- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വലിച്ചെടുത്തവരിൽ ഘാനയുടെ സൂപ്പർസ്റ്റാർ ഫുട്ബോൾ താരവും; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഹോട്ട്സ്റ്റാറായ ക്രിസ്റ്റ്യൻ ആറ്റ്സുവിന്റെ കാലിന് പരിക്കേറ്റു; നിരവധി പ്രമുഖരേയും ഭൂചലനം തട്ടിയെടുത്തതായി റിപ്പോർട്ടുകൾ
തുർക്കിയിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തിയ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു ഇപ്പോൾ ആശുപത്രിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെൽസിയ, ന്യുകാസിൽ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ടർക്കിഷ് ക്ലബ്ബായ ഹയാത്സ്പോറിനു വേണ്ടി കളിക്കുന്ന ഈ ഘാനാ താരം താമസിച്ചിരുന്ന വീടും ഭൂചലനത്തിൽ തകർന്നടിഞ്ഞു. കാലിനേറ്റ പരിക്കിനൊപ്പം ശ്വാസം മുട്ടലും താരത്തിനെ വലയ്ക്കുന്നുണ്ടെന്ന് പോർച്ചുഗീസ് സ്പോർട്സ് സൈറ്റായ എ ബോല റിപ്പോർട്ട് ചെയ്യുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഫുട്ബോൾ താരം കുടുങ്ങിക്കിടക്കുന്നതായി അദ്ദേഹത്തിന്റെ ക്ലബ്ബിന്റെ വൈസ് പ്രസിഡണ്ട് അറിയിച്ചതിനെ തുടർന്ന് താരത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. അറ്റ്സുവിനൊപ്പം സഹ കളിക്കാരായ ഒനുർ എർഗുൻ, ബുറാക് ഓക്സുസ്, സ്പോർട്ടിങ് ഡയറക്ടറായ കെരിം അലിസി എന്നിവരും ഈ കെട്ടിടത്തിനകത്ത് കുടുങ്ങി പോയിരുന്നതായി എ ബൊല റിപ്പോർട്ട് ചെയ്തിരുന്നു.
ഞായറാഴ്‌ച്ച രാത്രി ഹയത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന ഗോൾ നേടി അറ്റ്സു തന്റെ ക്ലബ്ബിനെ വിജയിപ്പിച്ചിരുന്നു. കാസിംപാസ ക്ലബ്ബിനെയായിരുന്നു ഇവർ തോൽപിച്ചത്. കാസിംപാസയിലെ കളിക്കാർ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 31 കാരനായ അറ്റ്സു 2013 ൽ ചെൽസിയയിൽ ചേർന്നു എങ്കിലും ക്ലബ്ബിനുവേണ്ടി ഒരു മത്സരം പോലും കളിച്ചട്ടില്ല. മിക്കപ്പോഴും അറ്റ്സുവിനെ എവർടൺ, ന്യു കാസിൽ പോലെയുള്ള ടീമുകൾക്ക് വിട്ടുനൽകുകയായിരുന്നു.
അതേസമയം ടർക്കിഷ് ഗോൾ കീപ്പർ അഹമ്മദ് ടർകസ്ലാനെ കാണാനില്ല എന്ന റിപ്പോർട്ട് വന്നിട്ടുണ്ട്. അഹമ്മദിനായുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഗോൾ കീപ്പർ താമസിച്ചിരുന്ന കെട്ടിടവും ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ താരം കുടുങ്ങിക്കിടക്കുന്നുണ്ടാകാം എന്നാണ് അനുമാനിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ