- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും ആഴം കുറഞ്ഞ ഭാഗത്തായത് ദുരന്ത വ്യാപ്തി കൂട്ടി; നിലയ്ക്കാത്ത തുടർചലനങ്ങളിൽ നിലമ്പൊത്തി കെട്ടിടങ്ങൾ; 3500 മരണം സ്ഥിരീകരിച്ചു; അവശിഷ്ടങ്ങൾക്കിറ്റയിൽ മരണം കാത്ത് പതിനായിരങ്ങൾ; തണുപ്പിൽ മരവിച്ച് മരണം കാത്ത് രക്ഷപ്പെട്ടവരും; ശവപറമ്പായി മാറി തുർക്കി
തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത് 3500 മരണങ്ങളാണ്. എന്നാൽ, ഇനിയും ആയിരങ്ങൾ കൂടി ഈ പട്ടികയിലേക്ക് വരും എന്നാണ് ഭയക്കുന്നത്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. നിലവിലെ രക്ഷാ പ്രവർത്തകർക്ക് കൈയിലൊതുങ്ങുന്നതിലു വലിയ വ്യാപ്തിയാണ് ഈ ദുരന്തത്തിന്.
തെക്ക് കിഴക്കൻ തുർക്കിയിൽ റിറ്റ്ച്ചർ സ്‌കെയിലിൽ യഥാക്രമം 7.8, 7.5 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. അതിരാവിലെ ഉണ്ടായ ഭൂചലനത്തിൽ നിരവധിപേർ ഉറക്കത്തിൽ തന്നെ മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. തൊട്ടിലിൽ കിടന്ന് ആടുന്ന അനുഭവമായിരുന്നു എന്നാണ് രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞത്. കെട്ടിടം അത്ര ശക്തിയായി കുലുങ്ങി.
വീടുകൾ നഷ്ടപ്പെട്ട് നിരത്തുകളിലും തുറസ്സായ പ്രദേശങ്ങളിലുമായി കഴിയുന്നവർക്ക് കൂടുതൽ ദുരിതമേകാൻ കടുത്ത തണുപ്പുമായി ശൈത്യക്കാറ്റും എത്തിയിട്ടുണ്ട്. മരവിപ്പിക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ ഈ മേഖലയിൽ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇപ്പോഴും നിലവിളികൾ ഉയരുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മദ്ധ്യപൂർവ്വ ദേശത്തെ ഒന്നിലധികം രാജ്യങ്ങളിൽ ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു എങ്കിലും തുർക്കിക്കും അയൽ രാജ്യമായ സിറിയയ്ക്കുമാണ് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത്. ഈ രണ്ട് രാജ്യങ്ങളിലുമായി ഇതുവരെ 3500 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 7.8 തീവ്രതയുള്ള ഭൂചലനമായിരുന്നു ആദ്യം സംഭവിച്ചത്., മണിക്കൂറുകൾക്ക് ശേഷമായിരുന്നു 7.5 തീവ്രതയുള്ളഭൂചലനം സംഭവിച്ചത്. ആദ്യ ഭൂചലനത്തിന്റെ പ്രഭവസ്ഥാനത്തു നിന്നും 95 കിലോമീറ്റർവടക്കുമാറിയാണ് രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പം എപ്പോൾ ? എങ്ങനെ ?എവിടെ ?
തുർക്കിയിലെ ചരിത്ര നഗരമായ ഗസ്സിയാന്റെപ്പിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ പറയുന്നു. ഭൗമോപരിതലത്തിൽ നിന്നും 18 മൈൽ ആഴത്തിൽ ആണ് പ്രഭവ കേന്ദ്രം. ഈ ഭൂചലനത്തിന്റെ അലയൊലികൾ ഈജിപ്ത്, ലെബനൺ, സൈപ്രസ്സ് തുടങ്ങിയ രാജ്യങ്ങളിലും അനുഭവപ്പെട്ടു. ഇറ്റാലിയൻ തീരങ്ങളിൽ സുനാമിക്കെതിരെയുള്ള മുന്നറിയിപ്പും നകിയിരുന്നു.
റിറ്റ്ച്ചർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എകിനോസു പട്ടണത്തിൽ നിന്നും രണ്ടര മൈൽ തെക്ക് കിഴക്ക് മാറിയായിരുന്നു. അതിരാവിലെയായിരുന്നു സിറിയൻ അതിർത്തിയിൽ നിന്നും 95 കിലോമീറ്റർ അകലെ, സെൻട്രൽ തുർക്കിയിലുള്ള ഗസ്സിയാൻടെപ് കേന്ദ്രീകരിച്ച് ഭൂചലനം ഉണ്ടായത്. ഇത് നടന്ന് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ റിറ്റ്ച്ചർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ തുടർ ചലനം ഉണ്ടായി. തുടർന്ന് രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം സമാനമായ തീവ്രതയുള്ള 40 ഓളം തുടർ ചലനങ്ങൾ നടന്നു.
എന്നാൽ, അത് നാശത്തിന്റെ അന്ത്യമായിരുന്നില്ല. ഉച്ചക്ക് 1:24 ന് റിറ്റ്ച്ചർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 97 കിലോമീറ്റർ വടക്ക് മാറിയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഇത് സംഭവിച്ചതെന്ന് യു എസ് ജി എസ് പറയുന്നു. ഇതിനെ തുടർന്ന് 100 ഓളം തുടർ ചലനങ്ങൾ ഉണ്ടായി. ഇതിന്റെ പ്രഭാവം അങ്ങ് ഗ്രീൻലാൻഡിൽ വരെ അനുഭവപ്പെട്ടതായി ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഡെന്മാർക്ക് ആൻഡ് ഗ്രീൻലാൻഡ് പറഞ്ഞു.
റിറ്റ്ച്ചർ സ്‌കെയിലിൽ 7 ന് മുകളിൽ രേഖപ്പെടുത്തുന്ന ശരാശരി 20 ഭൂചലനങ്ങൾ എല്ലാ വർഷവും നടക്കാറുണ്ട്. എന്നാൽ, ഇത്തവണ പ്രഭവകേന്ദ്രം താരതമ്യേന ഭൗമോപരിതലത്തിൽ നിന്നും ആഴം കുറഞ്ഞ ഭാഗത്തായതാണ് നാശനഷ്ടം ഇത്രയധികം വർദ്ധിക്കാൻ കാരണമായത്. ആഴത്തിൽ ഉണ്ടാകുന്ന, സമാനമായ ഭൂചലനത്തേക്കാൾ കൂടുതലായി ഇത്തരം ആഴം കുറഞ്ഞ ഭാഗത്തുണ്ടാകുന്ന ഭൂചലനങ്ങൾ ഭൂമിയെ ശക്തമായി പിടിച്ചു കുലുക്കും.അതുപോലെ, ദുർബലമായിരുന്നെങ്കിൽ കൂടി തുടർ ചലനങ്ങൾ സംഭവിച്ചതും താരതമ്യേന ആഴം കുറഞ്ഞ ഭാഗത്താണെന്നുള്ളത് ദുരന്തത്തിന്റെ ആക്കം വർദ്ധിപ്പിച്ചു.
പ്രധാനമായും ഏഴ് ഭൂവൽക്ക ഫലകങ്ങൾ ചേർന്നതാണ് ഭൂവൽക്കം അഥവ ഭൂമിയുടെ പുറമ്പാളി. അതിനു പുറം പല ചെറു ഫലകങ്ങളും ഉണ്ട്. ഭൂവൽക്കം അഥവാ ലിത്തോസ്ഫിയറിനു താഴെയുള്ള അസ്തെനോസ്ഫിയറിനു മുകളിൽ ഇവ തെന്നി നീങ്ങുകയാണ്. എതിർ ദിശയിൽ വരുന്ന രണ്ട് ഫലകങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോഴാണ് ഭൂചലനം സംഭവിക്കുന്നത്. ഇത്തരത്തിലുള്ള മൂന്ന് ഫലകങ്ങൾക്ക് അതിർത്തി തീർക്കുന്ന ഏറ്റവും അപകടകരമായ ഒരു സ്ഥലത്താണ് തുർക്കി സ്ഥിതിചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ഭൂചലനങ്ങൾ കൂടുതലായി ഉണ്ടാകുന്നു.
മൂന്ന് വലിയ ഫലകങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അനറ്റോലിയൻ ഫലകത്തിലാണ് തുർക്കി സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് യൂറേഷ്യൻ ഫലകം, തെക്ക് ഭാഗത്ത് ആഫ്രിക്കൻ ഫലകം പിന്നെ കിഴക്ക് ഭാഗത്ത് അറേബ്യൻ ഫലകം എന്നിവയാണ് ഇവ. കിഴക്കൻ അനറ്റോലിയ, വടക്കൻ അനറ്റോലിയ എന്നിങ്ങനെ രണ്ട് അപകട മേഖലകളാണ് ഇവിടെയുള്ളത്. ഇന്നലെ കിഴക്കൻ അനറ്റോലിയയിലായിരുന്നു ഭൂചലനം നടന്നത്.
മറുനാടന് മലയാളി ബ്യൂറോ