സാൽവദോർ: പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടയാനാകില്ലെന്നാണ് പഴമൊഴി. ഇക്കാലത്തും സ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സാൽവഡോറിൽ നിന്നും ബ്രസീലിലേക്കുള്ള ഈ വിമാനയാത്രയിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഏകദേശം ഒരു ഡസനിലധികം വനിതകളായിരുന്നു മറ്റ് യാത്രക്കാർക്ക് മുൻപിൽ കൂട്ടത്തല്ല് നടത്തിയത്. മാത്രമല്ല, പരസ്പരം പച്ചത്തെറികളും വിളിച്ചിരുന്നു.

വിമാനത്തിലെ ജീവനക്കാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും ഇവർ പരസ്പരം തല്ലുകയും മുടി പിടിച്ച് വലിക്കുകയും തുണി വലിച്ചു കീറുകയും ഒക്കെ ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഗോൽ എയർലൈൻസിലെ ക്രൂ മെംബേഴ്സ് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് പരാജയപ്പെട്ട് പിന്മാറേണ്ടി വരികയാണ്.

പതിനഞ്ചോളം വനിതകൾ ഉൾപ്പെട്ട ഈ സംഘടനത്തിന്റെ തീവ്രത അറിയണമെങ്കിൽ, മേൽ വസ്ത്രങ്ങൾ മുഴുവൻ കീറപ്പെട്ട ഒരു യുവതി കൈകൾ കൊണ്ട് തന്റെ മാറിടം മറച്ചുപിടിക്കുന്ന ഒരു ദൃശ്യം മാത്രം മതി. ജീവനക്കാർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നു. പരസ്പരം അടിക്കുകയും ഉന്തുകയും തള്ളുകയും ഒക്കെ ചെയ്യുന്നതിനിടയിൽ ചിലർ മറ്റു യാത്രക്കാർക്ക് മേൽ വീഴുന്നുണ്ടായിരുന്നു.

രണ്ട് കുടുംബങ്ങൾക്ക് ഇടയിലാണ് ഈ കലഹം ഉണ്ടായത് എന്നാണ് സൂചന. ചെറിയ് കുഞ്ഞിനൊപ്പം വന്ന ഒരു അമ്മ, മറ്റൊരു സ്ത്രീയോട് സീറ്റുകൾ പരസ്പരം വെച്ചു മാറാമോ എന്ന് ചോദിച്ചതിൽ നിന്നാണത്രെ എല്ലാം തുടങ്ങിയത്. ഈ കുട്ടി ഭിന്നശേഷിയുള്ള കുട്ടി ആയതിനാൽ, അവർക്ക് അലോട്ട് ചെയ്ത സീറ്റിൽ ആ കുട്ടിക്ക് ഇരിക്കാൻ അസൗകര്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

വിമാനത്തിലെ സീറ്റ് വിഷയം; സൂര്യ ചെയ്തത് ശരിയോ ?

സീറ്റുകൾ പരസ്പരം വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട തർക്കം കൂട്ടത്തല്ലിൽ കലാശിച്ച വാർത്ത പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് വിമാനയാത്രയ്ക്കിടയിലെ നൈതികത അഥവാ എറ്റിക്യൂറ്റ് സംസാരമാക്കി, ന്യുയോർക്ക് ആസ്ഥാനമായ് ടിക്ടോക്കർ സൂര്യ ഗർഗ് എത്തുന്നത്. ഏതാനും നാളുകൾക്ക് മുൻപ് ഒരു വിമാനയാത്രയിൽ തനിക്കുണ്ടായ് അനുഭവം സൂര്യ പങ്കുവയ്ക്കുകയാണ്.

പുതിയതായി ഇറക്കിയ വീഡിയോയിൽ സൂര്യ പറയുന്നത്, ഒരു യാത്രക്കിടയിൽ ഒരു സ്ത്രീ തന്നെ സമീപിച്ചു എന്നാണ്. താൻ ഇരുന്ന വിൻഡോ സീറ്റ് അവരുടെ സീറ്റുമായി പരസ്പരം വെച്ചു മാറണം എന്നായിരുന്നു അവരുടെ ആവശ്യം. അധിക തുക നൽകിയായിരുന്നു താൻ വിൻഡോ സീറ്റ് എടുത്തത് എന്നും സൂര്യ പറയുന്നു. അവർക്ക് മകനോടൊപ്പം ഇരുന്ന് യാത്ര ചെയ്യുവാനായിരുന്നു സീറ്റ് വെച്ചു മാറുന്ന കാര്യം പറഞ്ഞത്.

പകരം പോകേണ്ട സീറ്റ് ഏറ്റെന്ന് ചോദിച്ചപ്പോൾ, രണ്ടു മൂന്നു നിര പുറകിലുള്ള ഒരു മിഡിൽ സീറ്റ് അവർ കാണിച്ചു. പിന്നെയാണ് സൂര്യ അവരോട് അവരുടെ മകൻ ആരെന്ന് ചോദിച്ചത്. അവർ ചൂണ്ടിക്കാണിച്ചത് ആറടി അഞ്ചിഞ്ചോളം ഉയരമുള്ള ഒരു യുവാവിനെയായിരുന്നു. 18-19 വയസ്സ് പ്രായമുള്ളയാളാണ് മകൻ. കൊച്ചു കുഞ്ഞൊന്നുമല്ല. അതുകൊണ്ടു തന്നെ സൂര്യ സീറ്റ് വെച്ചുമാറാൻ തയ്യാറായില്ല. താൻ അധിക തുക നൽകിയാണ് വിൻഡോ സീറ്റ് ബുക്ക് ചെയ്തതെന്ന് അവരോടു പറഞ്ഞു. മുഖം വീർപ്പിച്ച് കൊഞ്ഞനം കുത്തിയാണത്രെ അവർ അവിടന്ന് പിന്തിരിഞ്ഞത്.

ഈ അനുഭവം വിവരിച്ചുകൊണ്ട് സൂര്യ ചോദിക്കുന്നത് താൻ ചെയ്തത് തെറ്റായിരുന്നോ എന്നാണ്. ഏകദേശം 4 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞ ഈ വീഡിയോയിൽ ഭൂരിഭാഗം പേരും കമന്റിട്ടിരിക്കുന്നത് സൂര്യ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നാണ്. ആ സ്ത്രീക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ട ഒരു കാര്യവുമില്ലെന്നും അവർ പറയുന്നു. അങ്ങനെ ഒരുമിച്ചിരുന്ന് യാത്ര ചെയ്യണമെങ്കിൽ അധിക തുക നൽകി അടുത്തടുത്ത സീറ്റ് കരസ്ഥമാക്കാം എന്ന് മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നു.