അങ്കാറ: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും പുറത്ത് വരുന്നത് മനസ്സിൽ അല്പമെങ്കിലും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നവരെ കണ്ണുനീർ അണിയിക്കുന്ന ദൃശ്യങ്ങൾ മാത്രമാണ്. കനത്ത കോൺക്രീറ്റ് കഷണങ്ങൾക്ക്ടയിൽ പെട്ട് ചതഞ്ഞരഞ്ഞ് മരിച്ച തന്റെ 15 വയസ്സുകാരി മകളുടെ കൈപിടിച്ചുകൊണ്ടുള്ള ഒരു പിതാവിന്റെ ചിത്രം ഹ്രുദയമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തോട് ഏറെ അടുത്തുള്ള കറമന്മരാസിൽ നിന്നുള്ളതാണ് ഈ ചിത്രം. ഒരു വലിയ കരിങ്കൽകൂനക്കുള്ളിലൂടെ നൂണ്ട് വരുനൻ മേസുത് ഹാൻസർ എന്ന വ്യക്തിയുടെതാണ് ഈ ചിത്രം. അയാളുടെ ഇടതെ കൈ നീട്ടിയിരിക്കുന്നത് മരിച്ചുപോയ തന്റെ മകളുടെ കൈകളിൽ പിടിക്കാനായിട്ടാണ്. ഒരു വലിയ കോൺക്രീറ്റ് കട്ടക്ക് കീഴിലായി ഒരു കിടക്കയിലാണ് മകൾ ഉറങ്ങിക്കിടക്കുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ ആ പതിനഞ്ചുകാരിയുടെ കൈയും ശരീരത്തിന്റെ ചെറിയൊരു ഭാഗവും മാത്രമാണ് ദൃശ്യമാകുന്നത്.

മകളുമൊത്തുള്ള നല്ല നാളുകളുടെ ചിത്രങ്ങളും ഈ പിതാവിന്റെ ഫേസ്‌ബുക്ക് പേജിൽ കാണാം. അതിലൊന്ന് ഏഴു വർഷങ്ങൾക്ക് മുൻപ് എടുത്തതാണ്. ഒരു വാട്ടർ ഫൗണ്ടനു സമീപം ചിരിച്ചുകൊങ്ങ്റ്റ് നിൽക്കുന്ന പിതാവിന്റെയും പുത്രിയുടെയും ചിത്രം, ഇപ്പോഴത്തെ ചിത്രവുമായി ഒരുമിച്ച് ചേർത്ത് വായിച്ചെടുക്കുമ്പോഴാണ് മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വം ബോദ്ധ്യമാകുന്നത്.

മറ്റൊരു ദൃശ്യത്തിൽ, അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷിക്കപ്പെട്ട ഒരു നവജാത ശിശുവിനെ കാണാം. അടുത്ത ബന്ധുക്കളെല്ലാം മരണമടഞ്ഞ ഈ കുഞ്ഞിനെ ചില അകന്ന ബന്ധുക്കളാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. മറ്റൊരു വീഡിയോ ദൃശ്യത്തിൽ, പ്രത്യേക പരിശീലനം സിദ്ധിച്ച ഒരു നായ ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തുന്ന രംഗമുണ്ട്. പേടിച്ച് കരയുന്ന കുട്ടിയെ, അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പിതാവ്, താൻ ഇവിടെ തന്നെയുണ്ട് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നത് ഏവരുടേയും കണ്ണു നിറക്കുന്നതാണ്.

നുർഗുൽ അറ്റേ എന്ന യുവതിയുടെ കദനകഥയും ഏറെ വൈറലായിരിക്കുന്നു. ഏതാനും അടി ദൂരെ മാത്രം വലിയ കോൺക്രീറ്റ് സ്ലാബുകൾക്കടോയിയിൽ പെട്ട 70 കാരിയായ അമ്മയെ രക്ഷിക്കാൻ ആകാതെ ദുഃഖിക്കുകയാണവർ. അമ്മയുടെ നിലവിളി കേൾക്കാം എന്നവർ പറയുന്നു. എന്നാൽ, താനും മറ്റുള്ളവരും എത്ര ശ്രമിച്ചിട്ടും, കെട്ടി്യൂടാവശിഷ്ടങ്ങൾക്ക് ഇടയിലൂടെ അവർക്ക് അടുത്തെത്താൻ സാധിക്കുന്നില്ല എന്ന് അവർ പറയുന്നു.

കെട്ടിടങ്ങൾക്കടിയിൽ നിന്നും ഇപ്പോഴും രക്ഷപ്പെടുത്താന അവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളികൾ ഉയരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു. എന്നാൽ, പലയിടങ്ങളിലും കുരുങ്ങിക്കിടക്കുന്നവർക്കടുത്തെത്താൻ രക്ഷാ പ്രവർത്തകർക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. അങ്ങനെ കുടുങ്ങിക്കിടക്കുന്നവരിൽ ചിലർ മെസേജുകളും മറ്റു അയച്ച് രക്ഷപ്പെടുത്താൻ അഭ്യർത്ഥിക്കുന്നുമുണ്ട്. ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവും ഇത്തരത്തിൽ കെട്ടിടത്തിനടിയിൽ കുടുങ്ങി പോയിരുന്നു. ഫുട്ബോൾ താരത്തെ രക്ഷപ്പെടുത്തിയത് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.