- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുകൊല്ലം പ്രേമിച്ചു; ഒടുവിൽ കല്യാണത്തിന് സമ്മതിച്ചില്ല; കാമുകിക്കെതിരെ മാനസിക പിരിമുറുക്കത്തിന് 20 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് യുവാവ് കോടതിയിൽ; സിംഗപ്പൂരിൽ നിന്നൊരു വിചിത്ര ജീവിതകഥ
എവിടെ പ്രണയമുണ്ടോ അവിടെ തേപ്പും ഉണ്ടാകുമെന്നാണ് 'വാട്ട്സ്അപ്പ് യൂണിവേഴ്സിറ്റിയിലെ' ചില ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, അങ്ങനെയങ്ങ് തേച്ചിട്ടു പോയാൽ വെറുതെ വിടാൻ കഴിയില്ല എന്നാണ് ഈ സിംഗപ്പൂരുകാരൻ പറയുന്നത്. തന്നെ തേച്ചുപോയ കാമുകിക്കെതിരെ വൈകാരിക ആഘാതം നൽകിയതിന് 20 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് കേസ് കൊടുത്തിരിക്കുകയാണിയാൾ.
ഡ്രോൺ കമ്പനിയായ ഡി1 റേസിംഗിലെ ഒരു ഡയറക്ടർ ആയ ക്വാഷിഗൻ ആണ് തന്നെ തേച്ചിട്ടു പോയ കാമുകി നോറ ടാൻ ഷു മീക്കെതിരെ രണ്ട് കേസുകൾ നൽകിയിരിക്കുന്നത്. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ഉപേക്ഷിച്ചു പോയ കാമുകിയുടെ നടപടി വൈകാരികമായി തന്നെ തളർത്തി എന്നും അത് തന്റെ സത്കീർത്തിയെ പ്രതികൂലമായി ബാധിച്ചു എന്നും, ചുരുങ്ങിയത് അഞ്ച് ബിസിനസ്സ് ഇടപാടുകൾ എങ്കിലും നഷ്ടപ്പെട്ടു എന്നും കാണിച്ചാണ് കേസ് നൽകിയിരിക്കുന്നത്.
ഇതിനെതിരെ കാമുകി ടാനും മറ്റൊരു കേസ് കൊടുത്തിട്ടുണ്ട്. ഏതു സമയത്തും ക്വാഷിംഗിൽ നിന്നും ആക്രമണം ഭയന്നാണ് താൻ കഴിയുന്നതെന്നും, ക്വാഷിംഗിൽ നിന്നും സ്വയരക്ഷക്കായി വീടിന്റെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കേണ്ടി വന്നു എന്നും, മാനസിക പിരിമുറുക്കം കാരണം നിരവധി തവണ കൗൺസിലിംഗിന് വിധേയമാകേണ്ടി വന്നു എന്നും അവർ പറയുന്നു. ഈ ചെലവെല്ലാം ക്വാഷിങ് വഹിക്കണം എന്നാവശ്യപ്പെട്ടാണ് ടാൻ കേസ് നൽകിയിരിക്കുന്നത്.
തന്റെ വീട്ടിൽ ഡിജിറ്റൽ ഡോർ വ്യുവർ ഘടിപ്പിക്കേണ്ടി വന്നു എന്നും അതോടൊപ്പം അലാം സെൻസർ, സ്മാർട്ട് വീഡിയോ ഡോർബെൽ എന്നിവയും ഘടിപ്പിച്ചു എന്നും ഇതിനൊക്കെ കൂടി 900 പൗണ്ട് വരെ ചെലവായെന്നും അവർ പറയുന്നു. മാത്രമല്ല, ഇതുവരെ നടന്ന കൗൺസിലിങ് സെഷനുകളുടെയും ഇനി ഭാവിയിൽ ആവശ്യമായി വന്നേക്കാവുന്നതിന്റെയും ചെലവുകളും ക്വാഷിഗൻ വഹിക്കണം എന്നാണ് ടാൻ ആവശ്യപ്പെടുന്നത്.
ആദ്യം ക്വാഷിഗൻ ടാനിനെതിരെ 22000 സിംഗപ്പൂർ ഡോളറിനുള്ള കേസായിരുന്നു നൽകിയത്. തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താം എന്ന വാഗ്ദാനത്തിൽ നിന്നും ടാൻ പുറകോട്ടുപോയി എന്നാരോപിച്ചായിരുന്നു കേസ് നൽകിയത് എന്ന് ചാനൽ ന്യുസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇത് മജിസ്ട്രേറ്റ് കോടതിയിൽ തള്ളിപ്പോവുകയായിരുന്നു. അപ്പോഴാണ് വൈകാരിക പിരിമുറുക്കവും ബിസിനസ്സ് നഷ്ടവും കാണിച്ച് 3 മില്യൺ സിംഗപൂർ ഡോളറിന്റെ നഷ്ടപരിഹാരത്തിനായി ഇയാൾ വീണ്ടും കേസ് നൽകിയത്. സിംഗപ്പൂർ ഹൈക്കോടതി ഈ കേസ് വിചരണക്കായി ഫെബ്രുവരി 9 ലേക്ക് മാറ്റിയിട്ടുണ്ട്.
2016-ൽ ആയിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. ഇരുവരും ബഗിൽ ജംഗ്ഷനിലെ റോട്ടറി ക്ലബ്ബിൽ അംഗങ്ങളായിരുന്നു. ഇവർക്കിടയിൽ സൗഹൃദം വളർന്നു. എന്നാൽ, എങ്ങനെയാണ് ഈ ബന്ധത്തെ നോക്കി കാണുന്നത് എന്ന രീതിയിൽ വിയോജിപ്പുണ്ടായതിനെ തുടർന്നായിരുന്നു തങ്ങൾ തമ്മിൽ അകന്നതെന്ന് ടാൻ പറയുന്നു.
ക്വാഷിഗാനെ ഒരു സുഹൃത്തായി മാത്രമെ കണ്ടിരുന്നുള്ളു. എന്നാൽ അത് പ്രണയബന്ധമാക്കി മാറ്റുവാൻ ക്വാഷിഗൻ ആഗ്രഹിച്ചപ്പോഴായിരുന്നു താൻ അതിൽ നിന്നൊഴിഞ്ഞതെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ