ലണ്ടൻ: തുർക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തിന്റെ ഞെട്ടലിൽ നിന്നുംഇനിയും ലോകം മുക്തമായിട്ടില്ല. അതുകൊണ്ടു തന്നെ എത്ര തീവ്രത കുറഞ്ഞ ഭൂകമ്പവും ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യരിൽ ആധിയേറ്റും. ഇന്നലെ നോർഫോക്കിൽ ഉണ്ടായ ഭൂകമ്പവും ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കാൻ അതു തന്നെയായിരുന്നു കാരണം. വടക്കൻ കടലിനടിയിലായിരുന്നു റിറ്റ്ച്ചർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഈ ചലനത്തിന്റെ പ്രഭവകേന്ദ്രം.

ഫ്രാൻസ് മിലിറ്ററി ആപ്ലിക്കേഷൻസ് വിഭാഗം പറഞ്ഞത്,ഞായറാഴ്‌ച്ച രാവിലെ 7.14 ന് സംഭവിച്ച ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബ്രിട്ടീഷ് തീരത്തു നിന്നും ഏകദേശം 56 മൈൽ മാറിയാണെന്നാണ്. ഭൗമോപരിതലത്തിൽ നിന്നും കേവലം 10 കിലോമീറ്റർ ആഴത്തിൽ മാത്രമാണ് പ്രഭവ കേന്ദ്രം എന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയാണ്. ഭൂകമ്പത്തിന്റെ സാങ്കേതിക പദാവലിയിൽ ഇതിനെ വിളിക്കുന്നത് ആഴം കുറഞ്ഞ ഭൂകമ്പം

ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ എപ്പോഴും ആഴം കൂടിയ ഭൂകമ്പങ്ങളേക്കാൾ ശക്തമായിരിക്കും. മാത്രമല്ല, കടുത്ത ദുരന്തങ്ങള്ക്കും നാശനഷ്ടങ്ങൾക്കും വഴി വെയ്ക്കുന്നതും ആഴം കുറഞ്ഞ ഭൂകമ്പങ്ങളാണ്. തുർക്കിയിലേതും ആഴം കുറഞ്ഞ ഭൂകമ്പമായിരുന്നു. എന്നാൽ, ബ്രിട്ടനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത കുറഞ്ഞതായതുകൊണ്ടാണ് ഏറെ പ്രശ്നങ്ങൾ ഇല്ലാതെ പോയത്.

മണ്ട്ലെസ്ലി, ഹാപ്പിസ്ബർഗ്, സീ പാലിങ് തുടങ്ങിയ തീരദേശ പ്രദേശങ്ങളിൽ വീടുകൾക്ക് കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ച രാവിലെ 5 മണിയോടെ എസ്സെക്സിലെ ചെംസ്ഫോർഡിലും ഭൂകമ്പ്ം അനുഭവപ്പെട്ടിരുന്നു. കേവലം 2.6 മാത്രമായിരുന്നു ഇതിന്റെ തീവ്രത.സൗത്ത് വുഡാം ഫെറേഴ്സിലെ ചില താമസക്കാർ പറഞ്ഞത് വീട് ആകെ കുലുങ്ങി എന്നാണ്. ഏതാണ്ട് ഭൂഗർഭ ട്രെയിനിൽ സഞ്ചരിക്കുന്ന ഒരു അനുഭവമായിരുന്നു എന്ന് മറ്റു ചിലർ പറഞ്ഞു.,

ബിക്ക്നാക്കിർ, റൺവെൽ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വലിയൊരു ബോംബ പൊട്ടുന്ന ഒച്ച കേട്ടതായി ഒരാൾ ട്വിറ്ററിൽ കുറിച്ചു. അപ്പോൾ രാവിലെ 5 മണി ആയതെ ഉണ്ടായിരുന്നുള്ളു എന്നും അയാൾ പറയുന്നു. ഒരു യുദ്ധം ആരംഭിച്ചെന്നാണ് കരുതിയതെന്നും ഉടനറ്റി ചാടി എഴുന്നേറ്റെന്നും അയാൾ കുറിച്ചു. ഏതായാലും തുർക്കിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ, ചെറുതെങ്കിലും ഈ ഭൂകമ്പം ആളുകളെ കുറേ നേരത്തേക്ക് മുൾമുനയിൽ നിർത്തി.