ വകുപ്പിന്റെ നോട്ടിസ് ലഭിക്കുമ്പോൾ; സെസ് കുടിശിക മൂന്ന് തവണയായി അടയ്ക്കാമെന്ന ഉത്തരവിനും പുല്ലുവില; സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങളെ പിഴിയുമ്പോൾ
തിരുവനന്തപുരം: കെട്ടിടനിർമ്മാണത്തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക 3 തവണയായി അടയ്ക്കാൻ അനുമതി നൽകി സർക്കാർ പ്രത്യേക ഉത്തരവിട്ടെങ്കിലും ആ ആനുകൂല്യം കെട്ടിട ഉടമകൾക്ക് നിഷേധിക്കുന്നത് ക്രൂരത. സെസ് പിരിക്കുന്ന തീവ്രയജ്ഞ പരിപാടിയിൽ ജില്ലാ ലേബർ ഓഫിസർമാർ നൽകിയിട്ടുള്ള ലക്ഷ്യം നേടാനായി ഒറ്റത്തവണയായി പണം അടപ്പിക്കുകയാണ്. 20 ദിവസത്തിനകം അടച്ചില്ലെങ്കിൽ 15-24% പലിശയാണ് ഈടാക്കുന്നത്.
ചില ജില്ലകളിൽ വീട്ടുടമകൾ പണം അടയ്ക്കാൻ വൈകിയതിനാൽ 24% തുക കൂടി ചേർത്ത് ജപ്തി നോട്ടിസും ലഭിച്ചിട്ടുണ്ട്. 3000 കോടി രൂപയുടെ സെസ് പിരിച്ചെടുക്കാനുണ്ടെന്നാണ് തൊഴിൽവകുപ്പ് പറയുന്നത്. ഇതിൽ 1200 കോടിയെങ്കിലും മാർച്ച് 31 നു മുൻപ് പിരിച്ചെടുക്കുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം. എല്ലാ അർത്ഥത്തിലും ഉടമസ്ഥരെ കഷ്ടപ്പെടുത്തുകയാണ് സർക്കാർ വകുപ്പ്.
പുതിയ വീട് നിർമ്മിച്ചവർ മാത്രമല്ല, പഴയ വീട് അറ്റകുറ്റപ്പണി നടത്തിയവരും മുറി കൂട്ടിച്ചേർത്തവരും സെസ് അടയ്ക്കണം. കിട്ടിയ നോട്ടിസുമായെത്തുന്ന വീട്ടുടമകളോട് വർഷങ്ങൾക്കു മുൻപ് വീടുവയ്ക്കാൻ നൽകിയ പ്ലാൻ ഹാജരാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതിനിടെ 3 ഗഡുക്കളായി അടയ്ക്കാൻ സൗകര്യമുണ്ടെന്നു കാണിച്ചും ഇതിൽ തീരുമാനമെടുക്കാൻ അസസ്‌മെന്റ് ഓഫിസറെ അധികാരപ്പെടുത്തിയും ഉത്തരവും നൽകിയിരുന്നുവെന്ന് തൊഴിൽ മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. 3 മാസമായി 3 ഗഡു അടയ്ക്കാം. റവന്യു റിക്കവറി ആയ കേസുകളിൽ തവണ വ്യവസ്ഥയില്ല.
ഒന്നും രണ്ടും കോടിയാണ് ഓരോ ലേബർ ഓഫിസറും മാസം പിരിച്ചെടുക്കാൻ നിർദേശിച്ചിട്ടുള്ളത്. ലേബർ ഓഫിസുകളിൽ പരാതികൾ എത്തുന്നുണ്ട്. കെട്ടിടനിർമ്മാണത്തൊഴിലാളികളുടെ ക്ഷേമപെൻഷൻ നൽകാൻ മാസം 55 കോടിയാണ് വേണ്ടത്. മറ്റു ചെലവ് എല്ലാം കൂടി 65 കോടിയും വേണം.
കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമ നിധിക്കായി വീട്, വാണിജ്യ കെട്ടിട ഉടമകളിൽ നിന്ന് ഈടാക്കുന്ന 1% സെസ് ഏപ്രിൽ ഒന്നു മുതൽ തദ്ദേശസ്ഥാപനങ്ങൾ വഴി വാങ്ങും. വീട്, കെട്ടിട നിർമ്മാണം പൂർത്തിയായി കെട്ടിട നമ്പർ നൽകുന്ന സമയം തന്നെ ഈ തുക അടയ്ക്കണം. ഇതിനായി തദ്ദേശസ്ഥാപന സോഫ്റ്റ്്വെയറിൽ മാറ്റം വരുത്തും.
വീട് വച്ച് വർഷങ്ങൾ കഴിഞ്ഞ് പിഴപ്പലിശ സഹിതം സെസ് അടയ്ക്കണമെന്ന് തൊഴിൽ വകുപ്പിന്റെ നോട്ടിസ് ലഭിക്കുമ്പോഴാണ് വീട്ടുടമകൾ പലരും ഇത്തരത്തിൽ സെസ് ഉണ്ടെന്ന് പോലും അറിയുന്നത്. ഇതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ