തിരുവനന്തപുരം: പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിന്റെ അംശം കണ്ടെത്തി. കൊല്ലത്തു നിന്നാണ് പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയത്. കരുനാഗപ്പള്ളിയിൽ അനധികൃത മിഠായി നിർമ്മാണ കേന്ദ്രത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തിയാണ് പഞ്ഞിമിഠായി നിർമ്മിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന. കരുനാഗപ്പള്ളി പുതിയകാവിലാണ്ഈ മിഠായി നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ബാംബെ മിഠായി, അല്ലെങ്കിൽ പഞ്ഞിമിഠായി എന്ന് അറിയപ്പെടുന്ന ഉത്പന്നമാണ് ഇവിടെ നിർമ്മിച്ചിരുന്നത്. 25-ലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് നിർമ്മാണം നടത്തിയിരുന്നത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തൊഴിലാളികളുടെ താമസവും. മിഠായി ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിന് തൊട്ടു സമീപത്തായി കക്കൂസിന്റെ ടാങ്ക് പൊട്ടി അതിൽ നിന്നുള്ള മലിനജലംപുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതിന് സമീപത്ത് വച്ചായിരുന്നു മിഠായിയുടെ ഉത്പാദനം.

നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പള്ളിയിലാണ് ഇത്തരത്തിൽ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവർത്തിച്ചിരുന്നത്. മിഠായി നിർമ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വിൽപനയ്ക്കായി തയാറാക്കിയിരുന്ന മിഠായികൾ പിടിച്ചെടുത്തു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ ഡെപ്യൂട്ടി കമ്മിഷണർ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മിഠായി നിർമ്മാണം നടക്കുകയായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ആയിരത്തോളം കവർ മിഠായികൾ നശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരേയും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിട ഉടമസ്ഥൻ തന്നെയാണ് മിഠായിയുടെ ഉത്പാദനം നടത്തിയിരുന്നതെന്നാണ് വിവരം. ബീച്ചുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് ഈ മിഠായി വിൽപ്പന നടത്തിയിരുന്നത്.