ഇസ്തംബുൾ: വാവിട്ടുകരയുന്ന കുഞ്ഞുങ്ങൾ, തകർന്നടിഞ്ഞ കെട്ടിടങ്ങൾ, ആശുപത്രികൾ നിറയെ മൃതശരീരങ്ങൾ, തുർക്കിയിലെയും സിറിയിലെയും കാഴ്ചകൾ കണ്ടുനിൽക്കാവുന്നതല്ല1400 ലേറെ പേർ മരണമടഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. മിക്കവരും ഭൂചലനം ഉണ്ടായപ്പോൾ ഉറക്കത്തിലായിരുന്നു. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയുടെ തെക്ക് കിഴക്കൻ മേഖലയെ തകർത്തത്. 15 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

അതിനിടെ, തുർക്കിയിൽ വീണ്ടും ഭൂചലനമുണ്ടായി. 7.5 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് 2 ദശലക്ഷം ജനസംഖ്യയുള്ള തെക്കുകിഴക്കൻ നഗരമായ ഗസ്സിയാൻടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനവുമായി ഇതിനു ബന്ധമില്ലെന്നും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്നും തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു

912 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് തുർക്കി പ്രസിഡന്റ് റസെപ് തയിപ് എർദൊഗാൻ അറിയിച്ചത്. 5385 പേർക്ക് പരിക്കേറ്റു. സിറിയിലാകട്ടെ 500 ഓളം പേർ കൊല്ലപ്പെട്ടു. ആഭ്യന്തര യുദ്ധം താറുമാറാക്കിയ സിറിയക്കാർക്ക് ഇത് മറ്റൊരു ദുരിതം കൂടിയായി. 12 വർഷത്തെ നിരന്തര ബോംബാക്രമണത്തിലും, കുടിയൊഴിക്കലിലും മനംമടുത്ത സിറിയൻ ജനതയ്ക്ക് മേലുള്ള ഇരുട്ടടിയായിയ ഭൂകമ്പം. 7.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതോടെ പലരും തെരുവുകളിലേക്ക് ഇറങ്ങിയോടി. വ്യോമാക്രമണവും, ഷെല്ലിങ്ങും കാരണം പല കെട്ടിടങ്ങളുടെയും അടിത്തറ തന്നെ ദുർബലമാണ്.

വിമതരുടെ നിയന്ത്രണത്തിലുള്ള അലപ്പോ പ്രവിശ്യയിൽ മുമ്പ് ബഹുനില കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രം. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു. സർക്കാർ അധീനത മേഖലയിലും വിമത നിയന്ത്രണ മേഖലയിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 1000 ലേറെ മരണം രാജ്യത്ത് സംഭവിച്ചതായി സിറിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്- കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള പത്തോളം നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.

ഭൂചലനത്തെ തുടർന്ന് ഇരുരാജ്യങ്ങൾക്കും വിവിധ രാജ്യങ്ങൾ സഹായഹസ്തം നീട്ടി. തുർക്കിയിലേക്ക് മാത്രമല്ല, ശത്രുരാജ്യമായ സിറിയയിലേക്കും രക്ഷാപ്രവർത്തകരെയും, വൈദ്യ സംഘത്തെയും അയയ്ക്കാമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചത് അപൂർവ സംഭവമായി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയാഹുവാണ് ആപത്ത് കാലത്തെ സഹായം വച്ചുനീട്ടിയത്.

ഇന്ത്യ രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി

ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും തുർക്കിയിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) രണ്ട് സംഘത്തെയാണ് ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി അയക്കുന്നത്. കൂടാതെ മികച്ച പരിശീലനം ലഭിച്ച ഡോക്ടർമാരെ അവശ്യമരുന്നുകളുമായി അയക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തര സഹായങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

നൂറുപേരടങ്ങുന്ന രണ്ടുസംഘത്തെയാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയയ്ക്കുക. തുർക്കി സർക്കാരും അങ്കാറയിലെ ഇന്ത്യൻ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യൻ കോൺസുലേറ്റുമായും ഏകോപിപ്പിച്ചായിരിക്കും ദുരന്തനിവാരണ സഹായങ്ങൾ എത്തിക്കുക.