- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിലേക്ക് കൈപിടിച്ച് 'ഓപ്പറേഷൻ ദോസ്ത്'! തുർക്കിയിലെ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്നും ആറുവയസ്സുകാരിയെ രക്ഷിച്ച് ഇന്ത്യൻ സംഘം; അതിശൈത്യം രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി; തുർക്കിയിലും സിറിയയിലുമായി മരണം 19,300 കടന്നു; ആശങ്കയായി പകർച്ചവ്യാധിയും
ഇസ്താംബുൾ: തുടർ ഭൂചനങ്ങൾ കനത്ത നാശം വിതച്ച തുർക്കിയിൽ തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.
'ഓപ്പറേഷൻ ദോസ്ത്' എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയ പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെ സംഘം തുർക്കിയിലേക്ക് പുറപ്പെട്ടതായി എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു.
ചൊവ്വാഴ്ച തുർക്കിയിലേക്ക് തിരിച്ച രണ്ട് സംഘം ഗസ്സിയാൻടെപ് പ്രവിശ്യയിലെ നൂർദാഗിയിലും ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളായ ഉർഫയിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായി കർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എൻഡിആർഎഫ് ടീമുകൾക്ക് റേഷൻ, ടെന്റുകൾ, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവ കരുതിയതിനാൽ രണ്ടാഴ്ചയോളം അവിടെ തങ്ങാനാകും.
തുർക്കിയിലെ കൊടും തണുപ്പുള്ള കാലാവസ്ഥയിൽ പ്രവർത്തിക്കാൻ പ്രത്യേക വസ്ത്രങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ നിന്നാണ് വസ്ത്രം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് പ്രധാന തടസ്സം.
Standing with Türkiye in this natural calamity. India's @NDRFHQ is carrying out rescue and relief operations at ground zero.
- Spokesperson, Ministry of Home Affairs (@PIBHomeAffairs) February 9, 2023
Team IND-11 successfully retrieved a 6 years old girl from Nurdagi, Gaziantep today. #OperationDost pic.twitter.com/Mf2ODywxEa
അതേ സമയം ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി മരണം 19,300 കടന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും അതിശൈത്യവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാവുന്നത്. ഏകോപനത്തിൽ വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗൻ സമ്മതിച്ചിരുന്നു..
തുർക്കിയിലെ ഭൂകമ്പത്തിൽ ഇടിഞ്ഞുവീണ ആറായിരത്തിലധികം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾക്ക് ഇത് ജീവനും മരണത്തിനും ഇടയിലുള്ള അവസാന മണിക്കൂറുകളാണ്. 72 മണിക്കൂർ എന്ന പ്രതീക്ഷയുടെ ഇടവേള പിന്നിട്ടതോടെ ജീവനോടെ ഇനിയും ആളുകളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയും മങ്ങുകയാണ്. അപ്രതീക്ഷിതമായെത്തിയ ഭൂകമ്പം നാട്ടിലെ സംവിധാനങ്ങൾ പൂർണമായും തച്ചു തരിപ്പണമാക്കിയത് രക്ഷാപ്രവർത്തനത്തെ വല്ലാതെ പിന്നോട്ടടിപ്പിക്കുകയാണ്.
ഭൂകമ്പത്തിൽ ഇന്ധനവിതരണം നിലച്ചു. പ്രകൃതി വാതക പൈപ്പ് ലൈനുകൾ അടച്ചു. റോഡുകൾ പൊട്ടിപൊളിഞ്ഞതോടെ ക്രെയ്‌നും വലിയ വാഹനങ്ങൾക്കും പലയിടത്തേക്കും എത്താനാകുന്നില്ല. അടുത്ത ഒരാഴ്ച താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ദുരിതമേഖലയിൽ തുടർ ഭൂചലന മുന്നറിയിപ്പുകൾ നിലനിൽക്കെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കേണ്ടി വരുമെന്നതും വലിയ വെല്ലുവിളിയാണ്.
ടർക്കിഷ് ദുരിതാശ്വാസ അഥോറിറ്റി പുറത്തുവിട്ട പട്ടിക പ്രകാരം കാഹ്രാമാന്മറാസ്, ഗസ്സിയന്റപ്, സൻലിർഫാ, അദാനാ, അദിയാമാൻ എന്നിങ്ങനെ പത്തിലധിം പ്രവിശ്യകളിലാണ് തുടർ ഭൂചലസാധ്യത. ചികിത്സയോ ഭക്ഷണമോ, തണുപ്പിൽ നിന്ന് രക്ഷയോ കിട്ടാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
തുടർ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾ ചികിത്സ കിട്ടാതെ ദുരിതത്തിൽ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി, വമ്പൻ ഭൂചലനത്തിൽ കോൺക്രീറ്റ് കട്ടകൾക്കിടയിൽ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു. ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകൾ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയിൽ എത്തിക്കാനുള്ള മാർഗങ്ങൾ അടയുന്നു.
വൈകിയാണെങ്കിലും തുർക്കി പ്രധാനമന്ത്രി എർദോഗാൻ ഭൂകമ്പബാധിതരായ തന്റെ ജനങ്ങളെ കാണാൻ നേരിട്ടെത്തി. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നു എന്ന് സമ്മതിച്ച എർദോഗാൻ, ഇത്ര വലിയ ഒരു ദുരന്തത്തിന് നേരത്തെ തയ്യാറായിരിക്കുക എന്നത് അസാധ്യമാണ് എന്നും പ്രതികരിച്ചു. അവശ്യ സാധനങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ, ഭൂകമ്പം തെരുവിലാക്കിയവർക്കിടയിൽ കൊള്ളയും പിടിച്ചുപറിയും വരെ നടന്നേക്കാവുന്ന സാഹചര്യമാണ്.
ആഭ്യന്തരയുദ്ധം ഗതാഗതം നിശ്ചലമാക്കിയ സിറിയയിലേക്ക് രക്ഷാപ്രവർത്തകർക്കോ, ആവശ്യവസ്തുക്കൾക്കോ എത്തിപ്പെടാൻ പോലും പ്രയാസമാണ്. ആദ്യ യുഎൻ സഹായം, ഏറെ വൈകി ഇന്ന് മാത്രമാണ് സിറിയയിൽ എത്തിച്ചേർന്നിട്ടുള്ളത്. കൃത്യമായ തുടർ പരിചരണങ്ങൾ നൽകിയില്ല എങ്കിൽ രക്ഷപ്പെടുത്തിയവരിൽ പലരും മരണത്തെ അതിജീവിക്കില്ല, മരണ സംഖ്യ ഇനിയും ഏറെ വർധിച്ചേക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതൊഴിവാക്കാൻ ലോകമെമ്പാടും നിന്ന് രക്ഷാ സംവിധാനങ്ങളും, വളണ്ടിയർമാരും തുർക്കിയിലേക്കും സിറിയയിലേക്കും പ്രവഹിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ