തൃശ്ശൂർ: മരുന്നുകമ്പനികൾ ഡോക്ടർമാർക്ക് നൽകുന്ന സൗജന്യങ്ങൾക്കും ഇനി നികുതി നൽകേണ്ടി വരും. ഇത്തരം ആനുകൂല്യങ്ങൾക്ക് ഉറവിടങ്ങളിൽതന്നെ പത്തുശതമാനം ആദായനികുതി ഈടാക്കിയിരിക്കണമെന്നാണ് നിയമം. ഇത് പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ടവർ ആറുമാസം ജയിലിലാകുമെന്നതാണ് പുതിയ നിർേദശം. കേന്ദ്ര ബജറ്റിൽ ഇതിനുള്ള നിർദ്ദേശമുണ്ട്.

വിപണനത്തിന്റെ ഭാഗമായി നൽകുന്ന സൗജന്യങ്ങളെ പ്രചാരണച്ചെലവിൽ ഉൾപ്പെടുത്തണമെന്നതാണ് കമ്പനികളുടെ ആവശ്യം. ഇത് കേന്ദ്രം അംഗീകരിക്കുന്നില്ല. ഈ ആവശ്യം പല തവണ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ തള്ളിയിരുന്നു. സൗജന്യങ്ങളുടെ കൂട്ടത്തിൽ മരുന്നുസാമ്പിളുകൾ, സമ്മാനങ്ങൾ, യാത്രകൾ, സെമിനാർ അവസരങ്ങൾ തുടങ്ങിയവയൊക്കെ ഉൾപ്പെടും. സമ്മാനക്കൂപ്പണുകൾ പണത്തിനു സമാനമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഡോക്ടർമാരിൽ പലരും പ്രഫഷണലുകൾ എന്ന് പറഞ്ഞ് നികുതിയിൽ നിന്നും ഒഴിഞ്ഞു മാറാറുണ്ട്. ഇതും കേന്ദ്ര നിരീക്ഷണത്തിയാണ്.

മരുന്ന് കമ്പനികളുടെ സൗജന്യങ്ങൾ കൈപ്പറ്റരുതെന്ന് മെഡിക്കൽ കൗൺസിലിന്റെ മാർഗനിർദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ജൂലായിൽ കേന്ദ്ര പ്രത്യക്ഷനികുതി വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി നിർദ്ദേശമിറക്കിയിരുന്നു. ഇതുപ്രകാരം വ്യക്തികൾക്കോ സ്ഥാപനത്തിനോ കൊടുക്കുന്ന സൗജന്യങ്ങളും നികുതി ബാധ്യതയിൽവന്നു. നിയമമായെങ്കിലും വീഴ്ച വരുത്തുന്നവർക്ക് ഏതുവിധത്തിലുള്ള നടപടിയാണെന്ന് വ്യക്തമായിരുന്നില്ല. ഇതാണ് പുതിയ നിർദ്ദേശത്തിലൂടെ പരിഹരിച്ചിരിക്കുന്നത്.

ആരാണോ ഇത്തരം സൗജന്യങ്ങൾ നൽകുന്നത് അവർ നികുതി ഈടാക്കി അടയ്ക്കണമെന്നാണ് നിയമം. സമ്മാനത്തിന്റെ വില കണക്കാക്കി അതിന്റെ പത്തുശതമാനമാണ് നികുതി കൊടുക്കേണ്ടത്. ആശുപത്രികൾ വഴിയാണ് സൗജന്യങ്ങൾ നൽകുന്നതെങ്കിൽ അവർക്കും ഇതിന് ഉത്തരവാദിത്വമുണ്ട്. സാമ്പത്തികവർഷത്തിൽ 20,000 രൂപയിൽക്കൂടുതൽ തുകയുടെ സൗജന്യങ്ങൾക്കാണ് നികുതി.

വാങ്ങുന്ന വ്യക്തിക്ക് പ്രതിവർഷം 50 ലക്ഷവും സ്ഥാപനത്തിന് ഒരുകോടിയും വരുമാനമുണ്ടെങ്കിലാണ് നികുതിബാധ്യതയെന്നുമാണ് നിയമത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ ചെറുകിട ഡോക്ടർമാർക്ക് ഈ നിർദ്ദേശം ബാധകമാകില്ല. എന്നാൽ രാജ്യത്തെ പല ഡോക്ടർമാർക്കും കോടികളുടെ പ്രതിവർഷ വരുമാനമുണ്ട്. ഇവരെയാണ് മരുന്ന് കമ്പനികൾ സാധാരണ സൗജന്യങ്ങൾ കൊടുത്ത് ആകർഷിക്കാറുള്ളത്.