ലണ്ടൻ: അത്യന്തം പുരോഗമനപരമായ നവോത്ഥാനം വിളമ്പുമ്പോഴും ഏതൊരു സമൂഹത്തിലും ചില പുഴുക്കുത്തേറ്റ മനസ്സുകൾ ഉണ്ടാകും എന്നതിന്റെ ഉത്തമോദാഹരണമാവുകയാണ് ബ്രിട്ടനിൽ ബ്രിയന്ന ഘേ എന്ന ട്രാൻസ്ജെൻഡർ പെൺകുട്ടി കൊല ചെയ്ത സംഭവം. ഇത്രയേറെ പുരോഗമിച്ച ബ്രിട്ടൻ പോലൊരു രാജ്യത്തു പോലും ട്രാൻസ്ജൻഡറുകൾ പാർശ്വതക്കരിക്കപ്പെടുന്നു എന്ന തിരിച്ചറിവ് തീർച്ചയായും ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ്.

വാറിംടണിലെ കൾചെതിലുള്ള ലീനിയർ പാർക്കിൽ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ഇത്തരം വികല മനസ്സുകളുടെ പ്രതികാരത്തിനിരയാവുകയായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. റ്റൊരു ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ താൻ സ്‌കൂളിൽ പലതവണ അപമാനിക്കപ്പെട്ടിരുന്നു എന്ന് തുറന്നു പറഞ്ഞതിന്റെ പ്രതികാരമായിരുന്നു, ലക്ഷ്യം വെച്ചുള്ള ആ കൊലപാതകം.

ഒരു പെൺകുട്ടി കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ലീനിയർ പാർക്കിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെ എത്തുന്നത്. എന്നാൽ, വാറിങ്ടൺ ബ്രിക്ക്വുഡിലുള്ള ഈ പെൺകുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 15 വയസ്സുള്ള ഒരു ആൺകുട്ടിയേയും ഒരു പെൺകുട്ടിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ട്രാൻസ്ജെൻഡർ ആയ ബ്രിയാന്ന ടിക്ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള വ്യക്തിയായിരുന്നു. കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപ് , സ്‌കൂളിൽ നിന്നും ബഹിഷ്‌കൃതയായി എന്നൊരു തലക്കെട്ടോടെ ഒരു വീഡിയോ ബ്രിയാന്ന പോസ്റ്റ് ചെയ്തിരുന്നു. ബ്രിക്ക്വുഡ് കമ്മ്യുണിറ്റി സ്‌കൂളിലെ യൂണിഫോം ധരിച്ചുകൊണ്ട്, തന്റെ കിടപ്പുമുറിയിൽ വച്ചായിരുന്നു ആ വീഡിയോ ചിത്രീകരിച്ചത്.

ആ വീഡിയോ പുറത്തുവന്നപ്പോൾ ബ്രിയാന്നയുടെ സുഹൃത്തുക്കൾ പറഞ്ഞത് വർഷങ്ങളായി അവർ സ്‌കൂളിൽ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. ഒരു ട്രാൻസ്ജെൻഡറായി എന്ന ഒരൊറ്റ കാരണത്താൽ മറ്റു ചില വിദ്യാർത്ഥികൾ ബ്രിയാന്നയെ സംഘം ചേർന്ന് മർദ്ദിച്ചിട്ടുണ്ട് എന്നും അവരിൽ ഒരാൾ പറഞ്ഞു. സ്‌കൂൾ അദ്ധ്യാപകരും ചെഷയർ പൊലീസും അതിൽ ഇടപെടാൻ വിസമ്മതിച്ചു എന്ന ആരോപണവും ചിലർ ഉയർത്തുന്നുണ്ട്.

അതേസമയം, സ്‌കൂൾ ഹെഡ് ടീച്ചർ പറഞ്ഞത് ബ്രിയന്നയുടെ മരണവിവരം ഞെട്ടിച്ചു എന്നാണ്. ബ്രിയന്നക്ക് നീതി ലഭിക്കുന്നതിനുള്ള ഏത് ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അവർ പറയുന്നു. തീർത്തും ധീരയായ ഒരു പെൺകുട്ടിയായിരുന്നു ബ്രിയന്ന എന്ന് അവളുടെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്ന പെൺകുട്ടി, വലിയരീതിയിൽ സമൂഹ മാധ്യമങ്ങളിൽ വളർന്നു വരികയായിരുന്നു എന്നും അവർ പറഞ്ഞു.