- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ട നിലവിളി ഉയർന്നു... ഞങ്ങൾ കടലിലേക്ക് പതിക്കുവാൻ പോകുന്നു എന്ന് ഭയന്നു; തലനാരിഴക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഖത്തർ എയർവേയ്സ് ഡ്രീംലൈനറിലെ യാത്രക്കാരൻ അനുഭവം വിവരിക്കുമ്പോൾ
ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദോഹയിൽ നിന്നും കോപെൻഹേഗനിലേക്ക് പറന്നുയർന്ന ഖത്തർ എയർവെയ്സിന്റെ വിമാനം വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. പറന്നുയർന്ന് 1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി ഉയരത്തിലേക്ക് പതിക്കുകയായിരുന്നു. സെക്കന്റിൽ 50 അടി വേഗതയിൽ താഴേക്ക് പതിച്ച വിമാനം സമുദ്രത്തിൽ നിന്നും കേവലം 850 അടി ഉയരം വരെ എത്തി.
നിറയെ യാത്രക്കാരുണ്ടായിരുന്ന വിമാനത്തിനകത്തെ അപ്പോഴത്തെ അവസ്ഥ വിവരിക്കുകയാണ് അതിൽ യാത്രക്കാരനായിരുന്ന, മുൻ എയർ ട്രാഫിക് കൺട്രോളർ കൂടിയായ ലൂക്കാസ് ആൻഡേഴ്സൺ. കൂട്ട നിലവിളിയായിരുന്നു വിമാനത്തിനകത്തെന്ന് അദ്ദേഹം പറയുന്നു. ക്യാബിന് ചുറ്റുമുണ്ടായിരുന്ന എല്ലാവരും നിലവിളിക്കുകയായിരുന്നു. അതിനിടയിൽ ഒരാൾ ഛർദ്ദിക്കുകയും ചെയ്തു.
ഭാര്യയ്ക്കും പതിനൊന്നും ഒൻപതും വയസ്സുള്ള രണ്ട് മക്കൾക്കും സഹോദരിക്കും ഒപ്പമായിരുന്നു 43 കാരനായ ആൻഡേഴ്സൺ യാത്ര ചെയ്തിരുന്നത്. വിമാനം താഴേക്ക് പതിച്ചപ്പോൾ താൻ ആദ്യം ചെയ്തത്, തങ്ങൾ എത്ര ഉയരത്തിലാണെന്ന് കണ്ടെത്താനായിരുന്നു ശ്രമിച്ചത് എന്ന് ആൻഡേഴ്സൺ പറയുന്നു. പുറത്തേക്ക് നോക്കിയെങ്കിലും ഇരുട്ടായിരുന്നു. തന്റെതൊട്ടടുത്തിരുന്ന ഇളയമകൻ ആകെ ഭയന്നു വിറച്ചു. ഭയം ഉണ്ടായിരുന്നെങ്കിലും അവനു വേണ്ടി ശാന്തത അഭിനയിച്ച് താൻ ഇരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഏവിയേഷൻ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിരുന്നതിനാൽ ഡിപ്പാർച്ചർ എത്രമാത്രം ദുഷ്‌കരമായ ഒന്നാണെന്ന് തനിക്കറിയാമെന്നും ഇത്രയും ഉയരത്തിൽ നിന്നുള്ള പതനത്തിന്റെ ആഘാതം വ്യക്തമായി മനസ്സിലാകുമെന്നും ആൻഡെഴ്സൺ പറഞ്ഞു. വിമാനത്തിലാണേങ്കിൽ ഏതാണ്ട് നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. ആരംഭത്തിൽ എല്ലാം ശുഭകരമായിരുന്നു എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. വിമാനം പറക്കാൻ തുടങ്ങുമ്പോൾ പൈലറ്റ് പറഞ്ഞതും ഇതൊരു സുഖകരമായ യാത്രയായിരിക്കും എന്നായിരുന്നു.
വിമാനം കുത്തനെ പതിക്കാൻ തുടങ്ങിയപ്പോൾ യാത്രക്കാർ പലരും ഫ്ളൈറ്റ് അറ്റൻഡർമാരോട് കാര്യം അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇതാണ് അത്തരം സംഭവങ്ങളുടെ സമയത്ത് യാത്രക്കാരെ ഏറെ പരിഭ്രാന്തരാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇക്കര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഏ വി ഹെറാൾഡ് റിപ്പോർട്ട് ചെയ്തത് ഫസ്റ്റ് ഓഫീസർ ഫ്ളൈറ്റ് ഡയറക്ടറിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇല്ലാതെ മാന്വൽ ആയി വിമാനം പറപ്പിക്കുകയായിരുന്നു എന്നാണ്.
ഫസ്റ്റ് ഓഫീസർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നും അതാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ക്യാപ്റ്റൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനത്തെ നിയന്ത്രണാധീനമാക്കുകയും ആയിരുന്നു. ആറു മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി കോപ്പൻഹേഗിൽ എത്തിച്ചേരുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ